ഇബ്രാഹിമോവിച്ച് കളി മതിയാക്കി; കണ്ണീരണിഞ്ഞ് മടക്കം

എ.സി മിലാന്റെ സ്വീഡിഷ് ഇതിഹാസ ഫുട്ബാൾ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച് പ്രഫഷനൽ ഫുട്ബാളിൽനിന്ന് വിരമിച്ചു. ജൂൺ അവസാനം ക്ലബുമായുള്ള കരാർ അവസാനിക്കുന്ന താരം പരിക്ക് പിന്തുടർന്ന സീസണിനൊടുവിൽ 41ാം വയസ്സിലാണ് കളി മതിയാക്കുന്നത്. ഞായറാഴ്ച ഹെല്ലാസ് വെറോണക്കെതിരായ മിലാന്റെ സീസണിലെ അവസാന പോരാട്ടത്തിൽ പരിക്ക് കാരണം സൈഡ് ബെഞ്ചിലായിരുന്ന താരത്തിന് കാണികളും സഹതാരങ്ങളും വികാരഭരിതമായ യാത്രയയപ്പാണ് നൽകിയത്. കറുത്ത പാന്റും ഷർട്ടുമണിഞ്ഞെത്തിയ അദ്ദേഹം കാണികൾക്ക് മുമ്പിൽ കണ്ണീരണിഞ്ഞാണ് മടങ്ങിയത്.

‘ഞാൻ ആദ്യം മിലാനിൽ എത്തിയപ്പോൾ നിങ്ങളെനിക്ക് സന്തോഷം പകർന്നു. രണ്ടാമതുമെത്തിയപ്പോൾ നിങ്ങളെനിക്ക് സ്നേഹം തന്നു. ആരാധകർക്ക് ഞാൻ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. എക്കാലത്തും ഞാനൊരു മിലാൻ ആരാധകൻ ആയിരിക്കും. ഇപ്പോൾ ഫുട്ബാളിനോട് വിടപറയുകയാണ്, നിങ്ങളോടല്ല’, അദ്ദേഹം പറഞ്ഞു.

വിവിധ ക്ലബുകൾക്കായി 819 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ താരം 493 ഗോളുകൾ നേടിയിട്ടുണ്ട്. 1999ൽ മാൽമോ എഫ്.എഫിലൂടെ കളി തുടങ്ങിയ ഇബ്രാഹിമോവിച്ച് 2001ൽ അജാക്സ് ആംസ്റ്റർഡാമിലെത്തി. ശേഷം മാഞ്ചസ്റ്റർ യുനൈറ്റഡ്, പി.എസ്.ജി, യുവന്റസ്, ബാഴ്സലോണ, ഇന്റർ മിലാൻ, എ.സി മിലാൻ എന്നീ വമ്പൻ ക്ലബുകൾക്കായി കളത്തിലിറങ്ങി. 2011ൽ എ.സി മിലാൻ വിട്ട താരം 2020ൽ വീണ്ടും ക്ലബിനൊപ്പം ചേരുകയും കഴിഞ്ഞ സീസണിൽ അവരെ ലീഗ് ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തു.

സ്വീഡനായി 121 മത്സരങ്ങളിൽ 62 ഗോളുകൾ നേടി അവരുടെ എക്കാലത്തെയും മികച്ച ഗോൾ സ്കോററായ അദ്ദേഹം 2016ൽ യൂറോകപ്പിന് ശേഷം വിരമിച്ചെങ്കിലും 2021ൽ ലോകകപ്പ് യോഗ്യത റൗണ്ടിനായി തിരിച്ചെത്തിയിരുന്നു.

Tags:    
News Summary - Ibrahimovic retires from professional football; Back in tears

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.