ദോഹ: ലോകകപ്പ് ഫുട്ബാൾ ചരിത്രമാക്കിയതിനു പിന്നാലെ, ഏഷ്യൻ കപ്പ് ഫുട്ബാളിലും ഖത്തറിന്റെ മണ്ണ് പുതുചരിത്രമെഴുതാൻ ഒരുങ്ങുകയാണ്. ഏഴു പതിറ്റാണ്ടുകാലം തികക്കാൻ ഒരുങ്ങുന്ന ഏഷ്യൻ കപ്പിൽ ആദ്യമായി കളി നിയന്ത്രിക്കാൻ വനിതകളെത്തുന്നത് ഖത്തറിലാണെന്നതാണ് ഇത്തവണത്തെ പ്രത്യേകത.
കഴിഞ്ഞ ലോകകപ്പ് ഫുട്ബാളിനുള്ള റഫറിയിങ് ടീമിൽ ഇടം നേടിയ ജപ്പാന്റെ യോഷിമി യമാഷിത, നിരവധി അന്താരാഷ്ട്ര മത്സരങ്ങൾ നിയന്ത്രിച്ച് പരിചയമുള്ള ആസ്ട്രേലിയയുടെ കെയ്റ്റ് ജാസ്വിക്സ് എന്നിവരാവും ഖത്തർ ഏഷ്യൻ കപ്പിൽ റഫറിമാരുടെ കുപ്പായമണിയുന്നത്. ജപ്പാനിൽനിന്നുള്ള ബൊസോനോ മകോടോ, തെഷിറോഗി നവോമി, ദക്ഷിണ കൊറിയയുടെ കിം യോങ് മിൻ എന്നിവരാണ് വനിതാ അസിസ്റ്റൻറ് റഫറിമാർ.
2022 ഖത്തർ ലോക കപ്പിലൂടെയായിരുന്നു ഫിഫ പുരുഷ ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കാൻ ആദ്യമായി വനിതകളെ പരിഗണിച്ചത്. ഫ്രഞ്ചുകാരി സ്റ്റെഫാനി ഫ്രാപർട്, റുവാൻഡയുടെ സലിമ മുകൻസാംഗ എന്നിവർക്കൊപ്പം യോഷിമി യമാഷിതയും മറ്റു മൂന്ന് അസി. റഫറിമാരും ഉൾപ്പെടെ ആറ് വനിതകളായിരുന്നു ഉണ്ടായിരുന്നത്.
മെയിൻ റഫറിയായി കളത്തിലിറങ്ങിയില്ലെങ്കിലും ആറ് മത്സരങ്ങളുടെ ഫോർത്ത് ഒഫീഷ്യലായി യോഷിമി യമാഷിത കളി നിയന്ത്രിച്ചിരുന്നു. കഴിഞ്ഞ ജൂലൈയിൽ ആസ്ട്രേലിയയിൽ നടന്ന വനിത ലോകകപ്പിലും ഇവർ മെയിൻ റഫറിയായി. 37കാരിയായ യോഷിമി, 2019 വനിതാ ലോകകപ്പ്, ഒളിമ്പിക്സ് തുടങ്ങിയ അന്താരാഷ്ട്ര മത്സരങ്ങൾ നിയന്ത്രിച്ചായിരുന്നു കഴിഞ്ഞ ലോകകപ്പ് സംഘത്തിന്റെ ഭാഗമായത്.
ജപ്പാൻ ലീഗ് ഫുട്ബാളിലും എ.എഫ്.സി ചാമ്പ്യൻസ് ലീഗിലും തുടങ്ങി പുരുഷ ഫുട്ബാളുകൾ നിയന്ത്രിച്ച പരിചയവുമായാണ് വൻകരയുടെ അങ്കത്തിനും വിസിൽ എടുക്കുന്നത്. 38കാരിയായ കെയ്റ്റ് ജാസ്വിസ് 2008ൽ ആസ്ട്രേലിയൻ വനിതാ ലീഗിൽ മത്സരം നിയന്ത്രിക്കാനുണ്ട്. 2020ലാണ് എ ലീഗ് റഫറിയായത്. 2019 വനിതാ ലോകകപ്പിൽ രണ്ടു മത്സരങ്ങൾ നിയന്ത്രിച്ചു, ഇക്കഴിഞ്ഞ വനിതാ ലോകകപ്പിലും രണ്ടു മത്സരങ്ങൾക്ക് വിസിലെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.