മഞ്ചേരി: 37 വർഷത്തിന് ശേഷം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിന് യോഗ്യത നേടിയ ഗുജറാത്ത് ടീം മഞ്ചേരിയിലെത്തി. മലയാളിക്കരുത്തുമായി കപ്പെടുത്ത് മടങ്ങാനാണ് നായകൻ ബ്രജേഷ് കുമാർ യാദവിന്‍റെ നേതൃത്വത്തിലുള്ള ടീം മലപ്പുറത്തിന്‍റെ മണ്ണിലെത്തിയത്. സന്തോഷ് ട്രോഫി സംഘാടകസമിതിയുടെ നേതൃത്വത്തിൽ നഗരസഭ വൈസ് ചെയർപേഴ്സൻ അഡ്വ. ബീന ജോസഫ് കോച്ച് മാർസലിഞ്ഞോ പെരേരക്ക് ബൊക്ക നൽകി ടീമംഗങ്ങളെ സ്വീകരിച്ചു.
ഇന്ത്യൻ മാളിലാണ് ടീമിന് താമസം ഒരുക്കിയത്. ഇവിടെ കേരളം, ബംഗാൾ, പഞ്ചാബ് എന്നിവരും കൂട്ടായുണ്ടാകും. ഗുജറാത്തിന് പുറമെ സർവിസസ്, കർണാടക ടീമും വ്യാഴാഴ്ച എത്തി. കേരളത്തിൽ നിന്നുള്ള നാല് പേർ ഗുജറാത്തിനായി കളിക്കുന്നുണ്ട്. ഗോൾ കീപ്പർ മലപ്പുറം എടക്കര സ്വദേശി ഇ. അജ്മൽ, പ്രതിരോധനിര താരങ്ങളായ പാലക്കാട് സ്വദേശി സിദ്ധാർഥ് നായർ, കോതമംഗലം സ്വദേശി മുഹമ്മദ് സാഗർ അലി, ചങ്ങനാശ്ശേരി സ്വദേശി ഡറിൻ ജോബ് എന്നിവരാണ് ഗുജറാത്തിന് വേണ്ടി ബൂട്ടു കെട്ടുന്നത്.
"തന്‍റെ ടീമംഗങ്ങളിൽ പ്രതീക്ഷയുണ്ട്. തങ്ങൾ ഇവിടെയെത്തിയത് അപ്രതീക്ഷിതമായല്ല. കഠിനാധ്വാനം കൊണ്ടാണ്. ടീമിൽ നാല് മലയാളി താരങ്ങൾ ഉള്ളതുകൊണ്ട് തന്നെ കേരളത്തിലെ ആരാധകർ തങ്ങളെ പിന്തുണക്കുമെന്നാണ് കരുതുന്നത്. ടൂർണമെന്‍റിൽ മികച്ച പ്രകടനം തന്നെ കാഴ്ചവെക്കും" -കോച്ച് മാർസലിഞ്ഞോ പെരേര 'മാധ്യമ'ത്തോട് പറഞ്ഞു.
തിരൂരങ്ങാടി: സന്തോഷ് ട്രോഫി ടൂർണമെന്‍റിൽ പങ്കെടുക്കാനെത്തിയ സർവിസസ്, മേഘാലയ ടീമുകൾക്ക് ഉജ്ജ്വല സ്വീകരണം നൽകി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ ടീമിനെ അധികൃതർ സ്വീകരിച്ചു. പ്രത്യേകം ഏർപ്പാട് ചെയ്ത വാഹനത്തിൽ താമസ സ്ഥലമായ തലപ്പാറ ലക്സോറ ഹോട്ടലിൽ എത്തിച്ചു. പി. അബ്ദുൽ ഹമീദ് എം.എൽ.എ, സ്പോർട്സ് കൗൺസിൽ പ്രതിനിധി യു. തിലകൻ എന്നിവരുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു. ലൈസൻ ഓഫിസർമാരായ ഷുക്കൂർ ഇല്ലത്ത്, സാബു എന്നിവർ കൂടെയുണ്ട്. ഇരു ടീമുകളുടെയും കൂടെ കോച്ച്, അസി. കോച്ച്, ഫിസിയോതെറപ്പിസ്റ്റ് തുടങ്ങിയവരുമുണ്ട്. നിലവിലെ സന്തോഷ് ട്രോഫി ചാമ്പ‍്യന്മാരാണ് സർവിസസ്. സൈന്യത്തിന്‍റെ ടീമായ സർവിസസിനെ സ്വീകരിക്കാൻ മലപ്പുറം സൈനിക കൂട്ടായ്മയും എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.