ഏറെ യുദ്ധങ്ങളുടെയും കലാപങ്ങളുടെയും തീയണച്ച ചരിത്രം ഫുട്ബാളിനുണ്ട്. എന്നാൽ, കളികൊണ്ടൊരു യുദ്ധം പൊട്ടിപ്പുറപ്പെട്ട ചരിത്രമാണ് മെക്സിക്കൻ ലോകകപ്പിന്‍റെ പശ്ചാത്തലത്തിലെ മറ്റൊരു കഥ. വടക്കൻ അമേരിക്കയിൽ നിന്നുള്ള അയൽരാജ്യങ്ങളായ ഹോണ്ടുറസും എൽസാൽവഡോറും യോഗ്യത റൗണ്ടിൽ ഒരേ ഗ്രൂപ്പിലായിരുന്നു മത്സരിച്ചത്. ചിരവൈരികളായ അയൽക്കാർ കളിക്കളത്തിൽ ഏറ്റുമുട്ടിയപ്പോൾ ആ പോരാട്ടം കൂടുതൽ രൂക്ഷമായി. എൽസാൽവഡോറിനേക്കാൾ അഞ്ചു മടങ്ങ് വലിപ്പമുണ്ടെങ്കിലും ജനസംഖ്യയിൽ ഹോണ്ടുറസ് കൊച്ചുരാജ്യമായിരുന്നു. ഇതുകൊണ്ടു തന്നെ, 1960കളിൽ എൽസാൽവഡോറുകാർ കൂട്ടമായി അയൽരാജ്യത്തേക്ക് കുടിയേറ്റം നടത്തി. അവിടെ കർഷകരായി അധ്വാനിച്ച് ജീവിതത്തിന് പച്ചപ്പ് നൽകി. ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് ലക്ഷക്കണക്കിന് സാൽവഡോറുകാരാണ് ഹോണ്ടുറസിലേക്ക് കുടിയേറിയത്. എന്നാൽ, ഭൂമിക്ക് പുതിയ അവകാശികൾ വരുന്നതും, അയൽക്കാരുടെ അംഗസംഖ്യ വർധിക്കുന്നതുമെല്ലാം ഹോണ്ടുറാസിൽ വിദ്വേഷത്തിന് വഴിയൊരുക്കി. വർഷങ്ങളായി ഉയർന്നുവന്ന കുടിപ്പകകളെല്ലാം ചേർന്ന് പൊട്ടിത്തെറിച്ചത് ലോകകപ്പ് യോഗ്യതാ റൗണ്ടിലെ മത്സരത്തിന്‍റെ തുടർച്ചയായിരുന്നു. 1969 ജൂൺ എട്ടിന് സ്വന്തം ഗ്രൗണ്ടിൽ നടന്ന ആദ്യ പാദ മത്സരത്തിൽ ഹോണ്ടുറസ് 1-0ത്തിന് ജയിച്ചു. ഒരാഴ്ച കഴിഞ്ഞ് തങ്ങളുടെ നാട്ടിൽ നടന്ന മത്സരത്തിൽ എൽസാൽവഡോറും ജയിച്ചു. അപ്പോൾ തന്നെ, ഇരു രാജ്യങ്ങളിലും കാലപങ്ങൾക്കും കൊള്ളിവെപ്പിനും തുടക്കമിട്ടിരുന്നു. ജൂൺ 27ന് േപ്ല ഓഫ് മത്സരത്തിന് മെക്സികോ വേദിയായി. അധിക സമയത്തേക്ക് നീണ്ട കളിയിൽ എൽസാൽവഡോർ അവസാന മിനിറ്റിൽ നേടിയ ഗോളിൽ വിജയം ഉറപ്പിച്ചു. പക്ഷേ, ഇത് അംഗീകരിക്കാൻ ഹോണ്ടുറസ് തയാറായില്ല. അവർ പരാതിയുമായി ഫിഫയെ സമീപിച്ചു. സ്റ്റേഡിയത്തിന് പുറത്ത് ഇരു ആരാധക കൂട്ടങ്ങളും ഏറ്റുമുട്ടലും തുടങ്ങി. ഹോണ്ടുറസിൽ, എൽസാൽവഡോർ കുടിയേറ്റക്കാർക്കെതിരെ വ്യാപക ആക്രമണവും കാലപവുമായി. അന്നു രാത്രിയിൽ തന്നെ എൽസാൽവഡോർ അയൽക്കാരുമായി നയതന്ത്ര ബന്ധം അവസാനിപ്പിച്ച്, രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങളും തങ്ങളുടെ സൈന്യങ്ങളെ അതിർത്തികളിൽ വിന്യസിച്ചു. പിന്നെയും അക്രമങ്ങൾ തുടർന്നു. പരസ്പരം പ്രകോപിപ്പിക്കുന്ന നീക്കങ്ങളായി. ഒടുവിൽ ജൂലൈ 14ന് രാത്രിയിൽ സാൽവഡോർ സൈന്യം ഹോണ്ടുറസിനെ ആക്രമിച്ചതോടെ ഫുട്ബാൾ യുദ്ധം കെടുതികൾ ഉച്ചസ്ഥായിലെത്തി. പരസ്പരം നാശം വിതച്ച യുദ്ധം മൂന്നു ദിവസം നീണ്ടു. ഒടുവിൽ ഐക്യരാഷ്ട്ര സഭയും അമേരിക്കയും ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ഇടപെടലിൽ 100ാം മണിക്കൂറിൽ വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടു. എന്നാൽ, അതിനിടയിൽ ആയിരങ്ങൾ കൊല്ലപ്പെട്ടിരുന്നു. ആയിരത്തോളം സൈനികർക്കും ജീവഹാനി സംഭവിച്ചു. അരലക്ഷത്തോളം പേർ ദുരിതമനുഭവിച്ചു. യുദ്ധത്തിന്‍റെ വടുക്കൾ പതിറ്റാണ്ടോളം നീണ്ടുനിന്നു. അടുത്ത സൗഹൃദ നിലനിർത്തിയ അയൽ രാജ്യങ്ങൾ അങ്ങനെ ശത്രുക്കളായി മാറി. ശേഷം, മറ്റൊരു ഫുട്ബാൾ പോരാട്ടത്തിലൂടെ എല്ലാം മറന്ന് ഒന്നായവർ വീണ്ടും ലോകത്തിന് മുന്നിൽ ചരിത്രമെഴുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.