പാരിസ്: സൂപ്പർ താരം കിലിയൻ എംബാപ്പെ ഹാട്രിക്കുമായും അസിസ്റ്റുമായും കളംനിറഞ്ഞ മത്സരത്തിൽ വമ്പൻ ജയം കുറിച്ച് പാരിസ് സെന്റ് ജെർമെയ്ൻ (പി.എസ്.ജി). ഫ്രഞ്ച് ലീഗിൽ മോണ്ട്പെല്ലിയറിനെ രണ്ടിനെതിരെ ആറ് ഗോളിനാണ് പാരിസുകാർ തകർത്തുവിട്ടത്. വിറ്റിഞ്ഞ, ലീ കാങ് ഇൻ, നൂനോ മെൻഡസ് എന്നിവരാണ് ശേഷിച്ച ഗോളുകൾ നേടിയത്. മോണ്ട്പെല്ലിയറിനായി ആർനോഡ് നോർഡിൻ, ടെഡി സവാനിയർ എന്നിവരാണ് ലക്ഷ്യം കണ്ടത്.
14ാം മിനിറ്റിൽ എംബാപ്പെയുടെ അസിസ്റ്റിൽ പോർച്ചുഗീസ് മിഡ്ഫീൽഡർ വിറ്റിഞ്ഞയാണ് പി.എസ്.ജിയുടെ ഗോൾവേട്ടക്ക് തുടക്കമിട്ടത്. 22ാം മിനിറ്റിൽ എംബാപ്പെ ലീഡ് ഇരട്ടിയാക്കി. കോളോ മുവാനി നൽകിയ പന്ത് ഇടങ്കാലൻ ഷോട്ടിലൂടെ വലയിലാക്കുകയായിരുന്നു. വൈകാതെ മോണ്ട്പെല്ലിയർ ഒരു ഗോൾ തിരിച്ചടിച്ചു. ഇടതുവിങ്ങിൽനിന്നെത്തിയ പന്ത് ആർനോഡ് നോർഡിൻ ഹെഡറിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. വൈകാതെ സമനില ഗോളിന് അവസരമൊത്തെങ്കിലും പി.എസ്.ജി പ്രതിരോധതാരം സാനിയോ പെരേരയുടെ ഗോൾലൈൻ സേവ് തിരിച്ചടിയായി. എന്നാൽ, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് ക്യാപ്റ്റൻ സവാനീർ അവരെ ഒപ്പമെത്തിച്ചു.
രണ്ടാം പകുതി തുടങ്ങി അഞ്ച് മിനിറ്റിനകം എംബാപ്പെ പി.എസ്.ജിയെ വീണ്ടും മുന്നിലെത്തിച്ചു. ബാർകോള കൈമാറിയ പന്തിൽ തകർപ്പൻ ഷോട്ടുതിർത്തപ്പോൾ ക്രോസ് ബാറിൽ തട്ടി വലയിൽ പതിക്കുകയായിരുന്നു. ഈ ഗോളിന്റെ ആവേശമടങ്ങും മുമ്പ് അടുത്തതുമെത്തി. കോളോ മുവാനി തട്ടിനൽകിയ പന്ത് ലീ കാങ് ഇൻ ഉശിരൻ ഇടങ്കാലൻ ഷോട്ടിലൂടെ ഫിനിഷ് ചെയ്യുകയായിരുന്നു. പത്ത് മിനിറ്റിനകം എംബാപ്പെയുടെ ഹാട്രിക്കിൽ പി.എസ്.ജി ലീഡ് മൂന്നായി ഉയർത്തി. വിറ്റിഞ്ഞ ഉയർത്തി നൽകിയ പന്ത് ബോക്സിലേക്ക് ഓടിയെടുത്ത എംബാപ്പെ എതിർഗോൾകീപ്പർക്ക് അവസരമൊന്നും നൽകാതെ വലക്കുള്ളിലാക്കുകയായിരുന്നു. ഹാട്രിക്കോടെ ലീഗിൽ എംബാപ്പെയുടെ ഗോൾ സമ്പാദ്യം 24 ആയി. നിശ്ചിത സമയം അവസാനിക്കാൻ ഒരു മിനിറ്റ് ശേഷിക്കെ വിറ്റിഞ്ഞയുടെ തന്നെ അസിസ്റ്റിൽ നൂനോ മെൻഡസ് പി.എസ്.ജിയുടെ പട്ടിക പൂർത്തിയാക്കി.
26 മത്സരങ്ങൾ പിന്നിടുമ്പോൾ 59 പോയന്റുമായി ഒന്നാമതാണ് പി.എസ്.ജി. രണ്ടാം സ്ഥാനത്തുള്ള ബ്രെസ്റ്റിനേക്കാൾ 12 പോയന്റ് ലീഡുണ്ട് നിലവിലെ ചാമ്പ്യന്മാർക്ക്. മൂന്നാമതുള്ള മൊണാകൊക്ക് 46 പോയന്റാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.