ലണ്ടൻ: യൂറോ കപ്പ് യോഗ്യത പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിയെ നിലംപരിശാക്കി ഇംഗ്ലണ്ട്. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ അരങ്ങേറിയ മത്സരത്തിൽ അസൂറിപ്പടയെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് തോൽപിച്ചത്. ഇതോടെ ഇംഗ്ലീഷുകാർ യൂറോകപ്പിന് യോഗ്യതയും ഉറപ്പിച്ചു. ഹാരി കെയ്ൻ ഇരട്ട ഗോൾ നേടിയപ്പോൾ അവശേഷിച്ച ഗോൾ റാഷ്ഫോഡിന്റെ വകയായിരുന്നു. ജിയാൻലൂക സ്കമാക്കയാണ് ഇറ്റലിയുടെ ആശ്വാസ ഗോൾ നേടിയത്.
15ാം മിനിറ്റിൽ ഇറ്റലിയാണ് സ്കോർ ബോർഡ് തുറന്നത്. ഡി ലൊറേൻസൊ നൽകിയ മനോഹര ക്രോസ് സ്കമാക്ക വലയിലേക്ക് തട്ടിയിടുകയായിരുന്നു. 28ാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ മറുപടിയെത്തി. യുവതാരം ജൂഡ് ബെല്ലിങ്ഹാമിനെ ബോക്സിൽ വീഴ്ത്തിയപ്പോൾ പെനാൽറ്റിയിലേക്ക് വിസിലൂതാൻ റഫറിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. കിക്കെടുത്ത കെയ്ൻ ഇറ്റാലിയൻ ഗോൾകീപ്പർ ഡോണറുമ്മക്ക് അവസരമൊന്നും നൽകാതെ പന്ത് ലക്ഷ്യത്തിലെത്തിച്ചു. സ്കോർ: 1-1.
35ാം മിനിറ്റിൽ ഇറ്റലിക്ക് ലീഡ് നേടാൻ സുവർണാവസരമൊത്തെങ്കിലും ഇംഗ്ലീഷ് പ്രതിരോധത്തിൽ തട്ടിത്തെറിച്ചു. 44ാം മിനിറ്റിൽ ഹാരി കെയ്ൻ നൽകിയ മനോഹര പാസ് റാഷ്ഫോഡ് പോസ്റ്റിലേക്ക് വഴിതിരിച്ചുവിട്ടെങ്കിലും ഡോണറുമ്മ തട്ടിത്തെറിപ്പിച്ചു. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ ഇറ്റാലിയൻ താരം ഉഡോഗിയുടെ ഷോട്ട് ഇംഗ്ലീഷ് ഗോൾകീപ്പറും തടഞ്ഞിട്ടു. റീബൗണ്ടിലും ഗോളടിക്കാൻ അവസരം ലഭിച്ചെങ്കിലും ഇംഗ്ലീഷ് പ്രതിരോധം വഴങ്ങിയില്ല.
57ാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ രണ്ടാം ഗോളെത്തി. ഒരു കൗണ്ടർ അറ്റാക്കിൽനിന്നായിരുന്നു ഗോളിന്റെ പിറവി. പന്ത് പിടിച്ചെടുത്ത ബെല്ലിങ്ഹാം ഒറ്റക്ക് മുന്നേറുകയും ഇടതു വിങ്ങിൽ റാഷ്ഫോഡിന് കൈമാറുകയും ചെയ്തു. നാല് ഇറ്റാലിയൻ പ്രതിരോധ നിരക്കാരെ കബളിപ്പിച്ച് റാഷ്ഫോഡ് പന്ത് മനോഹരമായി വലയിലെത്തിച്ചു. 67ാം മിനിറ്റിൽ ഇംഗ്ലീഷ് താരം ഫിൽ ഫോഡന്റെ ഷോട്ട് ഇറ്റാലിയൻ ഗോൾകീപ്പർ തടഞ്ഞിട്ടു. 77ാം മിനിറ്റിൽ ഹാരി കെയ്നിന്റെ രണ്ടാം ഗോളും ഇംഗ്ലണ്ടിന്റെ മൂന്നാം ഗോളുമെത്തി. പ്രതിരോധത്തിൽനിന്ന് ലഭിച്ച ലോങ്ബാൾ ഓടിയെടുത്ത് ഒറ്റക്ക് മുന്നേറിയ കെയ്നിന്റെ ഷോട്ട് ഡോണറുമ്മയെ കീഴടക്കിയതോടെ ഇംഗ്ലണ്ട് വിജയമുറപ്പിച്ചു.
ജയത്തോടെ ഗ്രൂപ്പ് ‘സി’യിൽ ആറ് മത്സരങ്ങൾ പൂർത്തിയാക്കിയ ഇംഗ്ലണ്ടിന് 16 പോയന്റായി. രണ്ടാം സ്ഥാനത്തുള്ള യുക്രെയ്ന് ഏഴ് മത്സരങ്ങളിൽ 13 പോയന്റുണ്ട്. ആറ് മത്സരങ്ങളിൽ 10 പോയന്റുള്ള ഇറ്റലി മൂന്നാമതാണ്.
മറ്റു മത്സരങ്ങളിൽ സെർബിയ 3-1ന് മോണ്ടിനെഗ്രോയേയും യുക്രെയ്ൻ ഇതേ സ്കോറിന് മാൾട്ടയെയും ഡെന്മാർക്ക് 2-1ന് സാൻമരിനൊയേയും സ്ലോവേനിയ എതിരില്ലാത്ത ഒരു ഗോളിന് വടക്കൻ അയർലൻഡിനെയും തോൽപിച്ചു. ഹംഗറി-ലിത്വാനിയ മത്സരം 2-2ന് സമനിലയിൽ പിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.