ദോഹ: വിമാനമാർഗവും കടൽതാണ്ടിയും റോഡുവഴിയുമെല്ലാം ആരാധകപ്പട ഖത്തറിലെത്തുമ്പോൾ ലോകകപ്പിന് സാക്ഷിയാകാൻ ഒരു സംഘം ക്രൊയേഷ്യൻ ആരാധകരെത്തുന്നത് വേറിട്ട വഴിയിലൂടെ. ലോകത്തെതന്നെ ഏറ്റവും വലിയ സ്ക്വയർ റിഗ് പായക്കപ്പലായ ഗോൾഡൻ ഹൊറൈസണിലാണ് ഒരു സംഘം ക്രൊയേഷ്യൻ ഫാൻ പടയുടെ വരവ്. ലോകകപ്പ് കാലത്ത് ദോഹ തീരത്തണയുന്ന കപ്പൽ കളി കഴിയും വരെ ഇവിടെ നങ്കൂരമിടും.
സഞ്ചാരികൾക്കും സന്ദർശകർക്കുമെല്ലാം പായക്കപ്പലിനെ കാണാനും അടുത്തറിയാനുമുള്ള അവസരം കൂടിയാവും ഇതുവഴിയൊരുക്കുന്നത്. ക്രൊയേഷ്യൻ ബിസിനസ് കൗൺസിലാണ് ഇക്കാര്യം കഴിഞ്ഞദിവസം വാർത്തസമ്മേളനത്തിൽ അറിയിച്ചത്. ക്രൊയേഷ്യൻ പൈതൃകവും ടൂറിസവും പരിചയപ്പെടുത്താനുള്ള അവസരംകൂടി കണക്കിലെടുത്താണ് ആഡംബര പായക്കപ്പലിന്‍റെ വരവ്. ഒപ്പം, 2018 ലോകകപ്പ് റണ്ണേഴ്സ് അപ്പായ ദേശീയ ടീമിന് പിന്തുണ ഉറപ്പിക്കലും ലോകമെങ്ങുമുള്ള ആരാധകരുടെ ശ്രദ്ധ നേടുകയും ലക്ഷ്യമാണ്.
2019ൽ ഖത്തറിന്‍റെ ഫതഹ് അൽ ഖൈർ പായ്വഞ്ചി സംഘത്തിന്‍റെ ക്രൊയേഷ്യൻ പര്യടനത്തിനു പിന്നാലെയാണ് ലോകകപ്പിന് പായക്കപ്പലിൽ ക്രൊയേഷ്യൻ സംഘത്തെ ഖത്തറിലെത്തിക്കാനുള്ള ആശയമുദിച്ചതെന്ന് സി.ബി.സി േപ്രാജക്ട് ഡയറക്ടർ ഉമർ സസിറാഗിച് പ്രതിനിധികൾ അറിയിച്ചു. 'ഈ അവസരത്തിൽ ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിക്കും ഖത്തർ ടൂറിസത്തിനും ഹമദ് തുറമുഖം ഉദ്യോഗസ്ഥർക്കും നന്ദി അറിയിക്കുകയാണ്. ദോഹ തുറമുഖത്തെ ഹൃദയകേന്ദ്രത്തിൽതന്നെ ഞങ്ങളുടെ കപ്പലിന് ഇടം അനുവദിച്ചതിന് നന്ദി. ഖത്തറിനും ക്രൊയേഷ്യക്കുമിടയിൽ ഉഭയകക്ഷി സൗഹൃദം മെച്ചപ്പെടുത്തുന്നതിൽ പദ്ധതി നിർണായകമാവും' -അദ്ദേഹം പറഞ്ഞു.
1913ൽ നിർമിച്ച ഫ്രാൻസ് രണ്ട് എന്ന അഞ്ച് പായ്മരത്തിലെ ചരിത്രപ്രധാന കപ്പലിന്‍റെ മാതൃകയിലാണ് ഗോൾഡൻ ഹൊറൈസൺ പണികഴിപ്പിച്ചത്. ഫ്രാൻസ് രണ്ടിന്‍റെ മാതൃകകൾക്കൊപ്പം പുതിയ പരിഷ്കാരങ്ങൾ കൂടി ചേർത്താണ് നിർമാണം. 162 മീറ്റർ നീളവും 18.5 മീറ്റർ വീതിയുമുള്ള പായ് കപ്പലിന്, അഞ്ച് പായ്മരങ്ങളാണ് ആകർഷകം. ഇവയിലാണ് 36 ഓളം കപ്പൽപായും വലിച്ചുകെട്ടി സഞ്ചാരം. 6347 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കപ്പലിനെ ലോകത്തെ ആഡംബര പായക്കപ്പലായാണ് വിശേഷിപ്പിക്കുന്നത്. വിവിധ പാക്കേജുകളിലേക്ക് ഗോൾഡൻ ഹൊറൈസൺ വെബ്സൈറ്റ് വഴി ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.