ഫ്രഞ്ച് ഫുട്‌ബോള്‍ ഇതിഹാസം സിനദിന്‍ സിദാന്‍ പരിശീലകന്‍റെ കുപ്പായമണിഞ്ഞപ്പോഴും ഇതിഹാസമായി തുടർന്നു! റയല്‍ മാഡ്രിഡിന് തുടരെ മൂന്ന് യുവേഫ ചാമ്പ്യന്‍സ് ലീഗ് ട്രോഫികളാണ് സിദാനിലെ പരിശീലകന്‍ നേടിക്കൊടുത്തത്.
റയല്‍ വിട്ടതിന് ശേഷം സിദാന്‍ മറ്റൊരു തട്ടകത്തിലും ചേര്‍ന്നിട്ടില്ല. ഫ്രാന്‍സ് ലീഗ് വണ്‍ ക്ലബ്ബ് പി.എസ്.ജി സിദാനെ പരിശീലകനാക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. ഇത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഏറെയാണ്.
മെസ്സി, എംബാപെ, നെയ്മര്‍ ഉള്‍പ്പെടുന്ന സൂപ്പര്‍താര നിരയാണ് പി.എസ്.ജിയിലുള്ളത്. എന്നാല്‍, സിദാന്‍ കോച്ചായി ചുമതലയേറ്റെടുത്താല്‍ ഇതില്‍ നിന്ന് ബ്രസീല്‍ താരം നെയ്മര്‍ ഔട്ടാകും! എല്‍ നാഷനല്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത് തടിയനങ്ങാതെ സുഖിച്ച് കഴിയുന്ന നെയ്മറിനെ സിദാന്‍ തന്റെ ടീമിലുള്‍പ്പെടുത്തില്ലെന്നാണ്. 30 വയസുള്ള നെയ്മര്‍ 2017ല്‍ ലോക റെക്കോര്‍ഡ് ട്രാന്‍സ്ഫറിലാണ് പാരിസ് ക്ലബ്ബിലെത്തിയത്. 222 ദശലക്ഷം യൂറോയുടെ ട്രാന്‍സ്ഫറില്‍ ബാഴ്‌സലോണയില്‍ നിന്നെത്തിയ നെയ്മറിന് ഒരു ലീഗ് സീസണിലും 22 മത്സരത്തില്‍ കൂടുതല്‍ കളിക്കാന്‍ സാധിച്ചിട്ടില്ല. പി.എസ്.ജിക്ക് ചാമ്പ്യന്‍സ് ലീഗ് നേടിക്കൊടുക്കാനും കഴിഞ്ഞില്ല. ഇത്തവണ, പ്രീക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡിനോട് പരാജയപ്പെട്ടപ്പോള്‍ പി.എസ്.ജിയുടെ കാണികള്‍ നെയ്മറിനെയും മെസ്സിയെയും ഒരുപോലെ കൂകി വിളിച്ചിരുന്നു.
കഴിഞ്ഞ സീസണില്‍ നെയ്മര്‍ ആകെ 13 ഗോളുകളാണ് നേടിയത്. ആറ് അസിസ്റ്റുകളും. പി.എസ്.ജി 90 ദശലക്ഷം യൂറോ ലഭിച്ചാല്‍ നെയ്മറിനെ വില്‍ക്കും എന്നാണ് ക്ലബ്ബ് പ്രസിഡന്റ് നാസര്‍ അല്‍ ഖെലെയ്ഫിയെ ഉദ്ദരിച്ച് എല്‍ നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പി.എസ്.ജിയിലേക്ക് സിദാന്‍ റിക്രൂട്ട് ചെയ്യാനാഗ്രഹിക്കുന്ന രണ്ട് താരങ്ങള്‍ പോള്‍ പോഗ്ബയും ഉസ്മാന്‍ ഡെംബെലെയുമാണ്. രണ്ട് പേരും ഫ്രാന്‍സിന്‍റെ ലോകകപ്പ് സ്‌ക്വാഡ് അംഗങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.