ജകാർത്ത: സീനിയർ ടീമുകളുടെ ‘ഏറ്റുമുട്ടലി’ന് പിന്നാലെ അണ്ടർ 17 ലോകകപ്പിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ ബ്രസീലിനെ നാണംകെടുത്തി അർജന്റീന സെമിയിൽ. ഇന്തൊനേഷ്യയിലെ ജകാർത്തയിൽ നടന്ന ക്വാർട്ടർ ഫൈനലിൽ ക്യാപ്റ്റൻ ക്ലോഡിയോ എചവേരി നേടിയ ഹാട്രിക്കാണ് അർജന്റീനക്ക് എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയം സമ്മാനിച്ചത്. സെമിയിൽ ജർമനിയാണ് അർജന്റീനയുടെ എതിരാളികൾ.
ആറാം മിനിറ്റിൽ ബ്രസീലിനാണ് ആദ്യ സുവർണാവസരം ലഭിച്ചത്. എന്നാൽ, എസ്തവാവോയുടെ ഷോട്ട് പോസ്റ്റിനോട് ചാരി പുറത്തേക്ക് പോയി. രണ്ട് മിനിറ്റിനകം അർജന്റീനക്കും മികച്ച അവസരം ലഭിച്ചെങ്കിലും വാലന്റിനൊ അക്യൂനയുടെ ശ്രമം ബ്രസീൽ പ്രതിരോധതാരം തടഞ്ഞിട്ടു. 14ാം മിനിറ്റിൽ ബ്രസീൽ ഗോളടിച്ചെന്ന് തോന്നിച്ചെങ്കിലും റയാന്റെ ഷോട്ട് പതിച്ചത് സൈഡ് നെറ്റിലായിരുന്നു. അഞ്ച് മിനിറ്റിനകം അർജന്റീനയുടെ പ്രത്യാക്രമണവും ഗോളിനടുത്തെത്തി. ഗോളിയെയും വെട്ടിച്ച് അർജന്റീന താരം അഗസ്റ്റിൻ മുന്നേറി എച്ചവേരിക്ക് പാസ് നൽകിയെങ്കിലും ബ്രസീൽ പ്രതിരോധ താരങ്ങൾ അപകടമൊഴിവാക്കി. ഇതിനിടെ ബോക്സിന് തൊട്ടരികെനിന്ന് അർജന്റീനക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും ഷോട്ട് പോസ്റ്റിനോട് ചേർന്ന് പുറത്തുപോയി. തുടർന്ന് അർജന്റീന നടത്തിയ നിരന്തര ആക്രമണം ബ്രസീൽ ഗോളിയും പ്രതിരോധ താരങ്ങളും ചേർന്ന് രക്ഷപ്പെടുത്തി. 25ാം മിനിറ്റിൽ ഗോളി മാത്രം മുന്നിൽനിൽക്കെ ബ്രസീൽ താരം എസ്തവാവോക്ക് ലഭിച്ച സുവർണാവസരം താരം പുറത്തേക്കടിച്ചു. അടുത്ത മിനിറ്റിൽ വീണ്ടും ബ്രസീൽ ആക്രമിച്ചുകയറിയെങ്കിലും ഡുഡുവിന്റെ ഷോട്ട് അർജന്റീന ഗോൾകീപ്പർ തട്ടിത്തെറിപ്പിച്ചു.
27ാം മിനിറ്റിലാണ് ആദ്യഗോൾ പിറന്നത്. ഡെയ്‍ലാൻ ഗൊറോസിറ്റൊ നൽകിയ പന്ത് പിടിച്ചെടുത്ത് ഒറ്റക്ക് മുന്നേറിയ ക്ലോഡിയോ എചവേരി പ്രതിരോധ താരത്തെ വെട്ടിച്ച് പോസ്റ്റിലേക്ക് ഷോട്ടുതിർത്തപ്പോൾ മറ്റൊരു ബ്രസീൽ താരത്തിന്റെ കാലിൽ തട്ടി പന്ത് വലയിൽ കയറുകയായിരുന്നു. 38, 43 മിനിറ്റുകളിൽ ബ്രസീലിന് മികച്ച അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. രണ്ടാം പകുതിയുടെ തുടക്കത്തിലും അവർ അവസരങ്ങൾ തുറന്നെങ്കിലും ലക്ഷ്യത്തിലെത്തിയില്ല.
ഇതിനിടെ 57ാം മിനിറ്റിൽ രണ്ടാം ഗോൾ പിറന്നു. ഇത്തവണയും ഗോൾ ക്യാപ്റ്റന്റെ വകയായിരുന്നു. വലന്റിനൊ അക്യൂന നൽകിയ പാസ് സ്വീകരിച്ച എചവേരി രണ്ട് ബ്രസീൽ താരങ്ങളെ വെട്ടിച്ച് കടന്ന ശേഷം ഗോളിയെയും കബളിപ്പിച്ച് വലയിലെത്തിക്കുകയിരുന്നു. 64ാം മിനിറ്റിൽ ബ്രസീൽ ഗോൾമുഖത്ത് അർജന്റീനയുടെ കൂട്ടപ്പൊരിച്ചിലിൽ മൂന്ന് ഗോൾ ശ്രമങ്ങളാണ് പാഴായത്.
70ാം മിനിറ്റിൽ എച്ചവേരിയുടെ ഹാട്രിക് ഗോളെത്തി. അഗസ്റ്റിൻ റൂബെർട്ടോ നൽകിയ മനോഹര പാസ് കാലിലെടുത്ത് കുതിച്ച എച്ചവേരി പന്ത് അനായാസം വലയിലെത്തിക്കുകയായിരുന്നു. മൂന്ന് ഗോൾ ലീഡായതോടെ വൈകാതെ എചവേരിയെ കോച്ച് പിൻവലിച്ചു. മൂന്ന് ഗോൾ വീണിട്ടും പന്ത് അവസാനം വരെ ഇരു ഗോൾമുഖത്തും കയറിയിറങ്ങി. എന്നാൽ, തിരിച്ചടിക്കാനുള്ള ബ്രസീൽ ശ്രമങ്ങളൊന്നും വിജയം കണ്ടില്ല. ഹാട്രിക്കോടെ എചവേരി സഹതാരം അഗസ്റ്റിൻ റോബർട്ടോക്കൊപ്പം അഞ്ച് ഗോളുമായി ടൂർണമെന്റിൽ ടോപ്സ്കോറർ സ്ഥാനത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.