ബുണ്ടസ് ലീഗയിൽ വിജയകുതിപ്പ് തുടർന്ന് ബയേൺ മ്യൂണിക്ക്. വോള്‍സ്ബര്‍ഗിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് (2-1) ബയേണിന്റെ ജയം. സ്റ്റാർ സ്ട്രൈക്കർ ഹാരി കെയ്നും ജമാല്‍ മുസിയാലയുമാണ് ബയേണിനായി ഗോൾ കണ്ടെത്തിയത്. മാക്‌സിമിലിയന്‍ അര്‍നോള്‍ഡാണ് വോള്‍സ്ബര്‍ഗിനായി ആശ്വാസ ഗോൾ കണ്ടെത്തിയത്.
അതേസമയം, ബുണ്ടസ്‌ലീഗയിൽ തകർപ്പൻ പ്രകടനം തുടരുന്ന ഹാരി കെയ്നിന് മുന്നിൽ ഒരുപിടി റെക്കോർഡുകളാണ് വഴിമാറുന്നത്. ഇന്നത്തെ മത്സരത്തിലെ ഗോൾ നേട്ടത്തോടെ ഈ വർഷം ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡിനൊപ്പമെത്തി.
52 ഗോളുകൾ നേടി പി.എസ്.ജിയുടെ സ്റ്റാർ സ്ട്രൈക്കർ കിലിയൻ എംബാപ്പെക്കൊപ്പം ഒന്നാമതാണ് ഹാരികെയ്ൻ. 50 ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയും എർലിങ് ഹാലൻഡുമാണ് തൊട്ടുപിറകിൽ. അതേസമയം, ഈ വർഷം ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമാകാൻ എംബാപ്പെക്കോ ഹാരി കെയ്നിനോ സാധിച്ചെന്ന് വരില്ല. രണ്ടു പേർക്കും ഈ വർഷം ഒരു മത്സരംപോലും ബാക്കിയില്ല. എന്നാൽ, രണ്ടാം സ്ഥാനത്തുള്ള ക്രിസ്റ്റ്യാനോക്കും ഹാലൻഡിനും ഇനിയും രണ്ടിൽ കൂടുതൽ മത്സരങ്ങൾ ബാക്കിയുള്ളതിനാൽ മറികടക്കുക എളുപ്പമായിരിക്കും.
അതേസമയം, യൂറോപ്പ്യന്‍ ക്ലബ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയവരുടെ പട്ടികയിൽ ഹാരി കെയ്ൻ ഒന്നാമതായി തുടരുന്നു. 22 മത്സരങ്ങളില്‍ നിന്നും 25 ഗോളുകളാണ് ഹാരി നേടിയത്. തുടര്‍ച്ചയായ എട്ട് സീസണുകളിലും 25 കൂടുതൽ ഗോളുകൾ നേടാനും ഹാരികെയിനിനായി. ബയേണ്‍ മ്യൂണിക്കിനായി ഏറ്റവും വേഗത്തില്‍ 20 ബുണ്ടസ്‌ലീഗ ഗോളുകള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടം കഴിഞ്ഞ മത്സരത്തിലാണ് ഹാരി കെയ്ൻ സ്വന്തമാക്കുന്നത്. 14 ബുണ്ടസ് ലീഗ മത്സരങ്ങളില്‍ നിന്നുമാണ് കെയ്ന്‍ 20 ഗോളുകള്‍ നേടിയത്.
ബുണ്ടസ് ലീഗയിലെ മറ്റൊരു മത്സരത്തിൽ ലെവർകുസൻ എതിരില്ലാത്ത നാല് ഗോളിന് വി.എഫ്.എൽ ബോച്ചമിനെ തകർത്തു. സ്റ്റുഗാർട്ട് മൂന്ന് ഗോളിന് (3-0) ഓഗ്സ്ബർഗിനെ തകർത്തു.
15 മത്സരങ്ങളിൽ നിന്ന് 38 പോയിന്റുമായ ബുണ്ടസ് ലീഗ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ബയേൺ മ്യൂണിക്ക്. 42 പോയിന്റുള്ള ലെവർകുസനാണ് ഒന്നാമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.