ലണ്ടൻ: ആഴ്സനലിെൻറ കളികാണുന്നവർക്കെല്ലാം സുപരിചിതമാണ് ഭാഗ്യചിഹ്നമായ 'ഗണ്ണർസോർസ്'. ഏഴടി ഉയരത്തിൽ പച്ചനിറത്തിലെ ദിനോസർ മാതൃകയിൽ എമിറേറ്റ്സ് സ്റ്റേഡിയത്തിലെത്തുന്ന കാണികളെ സ്വാഗതം ചെയ്തും കളിക്കാർക്ക് ആശംസ നേർന്നും വികൃതികൾ ഒപ്പിച്ചും ആഴ്സനലിെൻറ മുഖമായി കഴിഞ്ഞ 27 വർഷം 'ഗണ്ണർസോർസുണ്ട്'.
1993ൽ ഒരു പതിനൊന്നുകാരനായ പീറ്റർ ലോവൽ സൃഷ്ടിച്ച മാതൃകക്ക് ജീവൻപകർന്ന് ഗ്രൗണ്ടിലും പുറത്തുമെല്ലാം നടന്നത് ജെറി ക്വേ എന്ന മനുഷ്യനായിരുന്നു. കോവിഡ് ലോക്ഡൗണിൽ കളികളെല്ലാം മുടങ്ങുന്നതുവരെ ജെറി ക്വേ ഭാഗ്യചിഹ്നത്തിൽ പീരങ്കിപ്പടയുടെ അടയാളമായി തന്നെയുണ്ടായിരുന്നു. വിജയങ്ങളിലും കിരീട നേട്ടങ്ങളിലും കളിക്കാർക്കും ആരാധകർക്കുമൊപ്പം ആഘോഷിച്ചും, തോൽക്കുേമ്പാൾ അവരെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചും മൈതാനങ്ങളിൽ നിറഞ്ഞു. എന്നാൽ, കോവിഡ് സാമ്പത്തിക പ്രതിസന്ധിയിൽ ചെലവു കുറക്കാൻ ക്ലബ് മാനേജ്മെൻറ് പലവഴിതേടിയതിൽ ഒന്ന് 'ഗണ്ണർസോർസ്'ആയി വേഷംകെട്ടുന്ന ജെറിയെ പിരിച്ചുവിടുകയെന്നതായിരുന്നു. പ്രിയങ്കരനായ പച്ച ദിനോസറിനെ ഒഴിവാക്കുന്ന വാർത്ത കളിക്കാർക്കും ആരാധകർക്കും വേദനയായി. ക്ലബ് തീരുമാനത്തിനു പിന്നാലെ ആരാധകർ സമൂഹമാധ്യമങ്ങളിൽ തങ്ങളുടെ രോഷവും സങ്കടവും പങ്കുവെച്ചു.
ഇതോടെയാണ് സൂപ്പർതാരം മെസ്യൂത് ഒാസിൽ രംഗത്തുവരുന്നത്. ചെലവുചുരുക്കൽ നടപടിയുടെ ഭാഗമായി 'ഗണ്ണർസോർസ്' ജെറി ക്വേയെ പിരിച്ചുവിടരുതെന്ന് ട്വീറ്റ് ചെയ്ത ഒാസിൽ ജെറിക്കുള്ള ശമ്പളം താൻ വഹിക്കാമെന്ന നിർദേശവും മുന്നോട്ട് വെച്ചു. ആരാധകർ ഇത് ഏറ്റെടുത്തു. വൈകാതെ മാറി ചിന്തിച്ച ക്ലബ് മാനേജ്മെൻറ് പിരിച്ചുവിടൽ താൽകാലികം മാത്രമാണെന്നും, കോവിഡിനു ശേഷം കാണികൾ തിരികെയെത്തിയാൽ 'ഗണ്ണർസോർസും' സ്റ്റേഡിയത്തിലുണ്ടാവുമെന്നും അറിയിച്ചു. എന്നാൽ, ജെറി തന്നെ തുടരുമോയെന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.
ഒാസിലിെൻറ വാഗ്ദാനത്തെ കുറിച്ചു ക്ലബ് പ്രതികരിച്ചില്ല. അതിനിടെ, ഭാഗ്യചിഹ്നത്തെ നിലനിർത്താൻ ആരാധകർ ഫണ്ട് ശേഖരണവും ആരംഭിച്ചു. 'ഗോ ഫണ്ട് മീ' പ്ലാറ്റ്ഫോമിലൂടെ ഇതിനികം 10,000 പൗണ്ട് സമാഹരിച്ചുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.