ബെർലിൻ: ഇംഗ്ലീഷ് സൂപ്പർ താരം ഹാരി കെയ്ൻ ക്ലബ് കരിയറിലെ 300ാം ഗോൾ കണ്ടെത്തിയ മത്സരത്തിൽ ബയേൺ മ്യൂണിക്കിന് സമനില. ബുണ്ടസ് ലീഗയിൽ ബയേർ ലവർകുസനാണ് ചാമ്പ്യന്മാരെ 2-2ന് സമനിലയിൽ തളച്ചത്.
ഏഴാം മിനിറ്റിൽ തന്നെ കെയ്നിന്റെ ഗോളിൽ ബയേൺ മുന്നിലെത്തിയിരുന്നു. ലീഗിൽ കെയ്ൻ തുടർച്ചയായ നാലാം മത്സരത്തിലാണ് ഗോൾ നേടുന്നത്. ഇതോടെ ആദ്യ നാല് ബുണ്ടസ് ലീഗ മത്സരങ്ങളിലും ഗോൾ നേടിയ മിറാസ്ലേവ് ക്ലോസെയുടെ റെക്കോഡിനൊപ്പം എത്താനും കെയ്നിനായി. ക്ലബ് കരിയറിൽ താരം നേടിയ 280 ഗോളുകളും ടോട്ടൻഹാമിന് വേണ്ടിയായിരുന്നു. ഒമ്പതെണ്ണം മിൽവാളിനും അഞ്ചെണ്ണം ലീട്ടൺ ഓറിയന്റിനും നാലെണ്ണം ബയേണിനും രണ്ടെണ്ണം ലെസസ്റ്ററിനും വേണ്ടിയായിരുന്നു.
കെയ്നിന്റെ ഗോളിൽ മുന്നിലെത്തിയ ബയേണിനെതിരെ 24ാം മിനിറ്റിൽ ഗ്രിമാൾഡോയിലൂടെ ലെവർകുസൻ സമനില ഗോൾ നേടി. കളി തീരാൻ നാല് മിനിറ്റ് ശേഷിക്കെ ഗോരട്സ്ക ബയേണിന് വീണ്ടും ലീഡ് നൽകി. ബയേൺ വിജയമുറപ്പിച്ചു നിൽക്കെ ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി പലാസിയോ ലക്ഷ്യത്തിലെത്തിച്ചതോടെ ലെവർകുസൻ വിലപ്പെട്ട സമനില പിടിക്കുകയായിരുന്നു.
ലീഗിൽ നാല് മത്സരങ്ങൾ വീതം പൂർത്തിയാക്കിയ ബയേണിനും ലെവർകുസനും 10 പോയന്റ് വീതമാണെങ്കിലും ഗോൾ ശരാശരിയിൽ ലെവർകുസൻ ഒന്നാമതും ബയേൺ രണ്ടാമതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.