കോഴിക്കോട്: അവസാന മത്സരത്തിൽ ജയിച്ചെങ്കിലും തുടർച്ചയായ മൂന്നാം കിരീടം എന്ന ഗോകുലസ്വപ്നം വീണുടഞ്ഞു. ഐ ലീഗ് കിരീടം നേരത്തേതന്നെ ഉറപ്പിച്ച റൗണ്ട് ഗ്ലാസ് പഞ്ചാബ് വിജയത്തോടെ സീസണിന് വിരാമമിട്ട ദിവസം, സ്വന്തം തട്ടകത്തിൽ അവസാന മത്സരത്തിൽ ശ്രീനിധി ഡെക്കാനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ച് നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സിക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിയടയേണ്ടിവന്നു.
22 മത്സരങ്ങളിൽ നിന്ന് 16 ജയവും അഞ്ച് സമനിലയും രണ്ട് തോൽവിയുമായി 52 പോയന്റോടെയാണ് റൗണ്ട് ഗ്ലാസ് ഐ ലീഗ് ജേതാക്കളായത്. 22 മത്സരങ്ങളിൽ 13 ജയവും മൂന്ന് സമനിലയും ആറ് തോൽവികളുമായി 42 പോയന്റോടെ ശ്രീനിധി രണ്ടാം സ്ഥാനത്തെത്തി. 22 മത്സരങ്ങളിൽ നിന്ന് 12 ജയവും മൂന്ന് സമനിലയും ഏഴ് തോൽവികളുമായി 39 പോയന്റോടെയാണ് ഗോകുലം മൂന്നാം സ്ഥാനത്തെത്തിയത്. ഗുഡ്ഗാവിൽ ട്രാവു എഫ്.സിയെ തോൽപിച്ച് ഒന്നാം സ്ഥാനത്തെ ലീഡ് പത്താക്കി ഉയർത്തുകയായിരുന്നു റൗണ്ട് ഗ്ലാസ്.
കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന അവസാന മത്സരത്തിന്റെ 49ാം മിനിറ്റിൽ സ്പാനിഷ് താരം സെർജിയോ മെൻഡിഗൂചിയ ഇഗ്ലേഷ്യസ് പെനാൽറ്റിയിൽ നിന്ന് നേടിയ ഏക ഗോളിനാണ് ശ്രീനിധിയെ ഗോകുലം വീഴ്ത്തിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം രണ്ടുംകൽപിച്ച് മുന്നേറിയ ഗോകുലത്തിന് വീണുകിട്ടിയ അവസരമായിരുന്നു പെനാൽറ്റി.
49ാം മിനിറ്റിൽ പെനാൽറ്റി ഏരിയക്കകത്ത് ശ്രീനിധി ക്യാപ്റ്റൻ ഡേവിഡ് മുനോസിന്റെ കൈയിൽ പന്ത് തട്ടിയതിന് വിധിച്ച പെനാൽറ്റി സെർജിയോ അനായാസം വലയിലാക്കുകയായിരുന്നു. ഒരു ഗോൾ വീണ ശേഷം ഇരമ്പിക്കയറിയ ശ്രീനിധിക്കു മുന്നിൽ തടസ്സമായി നിന്നത് ഗോകുലത്തിന്റെ ഗോളി കോഴിക്കോട് ചേവായൂരുകാരൻ ഷിബിൻരാജായിരുന്നു. പോസ്റ്റിനു മുന്നിൽ അസാമാന്യ മികവോടെ പലവട്ടം ഷിബിൻരാജ് പന്ത് കുത്തിയകറ്റി.
ഇഞ്ചുറി ടൈമിൽ തുടരെ മൂന്നു മികച്ച സേവുകളാണ് ഷിബിൻ നടത്തിയത്. ഗോളാകുമെന്നുറപ്പിച്ച മുന്നേറ്റങ്ങളുടെ മുനയാണ് ഷിബിനൊടിച്ചത്. കളിയിലെ താരമായും ഷിബിൻരാജിനെ തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.