ജിമ്മി ഗ്രീവ്സിനെ കടന്ന് ഹാരി കെയിൻ റെക്കോഡ് പുസ്തകങ്ങളിലേക്ക് ഗോളടിച്ചുകയറിയ ദിനത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ടോട്ടൻഹാം ഹോട്സ്പർ. പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്തുള്ള ഗണ്ണേഴ്സ് സമീപകാലത്തെ ആദ്യ തോൽവി വഴങ്ങിയതിനു പിറ്റേന്ന് അവരുമായി പോയിന്റ് അകലം കുറക്കാൻ ലഭിച്ച സുവർണാവസരമാണ് ഡി ബ്രുയിൻ സംഘവും നിർഭാഗ്യവും ചേർന്ന് വഴിമുടക്കിയത്. ഇപ്പോഴും ഒരു കളി കുറച്ചുകളിച്ച ആഴ്സണൽ അഞ്ചു പോയിന്റ് ലീഡ് തുടരുകയാണ്. ആഴ്സണലിന് 50ഉം സിറ്റിക്ക് 45ഉം പോയിന്റാണുള്ളത്. മാഞ്ചസ്റ്റർ യുനൈറ്റഡ്, ന്യുകാസിൽ ടീമുകളാണ് മൂന്നും നാലും സ്ഥാനങ്ങളിൽ. കരുത്തരായ ചെൽസി, ലിവർപൂൾ ടീമുകൾ തുടർ വീഴ്ചകളുമായി പോയിന്റ് പട്ടികയിൽ ഏറെ പിറകിലാണ്.
കളി തുടങ്ങി കാൽമണിക്കൂർ പിന്നിടുംമുന്നെ ടോട്ടൻഹാം നയം വ്യക്തമാക്കിയിരുന്നു. സ്വന്തം ഗോൾമുഖത്തെ അപകടമൊഴിവാക്കി സിറ്റി പ്രതിരോധ താരം ദൂരെ സഹതാരത്തിന് നൽകിയ പാസ് ഓടിപ്പിടിച്ച ഹോജ്ബെർഗ് ആയിരുന്നു ശരിക്കും ഹീറോ. കൂടെ ഓടിയ എതിർ പ്രതിരോധത്തെ സമർഥമായി മറികടന്ന് നൽകിയ മനോഹര പാസിൽ കാൽവെച്ച ഹാരി കെയിൻ ടോട്ടൻഹാമിനെ മുന്നിലെത്തിച്ചു. താരത്തിന് ക്ലബ് ജഴ്സിയിൽ ഇതോടെ 267 ഗോളായി. ഇതുവരെയും ആ റെക്കോഡ് സ്വന്തം പേരിലായിരുന്ന ജിമ്മി ഗ്രീവ്സിനെയാണ് താരം മറികടന്നത്. 18കാരനായിരിക്കെ 2011ൽ ടീമിനായി ആദ്യ ഗോളടിച്ചുതുടങ്ങിയ താരം പ്രിമിയർ ലീഗിൽ 200ാം ഗോളും കുറിച്ചു. അലൻ ഷിയറർ (260), വെയിൻ റൂണി എന്നിവരാണ് താരത്തിന് മുന്നിലുള്ളത്.
കളിയിലുടനീളം ആധിപത്യം കാട്ടിയ മാഞ്ചസ്റ്റർ സിറ്റി എതിർഗോൾമുഖത്ത് പലവട്ടം ഗോളവസരങ്ങൾ സൃഷ്ടിച്ചതാണെങ്കിലും ലക്ഷ്യം മാത്രം അകന്നുനിന്നു. റിയാദ് മെഹ്റസ് ഒരിക്കൽ അടിച്ചത് ക്രോസ്ബാറിന്റെ അടിയിൽ തട്ടി കുമ്മായവരക്കരികെവീണ് തിരിച്ചുപോന്നു. 87ാം മിനിറ്റിൽ ടോട്ടൻഹാം പ്രതിരോധനിരയിൽ ക്രിസ്റ്റ്യൻ റൊമോരോ കാർഡ് കണ്ട് പുറത്തായെങ്കിലും അവസരം മുതലാക്കാൻ സിറ്റിക്കായില്ല.
ഹോട്സ്പർ മൈതാനത്ത് അഞ്ചുകളികളിൽ പോയിന്റില്ലാതെ മടങ്ങുന്ന ടീമായി സിറ്റി. 90 മിനിറ്റും കളിച്ചിട്ടും കാര്യമായി പന്തു ലഭിക്കാതെ ഉഴറിയ എർലിങ് ഹാലൻഡ് ദുരന്തമായ ദിനംകൂടിയായിരുന്നു ഞായറാഴ്ച. താരത്തിന് കൃത്യമായി പന്തു നൽകുന്നതിൽ സഹതാരങ്ങൾ പരാജയപ്പെട്ടെന്നു മാത്രമല്ല, ഗോളവസരങ്ങൾ തുറക്കുന്നതിൽ ഹാലൻഡും വഴിമറന്നു.
മറുവശത്ത്, എന്നെത്തേയും പോലെ പതിവു ഫോമിലായിരുന്നു ടോട്ടൻഹാമിന്റെ സ്വന്തം കെയിൻ. ഗോൾ കുറിക്കുന്ന നിമിഷം ഉയർത്താൻ കരുതി ഗാലറിയിലെത്തിച്ച ഹാരി കെയിൻ ബാനർ അതിവേഗം ഉയർത്താൻ അവസരം നൽകി താരം പതിവു ശൈലിയിൽ ഗോൾ നേടിയത് 15ാം മിനിറ്റിൽ. ടീം ജഴ്സിയിൽ 416ാം മത്സരത്തിലാണ് താരത്തിന്റെ 267ാം ഗോൾ പിറക്കുന്നത്. ഗ്രീവ്സ് പക്ഷേ, 266 ലെത്തിയിരുന്നത് 379 കളികളിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.