സ്റ്റട്ട്ഗർട്ട്: യൂറോ കപ്പിൽ കഴിഞ്ഞ ദിവസം നടന്ന ഹംഗറി-സ്കോട്ട്ലൻഡ് മത്സരം ഫുട്ബാൾ ആരാധകരെ മുഴുവൻ ആശങ്കയിലാക്കുന്ന നിമിഷങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. 69ാം മിനിറ്റിൽ ഹംഗറിക്കനുകൂലമായി ലഭിച്ച ഫ്രീകിക്ക് ഡൊമിനിക് സൊബോസ്‍ലായി പെനാൽറ്റി ബോക്സിലേക്ക് അടിച്ചിടുമ്പോൾ ഹെഡ് ചെയ്യാനുള്ള ശ്രമത്തിനിടെ സ്കോട്ടിഷ് ഗോൾകീപ്പർ ആൻഗസ് ഗണ്ണുമായി കൂട്ടിയിടിച്ച് ഹംഗറി താരം ബർണബാസ് വർഗ തെറിച്ചുവീണ് ബോധരഹിതനാകുന്നു. ഉടൻ സഹതാരങ്ങൾ മെഡിക്കൽ സംഘത്തെ വിളിക്കുകയും പ്രാഥമിക പരിചരണം നൽകുകയും ചെയ്യുന്നു.
മെഡിക്കൽ സംഘം പരിചരിക്കുമ്പോൾ ചുറ്റുംനിന്ന് തുണികൊണ്ട് മറച്ചുപിടിച്ച് കരുതലിന്റെ കരങ്ങളാകുന്നു. അഞ്ച് മിനിറ്റോളം കളി തടസ്സപ്പെട്ടുള്ള ഈ രംഗങ്ങൾ ശ്വാസമടക്കിപ്പിടിച്ചാണ് ഫുട്ബാൾ ലോകം കണ്ടുനിന്നത്. അവസാനം സ്ട്രെച്ചറിൽ താരത്തെ കൊണ്ടുപോകുകയും ആശുപത്രിയിലാക്കുകയും ചെയ്തു.
താരത്തിന് എന്ത് സംഭവിച്ചുവെന്ന ആശങ്കയിലായ ഫുട്ബാൾ ആരാധകർക്ക് ശുഭവാർത്തയുമായി പിന്നീട് ഹംഗേറിയൻ ഫുട്ബാൾ ഫെഡറേഷൻ എത്തി. ബർണബാസ് വർഗയുടെ നില തൃപ്തികരമാണെന്നും ഇപ്പോൾ സ്റ്റട്ട്ഗർട്ടിലെ ആശുപത്രിയിലാണെന്നും കൂടുതൽ വിവരങ്ങൾ വൈകാതെ അറിയിക്കുമെന്നും എക്സിലൂടെയാണ് ഫെഡറേഷൻ അറിയിച്ചത്.
താരത്തിന്റെ മുഖത്തെ എല്ലുകൾക്കും മൂക്കിനും പൊട്ടലുണ്ടെന്നും ഉടൻ ശസ്ത്രക്രിയക്ക് വിധേയനാകുമെന്നും ക്യാപ്റ്റൻ സൊബോസ്‍ലായി അറിയിച്ചു. ഇതോടെ യൂറോകപ്പിലെ ശേഷിക്കുന്ന മത്സരങ്ങൾ താരത്തിന് നഷ്ടമാകും. സ്കോട്ട്‍ലൻഡിനെതിരായ മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിന് ഹംഗറി ജയിച്ചുകയറിയപ്പോൾ സഹതാരങ്ങൾ സമർപ്പിച്ചത് ബർണബാസ് വർഗക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.