ഐസോൾ: ഐ ലീഗിൽ പ്രതീക്ഷ തെറ്റിച്ച പ്രകടനവുമായി ഏഴാം സ്ഥാനത്തുള്ള മുൻ ജേതാക്കളായ ഗോകുലം കേരള എഫ്.സിക്ക് ഇന്ന് നിർണായക മത്സരം. ഐസോൾ എഫ്.സിയെ അവരുടെ നാട്ടിൽ ഗോകുലം നേരിടും. വൈകീട്ട് മൂന്നിനാണ് കളി. ഒമ്പതു മത്സരങ്ങളിൽനിന്ന് മൂന്നു ജയവും നാലു സമനിലയുമടക്കം 13 പോയന്റുമായി ഏഴാം സ്ഥാനത്താണ് ഗോകുലം.
17 പോയന്റുമായി നാലാം സ്ഥാനത്താണ് ഐസോൾ എഫ്.സി. കഴിഞ്ഞ ദിവസം ശ്രീനഗറിൽ റിയൽ കശ്മീരിനോട് മൂന്നു ഗോളുകൾക്ക് തോറ്റാണ് ഗോകുലം മിസോറം മലമുകളിലേക്ക് എത്തിയത്. കടുത്ത തണുപ്പടക്കമുള്ള വെല്ലുവിളികൾക്ക് പുറമെ, ടീം ഒത്തിണക്കത്തോടെ കളിക്കുന്നില്ലെന്ന ആക്ഷേപവും ആരാധകർക്കുണ്ട്.
ആദ്യ മൂന്നു മത്സരങ്ങളും ജയിച്ച് കുതിച്ച ടീമിന് പിന്നീട് നാലു സമനിലയും രണ്ടു തോൽവിയുമായിരുന്നു ഫലം. കോച്ച് ഡെമിംഗോ ഒറാമസിനെ മാറ്റുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഐസോളിനെതിരായ മത്സരം. ഇരുടീമുകളും ഒമ്പതു തവണയാണ് ഏറ്റുമുട്ടിയത്. അഞ്ചുവട്ടം ഐസോൾ ജയിച്ചു. ഗോകുലം മൂന്നെണ്ണവും. ഒരു കളി സമനിലയായി. ഇന്ന് ഗോകുലം ടീമിൽ ചില മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.