‘മെസ്സിയെ ഇന്ത്യയിൽ കളിപ്പിക്കാൻ കാശില്ല’... കളിയെ നോക്കാനേൽപിച്ചയാൾ കളത്തിനു പുറത്തായതിങ്ങനെ...

ഫുട്ബാളിൽ മുൻനിരയിലെത്താൻ ഇന്ത്യ കൊതിച്ചുതുടങ്ങിയിട്ട് കാലങ്ങളായി. എന്നാൽ, ലക്ഷ്യത്തിലേക്കുള്ള കുതിപ്പിൽ നീക്കങ്ങൾ നിരന്തരം മുനയൊടിയുന്നതാണ് പതിവു കാഴ്ചകൾ. ലോകം ഫുട്ബാളിനൊപ്പം സഞ്ചരിക്കുന്ന കാലത്ത് ഇന്ത്യയും ആ വഴിയിലെത്താൻ ഏറെ ആഗ്രഹിക്കുന്നുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആവിർഭാവം ഉൾപ്പെടെ രാജ്യത്ത് ഫുട്ബാളിനോടുള്ള സമീപനത്തിൽ ഗുണപരമായ മാറ്റം ഉണ്ടായെങ്കിലും കളിയെ ഭരിക്കുന്നവർ ഗൗരവതരമായി കാര്യങ്ങളെ കാണുന്നില്ലെന്നതാണ് ശാപമായി തുടരുന്നത്. അതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു കളിയെ നോക്കാനേൽപിച്ച സെക്രട്ടറി ജനറലിനെ സമീപകാലത്ത് പടിയടച്ച് പുറത്താക്കേണ്ടിവന്ന വാർത്ത.

ഫിഫ റാങ്കിങ്ങിൽ നിലവിലെ അവസ്ഥ മെച്ചപ്പെടുത്താനു​തകുന്ന തന്ത്രങ്ങളും നീക്കങ്ങളും അനിവാര്യമാണെന്ന് നമ്മുടെ വലിയ മാറ്റമില്ലാതെ തുടരുന്ന കേളീശൈലി വിളിച്ചോതുന്നുണ്ട്. പണ്ടുകാലത്ത് ഫുട്ബാളിൽ നമ്മളേക്കാൾ പിന്നാക്കമായിരുന്ന ഗൾഫ് രാജ്യങ്ങൾ ഇന്ന് വൻകരയുടെ തലതൊട്ടപ്പന്മാരെന്ന നിലയിലേക്ക് വികാസം പ്രാപിക്കുമ്പോൾ നാം ‘സാഫ്’ കപ്പിന്റെ പരിമിതികൾക്കുള്ളിൽ തന്നെയാണിന്നും. കളിയോടുള്ള സമീപനത്തിൽ അടിമുടി മാറ്റിത്തിരുത്തലുകൾ വേണമെന്ന മുറവിളികൾക്ക് കാലങ്ങളുടെ പഴക്കമുണ്ട്. എന്നാൽ, സമൂലമായ പരിഷ്‍കാരത്തിന് അറച്ചുനിൽക്കുന്ന ഫുട്ബാൾ ഭരണകർത്താക്കൾ കാലങ്ങളായി നമ്മെ പിന്നോട്ടടിപ്പിക്കുകയായിരുന്നു. ഒരു ഭാവനകളുമില്ലാതെ, വർഷങ്ങളായി പദവിയിൽ അള്ളിപ്പിടിച്ചുകിടക്കുന്ന ഭാരവാഹികൾക്ക് കസേര മാത്രമായിരുന്നു എന്നും മുഖ്യം.

ഒരുപാടുകാലം അട്ടിപ്പേറായി തുടർന്ന ആളുകൾ മാറി മുൻ ഇന്ത്യൻ താരം കല്യാൺ ചൗബേ പ്രസിഡന്റും മറുനാടൻ മലയാളി ഷാജി പ്രഭാകരൻ സെക്രട്ടറിയായും ഇന്ത്യൻ ഫുട്ബാളിന് ഒരു പുതിയ നേതൃനിരയുണ്ടായപ്പോൾ ആളുകൾ ഒരുപാട് സന്തോഷിക്കുകയും അതിലേറെ പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ, ചുമതലയേറ്റ ദിവസം തന്നെ അവർ ഇന്ത്യയിലെ കാൽപന്തു പ്രേമികളെ നിരാശപ്പെടുത്തിക്കളഞ്ഞു. ഇന്ത്യൻ ഫുട്ബാളിന് പുത്തൻ ഉണർവ് ആകേണ്ടിയിരുന്ന 2027ലെ ഏഷ്യൻ കപ്പ് ആതിഥേയത്വത്തിൽനിന്ന് പിന്മാറുകയാണെന്ന് അറിയിച്ചുകൊണ്ട് കളിക്കമ്പക്കാരെ കടുത്ത നിരാശയിലാഴ്ത്തി. അതിനു പറഞ്ഞ കാരണമാകട്ടെ, അതിവിചിത്രവും എന്നും ഓർത്ത് ചിരിക്കാവുന്നതുമായിരുന്നു. ‘വലിയ ടൂർണമെന്റുകൾക്ക് വേദിയൊരുക്കുന്നത് നിലവിൽ ഫെഡറേഷന്റെ മുൻഗണനയിലില്ല’ എന്നായിരുന്നു എ.ഐ.എഫ്.എഫ് അധികൃതരുടെ ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രസ്താവന. വമ്പൻ ടൂർണമെന്റുകൾക്ക് രാജ്യം വേദിയൊരുക്കുന്നതും അതുവഴി ഇന്ത്യയിൽ ഫുട്ബാളിന് ഏറെ വേരോട്ടം കിട്ടുന്നതും സ്വപ്നം കണ്ടിരുന്ന കായികപ്രേമികൾക്ക് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയാത്തതായിരുന്നു ഈ തലതിരിഞ്ഞ നീക്കം.

എ.ഐ.എഫ്.എഫ് മുൻ പ്രസിഡന്റ് പ്രഫുൽ പട്ടേലും അന്നത്തെ സ്പോർട്സ് മന്ത്രി കിരൺ റിജ്ജുവും കൂടി കേന്ദ്ര സർക്കാരിന്റെ ഫിനാൻഷ്യൽ അണ്ടർ ടേക്കിങ് വ്യക്തമാക്കി ലക്ഷങ്ങൾ ചെലവിട്ട് നടത്തിയ പ്രചാരണത്തിനു ശേഷമാണു ഇന്ത്യ ആതിഥ്യത്തിന് ബിഡ് നൽകിയത്. പിന്നെങ്ങനെ പുതിയ ഭരണ സമിതിക്കു ബിഗ് ബജറ്റ് ഏറ്റെടുക്കാൻ പറ്റില്ല എന്ന് പറയാനാകും? എന്ന ചോദ്യമുയർന്നു. അപേക്ഷകരായി ഇന്ത്യക്കും സൗദിക്കും ഒപ്പം ഉണ്ടായിരുന്നത് ഉസ്ബകിസ്താനും ഇറാനും ഖത്തറും ആയിരുന്നു. അതിൽ ഉസ്ബകിസ്ഥാൻ പിന്മാറിയത് ഇന്ത്യയെ പിന്തുണച്ചുകൊണ്ടായിരുന്നു. അതിന് മന്ത്രി റിജ്ജു നന്ദിയും പറഞ്ഞിട്ടുണ്ടായിരുന്നു. ഈ പിന്മാറ്റത്തിന് ഉസ്ബകിസ്ഥാനോട് പറയാൻ പോലും നമുക്ക് കാതലുള്ള ഒരു ന്യായമില്ലായിരുന്നു.

ആ ആഘാതത്തിൽ തരിച്ചിരുന്ന ഫുട്ബാൾ ആരാധകരെ അങ്ങേയറ്റം നിരാശപ്പെടുത്തിയതായിരുന്നു അടുത്ത വാർത്ത. ഇന്ത്യയിൽ കളിക്കാൻ അവസരമൊരുക്കണമെന്ന അർജന്റീന ഫുട്ബാൾ ഫെഡറേഷന്റെ അപേക്ഷ എ.ഐ.എഫ്.എഫ് നിരസിച്ചുവെന്നത് ഫുട്ബാൾ ലോകത്തുതന്നെ വൻ അതിശയമാണ് സൃഷ്ടിച്ചത്. ലോകകപ്പ് കാലത്ത് ഇന്ത്യയിലെ -പ്രത്യേകിച്ച് കേരളത്തിലെ-കളിയാവേശത്തെക്കുറിച്ച് കേട്ടറിഞ്ഞ ലോക ചാമ്പ്യന്മാരായ അർജന്റീന ഇന്ത്യയിൽവെച്ച് ഇവിടുത്തെ ടീമുമായി സൗഹൃദ മത്സരം കളിക്കുവാൻ താൽപ്പര്യമുണ്ടെന്നായിരുന്നു എ.ഐ.എഫ്.എഫിനെ അറിയിച്ചത്. അത്യപൂർവമായ ഈ ഓഫർ ലഭിച്ചാൽ ലോകത്തുള്ള ഏതൊരു സംഘടനയും അതൊരു അഭിമാനമായി ഏറ്റെടുക്കുമെന്നുറപ്പ്. എന്നാൽ, അന്ന് ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷൻ സെക്രട്ടറിയായിരുന്ന ഷാജി പ്രഭാകരൻ അപ്പോൾ തന്നെ അറിയിച്ചത് ഈ മത്സരം നടത്താൻ ഭീമമായ തുക വേണമെന്നും അതിനാൽ അതിൽനിന്ന് തങ്ങൾ പിന്മാറുകയാണെന്നുമായിരുന്നു!

ഏറെ പരിഹാസ്യവും വിചിത്രവുമായ തീരുമാനമായി അത് ചർച്ച ചെയ്യപ്പെട്ടു. കേരളം പോലുള്ള സംസ്ഥാനങ്ങൾ ലയണൽ മെസ്സി നയിക്കുന്ന അർജന്റീനക്ക് കളിക്കാൻ തങ്ങൾ വേദിയൊരുക്കാൻ തയാറാണെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തി. എന്നാൽ, വൈകിപ്പോയിരുന്നു. ആ കളി അർജന്റീന ബീജിങ്ങിലെ സ്റ്റേഡിയത്തിൽ കളിച്ചു. അഭിമാനപോരാട്ടത്തിന് വേദിയൊരുക്കാൻ ലഭിച്ച അവസരം തന്നിഷ്ടപ്രകാരം ഇല്ലാതാക്കിയ ഭാരവാഹികൾ ഇനി ഏതുവിധത്തിലാണ് രാജ്യത്തെ കളിക്ക് പ്രചോദനമാകുന്നതെന്ന് കളിക്കമ്പക്കാർ ന്യായമായും സംശയിച്ചുതുടങ്ങി. ഒപ്പം, ഇവരുടെ ഉദ്ദേശ്യശുദ്ധി തീർത്തും സംശയനിഴലിലായി. ഫിഫ ഭാരവാഹികൾക്കും മറ്റു ലോക സംഘടനാ നേതാക്കൾക്കുമൊപ്പം നിന്ന് ഫോട്ടോയെടുത്ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതിന് അപ്പുറത്തേക്ക് ഭാരവാഹികളിൽ പലർക്കും ഈ കളിയെ പുരോഗതിയിലേക്ക് നയിക്കണമെന്ന ആത്മാർഥമായ ആ​ഗ്രഹം ഉള്ളിലില്ലെന്ന് അടക്കംപറച്ചിലുകൾ സംഘടനക്കുള്ളിൽതന്നെ ഉയർന്നു തുടങ്ങുകയായിരുന്നു.

കോടികൾ മുടക്കി കോടികൾ കൊയ്യുന്ന വൻ ബിസിനസായി ഫുട്ബാൾ ആഗോള വ്യാപകമായി മാറിയ കാലത്ത് ഇന്ത്യ എന്ന വമ്പൻ രാജ്യം തങ്ങൾക്ക് ലഭിച്ച രണ്ടു സുവർണാവസരങ്ങളിലും പിച്ചക്കണക്കു പറഞ്ഞ് പിന്മാറിയത് നാണക്കേടായി മാറുകയും ചെയ്തു. കുറഞ്ഞ പക്ഷം ഒന്ന് പരിശ്രമിക്കുകയെങ്കിലും ചെയ്യാമായിരുന്ന അവസരത്തിൽ ആദ്യമേ നിഷേധാത്മക നിലപാടെടുത്തത് സംശയാസ്പദമായിരുന്നു. മെസ്സി നയിക്കുന്ന അർജന്റീന കൊച്ചി സ്റ്റേഡിയത്തിൽ കളിക്കാനിറങ്ങുന്നതുപോലെ അനവദ്യസുന്ദരവും അഭിമാനപൂരിതവുമായ അവസരമാണ് എ.ഐ.എഫ്.എഫിന്റെ താക്കോൽസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടവരുടെ നേതൃപാടവമില്ലായ്മയും സംഘാടനത്തിലുള്ള പരിചയക്കുറവും കാരണം ഇല്ലാതാക്കിയത്. സ്പോർട്സ് മാനേജ്മെന്റ് അത്രയധികം പുരോഗതി പ്രാപിച്ച, സഹസ്ര കോടികൾ സ്പോൺസർഷിപ്പ് വഴി സംഘടിപ്പിക്കാവുന്ന കാലത്ത് തൊടുന്യായം പറഞ്ഞ് ഒഴിവായ സെക്രട്ടറി ജനറൽ അടക്കമുള്ള ഭരണസമിതി, തങ്ങളുടെ മുൻഗാമികളായിരുന്ന രാഷ്ട്രീയക്കാരേക്കാൾ മോശമാണെന്ന് തെളിയിക്കുകയായിരുന്നു.

അതിനിടയിൽ സന്തോഷ് ട്രോഫിയുടെ സെമി, ഫൈനൽ മത്സരങ്ങൾ സൗദി അറേബ്യയിൽ നടത്താൻ ഫെഡറേഷൻ സമയം കണ്ടെത്തി. അവിടെ ഒഴിഞ്ഞ ഗാലറികൾക്കു മുമ്പാകെ കളി നടത്തിയിട്ട് ആർക്കെന്ത് ഗുണമുണ്ടായി എന്നതൊന്നും എവിടെയും വിശദീകരിച്ചു കണ്ടില്ല. ആസൂത്രിതമായ ചർച്ചകളോ പഠന​ങ്ങളോ കൂട്ടായ വിലയിരുത്തലുകളോ ഒന്നുമില്ലാതെ ചിലരുടെ മനസ്സിൽ തോന്നുന്നതിനനുസരിച്ച് കാര്യങ്ങൾ എത്രകാലം മുന്നോട്ടുപോകും എന്ന സ​ന്ദേഹം തുടക്കത്തിലേ ശക്തമായിരുന്നു. ഐ.എസ്.എല്ലിലെ മോശം റഫറിയിങ് വിവാദമായപ്പോൾ എന്തുകൊണ്ടാണ് വാർ നടപ്പാക്കാത്തത് എന്ന് ഒരു ഫുട്ബാൾ പ്രേമി ചോദ്യമുന്നയിച്ചതിന് ‘ഫണ്ടില്ലാത്തതുകൊണ്ടാണ്’ എന്ന ഭാരവാഹിയുടെ മറുപടിയും സ്ക്രീൻ ഷോട്ടായി പാറിക്കളിച്ചു.

ഒടുവിൽ നവംബർ എട്ടിന് ആ തീരുമാനമെത്തി. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ (എ.ഐ.എഫ്.എഫ്) സെക്രട്ടറി ജനറൽ സ്ഥാനത്തുനിന്ന് ഷാജി പ്രഭാകരനെ പുറത്താക്കി. ‘വിശ്വാസ വഞ്ചന’യെ തുടർന്നാണ് ഷാജി പ്രഭാകരനെ പുറത്താക്കു​ന്നതെന്നാണ് എ.ഐ.എഫ്.എഫ് വൃത്തങ്ങൾ അറിയിച്ചത്. തീരുമാനത്തിന് ഫെഡറേഷന്റെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗീകാരം നൽകി. ഡൽഹിയിലെ ഫുട്ബാൾ ഹൗസിൽ ചേർന്ന യോഗത്തിൽ ഷാജി പ്രഭാകരനെ മാറ്റി പകരം എം. സത്യനാരായണനെ ആക്ടിങ് സെക്രട്ടറി ജനറലായി നിയമിക്കാനുള്ള തീരുമാനത്തിനും അംഗീകാരമായി.

സെക്രട്ടറി ജനറലിന്റെ പ്രവർത്തനങ്ങളും തീരുമാനങ്ങളും എ.ഐ.എഫ്.എഫ് പ്രസിഡന്റി​ന്റെയും എക്സിക്യുട്ടിവ് അംഗങ്ങളുടെയും അതൃപ്തിക്ക് പാത്രമായിരുന്നുവെന്ന് ഫെഡറേഷനിലെ വൃത്തങ്ങളെ ഉദ്ധരിച്ച് ‘സ്​പോർട്സ്റ്റാർ’ റി​പ്പോർട്ട് ചെയ്തു. 13 വർഷം ഫെഡറേഷനെ ഭരിച്ച പ്രഫുൽ പട്ടേലിനെ പുറന്തള്ളി 2022 സെപ്റ്റംബറിൽ അധികാരം പിടിക്കുമ്പോൾ ചൗബേയുടെ വിശ്വസ്തനായിരുന്നു ഷാജി പ്രഭാകരൻ. ചൗബേയും ഷാജി പ്രഭാകരനും ഉൾപ്പെട്ട പുതിയ ഭരണസമിതി ‘വിഷൻ 2047’ എന്ന പേരിൽ പുതിയ സ്‍ട്രാറ്റജിയുമായി രംഗത്തു വന്നെങ്കിലും നിലയുറപ്പിക്കുംമുമ്പേ സെക്രട്ടറി ജനറലിനെതിരെ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ അതൃപ്തി പടരുകയായിരുന്നു. സെക്രട്ടറി ജനറലിന്റെ ഉയർന്ന വേതനവും സാമ്പത്തികമായ ചില തീരുമാനങ്ങളുമൊക്കെയാണ് അതിനു വഴിയൊരുക്കിയതെന്നും സ്​പോർട്സ്‍സ്റ്റാർ ചൂണ്ടിക്കാട്ടുന്നു. ഷാജിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ എ.ഐ.എഫ്.എഫ് പ്രസിഡന്റ് ഒരു കോർ കമ്മിറ്റിയെ നിയമിക്കുന്നതിലേക്കുവരെ അതെത്തിച്ചേർന്നു. ഒടുവിൽ സെക്രട്ടറി ജനറലിനെ പുറത്താക്കുകയല്ലാതെ മറ്റു പരിഹാരമില്ലെന്നു കണ്ടതോടെ ചൗബേയും കൂട്ടരും ആ വഴി തന്നെ സ്വീകരിക്കുകയായിരുന്നു.

തന്നെ പുറത്താക്കാനുള്ള ഫെഡറേഷൻ തീരുമാനം ഞെട്ടിച്ചെന്നാണ് ഷാജി പ്രഭാകരന്റെ ​പ്രതികരണം. ഒരു ടീമെന്ന നിലയിൽ പ്രവർത്തിക്കുകയായിരുന്നു തങ്ങളെന്നും ‘വിശ്വാസവഞ്ചന’ തന്റെ മേൽ ചുമത്തുന്നത് കടുത്ത ആരോപണമാണെന്നുമായിരുന്നു മുൻ സെക്രട്ടറി ജനറലിന്റെ വാദം.

പുതിയ സെക്രട്ടറി ജനറലിനെ ഉടൻ തെരഞ്ഞെടുക്കണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈചുങ് ബൂട്ടിയ രംഗത്തുവന്നിട്ടുണ്ട്. ഷാജി പ്രഭാകരനെ പുറത്താക്കിയതിൽ തനിക്ക് അദ്ഭുതമില്ലെന്നും എ.ഐഐഫ്.എഫിൽ പൂർണമായും പിടിപ്പുകേടുകളാണെന്നും ബൂട്ടിയ പറയുന്നു.‘ഏഷ്യൻ ഗെയിംസിൽ മത്സരിക്കുന്ന വിഷയം കൈകാര്യം ചെയ്തതും 2027ലെ ഏഷ്യൻ കപ്പ് ആതിഥ്യം വേണ്ടതില്ലെന്ന തീരുമാനവുമൊക്കെ ഉദാഹരണങ്ങളാണ്. സെക്രട്ടറി ജനറൽ മാത്രമല്ല, പ്രസിഡന്റും ട്രഷററും വൈസ് പ്രസിഡന്റുമൊക്കെ പുറത്തുപോകണം’ -ബൂട്ടിയ പറയുന്നു. എ.ഐഐഫ്.എഫ് പ്രസിഡന്റ് സ്ഥാനത്തേക്ക് ചൗബേക്കെതിരെ മത്സരിച്ച ബൂട്ടിയ പരാജയപ്പെട്ടത് ഒന്നിനെതിരെ 33 വോട്ടുകൾക്കാണ്.

ഇനി കാര്യങ്ങൾ എങ്ങനെ നീങ്ങുമെന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യൻ ഫുട്ബാളിന്റെ മുന്നേറ്റങ്ങൾ. ബൂട്ടിയ ആവശ്യപ്പെട്ടതു​പോലെ, പുതിയ സെക്രട്ടറി ജനറലി​ന്റെ തെരഞ്ഞെടുപ്പ് വേഗത്തിലാവേണ്ടതുണ്ട്. പൂർണതോതിൽ കളിനടത്തിപ്പിനായി സജ്ജമാവുകയും രാജ്യത്ത് കളിയുടെ വികാസത്തിനുവേണ്ടി ഉണർന്നുപ്രവർത്തിക്കുകയും ​ചെയ്യുന്ന ഭരണകർത്താക്കളാണ് ഫെഡറേഷനു കീഴിൽ ആവശ്യം. സന്തോഷ് ട്രോഫിയെ ഫിഫയുമായി കൂട്ടിയിണക്കുന്നതടക്കമുള്ള കാര്യങ്ങളാണ് എ.ഐ.എഫ്.എഫിന്റെ പുതിയ തീരുമാനം. ലോകമൊട്ടുക്കും ഫുട്ബാൾ വികാരമായിപ്പടരുമ്പോൾ ആ വികാരത്തിനൊത്ത് ​ഡ്രിബ്ൾ ചെയ്തു കയറാനുള്ള മിടുക്ക് ആർജിക്കാൻ കഴിയുന്നില്ലെങ്കിൽ നമ്മൾ ഇനിയും തെരുവിൽ ഫ്ലക്സ് കെട്ടുകയും ഗാലറിയിൽ ചെണ്ട കൊട്ടുകയും ചെയ്യുന്ന സംഘം മാത്രമായി തുടരുമെന്നുറപ്പ്.

Tags:    
News Summary - How the AIFF secretary-general was out of the field...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.