മഞ്ചേരി: ലോകകപ്പ് ആവേശത്തിനിടെ ഐ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സി മൂന്നാം ജയം തേടി ബുധനാഴ്ചയിറങ്ങും. സുദേവ ഡൽഹി എഫ്.സിയാണ് എതിരാളികൾ. വൈകീട്ട് ഏഴിന് പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. രണ്ടാം ഹോം മാച്ചിനാണ് ടീം ബൂട്ട് കെട്ടുന്നത്.
ആദ്യ ഹോം മത്സരത്തിൽ മുഹമ്മദൻ സ്പോർട്ടിങ് ക്ലബിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച വൈകീട്ട് ടീം സ്റ്റേഡിയത്തിൽ പരിശീലനം നടത്തി. ക്യാപ്റ്റൻ അമിനൗ ബൗബയുടെ നേതൃത്വത്തിലാണ് ടീമെത്തിയത്. 12 മലയാളി താരങ്ങളുമുണ്ട്.
പയ്യനാട്ട് നടന്ന ആദ്യ മത്സരത്തിൽ പതിനായിരത്തിനടുത്ത് കാണികൾ മത്സരം വീക്ഷിക്കാനെത്തിയിരുന്നു. രണ്ടാം മത്സരത്തിലും കാണികൾ നിറയുമെന്നാണ് പ്രതീക്ഷ. എന്നാൽ, ലോകകപ്പ് നടക്കുന്നതിനാൽ ആരാധകരെത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ആദ്യമായാണ് ഐ ലീഗിന് പയ്യനാട് വേദിയാകുന്നത്. ഗോകുലത്തിന്റെ ആറ് ഹോം മത്സരങ്ങൾക്കാണ് സ്റ്റേഡിയം വേദിയാകുക. നിലവിൽ എട്ട് പോയന്റുമായി അഞ്ചാം സ്ഥാനത്താണ് ഗോകുലം. രണ്ട് ജയം, രണ്ട് സമനില, ഒരു തോൽവി എന്നിങ്ങനെയാണ് കണക്ക്. ലീഗ് ജേതാക്കളാകുന്ന ടീമിന് അടുത്ത വർഷം നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് (ഐ.എസ്.എൽ) നേരിട്ട് പ്രവേശനം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.