സ്പാനിഷ് ലാ ലിഗയിൽ എതിരില്ലാത്ത നാല് ഗോളിന് ജയിച്ചതിന് പിന്നാലെ ടീമിലെ കൗമാര താരം ആർദ ഗുലേറിനെ പ്രശംസകൊണ്ട് മൂടി പരിശീലകൻ കാർലോ ആഞ്ചലോട്ടി. കഴിഞ്ഞ ജൂലൈയിൽ ഫെനർബാഷെയിൽനിന്ന് റയൽ നിരയിലെത്തിയ തുർക്കിയക്കാരൻ സീസണിൽ സ്റ്റാർട്ടിങ് ഇലവനിൽ ഇടംപിടിച്ച അവസാന മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണത്തിലും ഗോളടിച്ചാണ് പരിശീലകന്റെയും ആരാധകരുടെയും മനം കവർന്നത്. ലീഗിൽ കിരീടം സ്വന്തമാക്കിയ റയൽ നിരയിലെ താരാധിക്യം കാരണമാണ് ഗുലേറിന് സ്റ്റാർട്ടിങ് ഇലവനിൽ ഇടമുറപ്പിക്കാനാവാത്തത്.
ഗ്രനഡക്കെതിരെ നാല് ഗോളിന് ജയിച്ച മത്സരത്തിൽ ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു ഗുലേറിന്റെ ഗോൾ. 38ാം മിനിറ്റിൽ ഫ്രാൻ ഗാർഷ്യയിലൂടെയായിരുന്നു റയൽ അക്കൗണ്ട് തുറന്നത്. ഗുലേറിന് ശേഷം 49, 58 മിനിറ്റുകളിൽ ബ്രഹിം ഡയസ് ഇരട്ട ഗോളുകൾ നേടിയതോടെ ഗോൾപട്ടിക പൂർത്തിയായി.
മത്സരശേഷം ഗുലേറിന്റെ പ്രകടനത്തെ വാഴ്ത്തി ആഞ്ചലോട്ടി രംഗത്തെത്തുകയായിരുന്നു. താരത്തിൽനിന്ന് റയലിന് കൂടുതൽ പ്രതീക്ഷിക്കാമെന്ന് പറഞ്ഞ അദ്ദേഹം, അവൻ വളരെ ചെറുപ്പമായതിനാൽ യഥാർഥ കഴിവിനെ കുറിച്ച് നമുക്കറിയില്ലെന്നും അഭിപ്രായപ്പെട്ടു. ‘അവൻ അസാമാന്യ കഴിവ് പ്രകടിപ്പിക്കുന്നു. ഗോൾ നേടുന്നതിൽ മിടുക്കും വേഗതയുമുണ്ട്’ -റയൽ പരിശീലകൻ പറഞ്ഞു.
ഗ്രനഡക്കെതിരായ ജയത്തോടെ ലീഗിൽ റയലിന് 90 പോയന്റായി. മൂന്ന് മത്സരങ്ങൾ ശേഷിക്കെ രണ്ടാം സ്ഥാനത്തുള്ള ജിറോണയേക്കാൾ 15 പോയന്റാണ് ലീഡ്. ഒരു മത്സരം കുറച്ചുകളിച്ച ബാഴ്സലോണക്ക് 73 പോയന്റുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.