കോടികൾ ചെലവിട്ട് നിരവധി പ്രമുഖ താരങ്ങൾ പലരെയും എത്തിച്ചിട്ടും കരപിടിക്കാനാവാതെ താഴോട്ടുപതിക്കുന്ന ചെൽസിയിൽ കോച്ച് പുറത്ത്. ഏഴു മാസം മാത്രം പൂർത്തിയാകുന്നതിനിടെയാണ് പരിശീലകൻ ഗ്രഹാം പോട്ടർക്ക് പണി പോയത്. ശനിയാഴ്ച ആസ്റ്റൺ വില്ലയോട് എതിരില്ലാത്ത രണ്ടു ഗോളിന് ടീം തോറ്റിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ചുമതലയേറ്റ ശേഷം 11ാം തോൽവിയാണിത്. പ്രിമിയർ ലീഗിൽ 11ാം സ്ഥാനത്തുള്ള ടീം തരം താഴ്ത്തൽ ഭീഷണിയിലല്ലെങ്കിലും ആദ്യ നാലിൽ തിരിച്ചെത്തുന്നതടക്കം സാധ്യമല്ലാതായി മാറിയതിനു പിന്നാലെയാണ് പറഞ്ഞുവിടൽ. ഇടക്കാല കോച്ചായി പോട്ടർക്കൊപ്പം ബ്രൈറ്റണിലുണ്ടായിരുന്ന ബ്രൂണോ സാൾട്ടറെ നിയമിച്ചിട്ടുണ്ട്.
പ്രിമിയർ ലീഗിൽ 13 കോച്ചുമാരെയാണ് ഈ സീസണിൽ പുറത്താക്കിയത്. മുമ്പ് ഏതുസീസണിലുമുള്ളതിനെക്കാൾ മൂന്നെണ്ണം കൂടുതൽ.
ചൊവ്വാഴ്ച ടീം ലിവർപൂളിനെതിരെ കളിക്കാനിരിക്കുകയാണ്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ റയൽ മഡ്രിഡിനെതിരെയും മത്സരമുണ്ട്. അതിന് മുമ്പ് പരിശീലകനെ മാറ്റി ടീമിന് പുത്തൻ ഊർജം നൽകുകയാണ് ലക്ഷ്യം. പ്രിമിയർ ലീഗിൽ ചെൽസിക്ക് 10 കളികൾ ബാക്കിയുണ്ട്. മുൻ സ്പാനിഷ് താരമായ ബ്രൂണോ ഏഴു വർഷം ബ്രൈറ്റണു വേണ്ടി ബൂട്ടുകെട്ടിയിട്ടുണ്ട്. 2019ൽ വിരമിച്ച ശേഷമായിരുന്നു കോച്ചിന്റെ കുപ്പായമിട്ടത്.
തോമസ് ടുഷലിന്റെ പിൻഗാമിയായി സെപ്റ്റംബറിൽ ചെൽസി പരിശീലകക്കുപ്പായമണിഞ്ഞ പോട്ടർക്കുകീഴിൽ ടീം മൊത്തം കളിച്ചത് 31 മത്സരങ്ങൾ. അതേ സമയം, ടീമിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തകൃതിയാക്കിയ ചെൽസി മാനേജ്മെന്റ് പുതിയ പരിശീലകനായി ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. പിൻഗാമിയായി മുൻ റയൽ പരിശീലകൻ സിനദിൻ സിദാൻ, ബയേൺ മുൻ കോച്ച് നേഗൽസ്മാൻ തുടങ്ങിയവരെ പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.