ഇന്ത്യ എ.എഫ്.സി ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയതിന്റെ ആഹ്ലാദത്തിലാണ് രാജ്യത്തെ ഫുട്‌ബാള്‍ ആരാധകര്‍. ക്രൊയേഷ്യക്കാരനായ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്കിന്റെ കീഴില്‍ ഇന്ത്യന്‍ ടീം ഗംഭീരമായി കളിച്ച് മുന്നേറുകയാണ്. പക്ഷേ, സ്റ്റിമാക് ഇന്ത്യന്‍ ഫുട്‌ബാളിന്റെ അവസ്ഥയെ കുറിച്ച് പറഞ്ഞതറിഞ്ഞാല്‍ ഒന്ന് ഞെട്ടും. ഐ.പി.എല്‍ ക്രിക്കറ്റിന്റെ ടെലിവിഷന്‍ സംപ്രേഷണത്തിന് അനുസൃതമായി ഫുട്‌ബാള്‍ കലണ്ടര്‍ തയാറാക്കുന്ന സാഹചര്യമാണ് ഇവിടെയുള്ളത്. ഐ.എസ്.എല്‍ ഇന്ത്യന്‍ ഫുട്‌ബോളിന് ഗുണം ചെയ്യില്ല ! ഇതാണ് ഇപ്പോള്‍ പോളണ്ടിലുള്ള ഇഗോര്‍ സ്റ്റിമാക്കിന്റെ വിലയിരുത്തൽ.
ദേശീയ ടീം നല്ലത് പോലെ കളിക്കുകയും അഭിമാനകരമായ റിസൽട്ടുണ്ടാക്കുകയും ചെയ്താല്‍ മാത്രമേ ഇന്ത്യയിലെ ജനങ്ങള്‍ ഫുട്‌ബാളിനെ നെഞ്ചിലേറ്റൂ. അല്ലാത്തപക്ഷം, ഒരിക്കലും ലക്ഷ്യത്തിലെത്താനാകില്ല. ഏഷ്യന്‍ കപ്പ് യോഗ്യത നേടി. അതിന്റെ ആഹ്ലാദം പ്രകടിപ്പിച്ചിരുന്നാല്‍ മതിയോ. തയാറെടുപ്പുകള്‍ നാളെ തുടങ്ങിയാല്‍ പോരാ, ഇന്നലെ തുടങ്ങണം. അഖിലേന്ത്യാ ഫുട്‌ബാള്‍ ഫെഡറേഷന്‍ അധികൃതരില്‍ ആരോ പറഞ്ഞു, ഹെഡ് കോച്ചിന് സംസാരിക്കാന്‍ പോലും നേരമില്ലെന്ന്. അതയാള്‍ക്ക് ഫുട്‌ബാളിനെ കുറിച്ച് വലിയ വിവരമില്ലാത്തത് കൊണ്ട് പറഞ്ഞതാകും. കരാര്‍പ്രകാരം പ്രീ സീസണിലാണ് ജോലി ആരംഭിക്കുക. അതയാള്‍ക്ക് ആരെങ്കിലും മനസിലാക്കി കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു - സ്റ്റിമാക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സെപ്തംബറില്‍ സ്റ്റിമാക്കും എ.ഐ.എഫ്.എഫുമായുള്ള കരാര്‍ അവസാനിക്കുകയാണ്. അതിന് മുന്നോടിയായുള്ള തുറന്ന് പറച്ചിലാണോ ഇതെന്ന ചോദ്യത്തിന് താന്‍ ശമ്പളം മോഹിച്ച് മാത്രമല്ല ഇന്ത്യയുടെ പരിശീലകനായതെന്ന മറുപടിയാണ് സ്റ്റിമാക് നല്‍കിയത്. അടുത്ത കുറച്ച് മാസങ്ങളില്‍ ഫിഫയുടെ രണ്ട് വിന്‍ഡോസ് നമുക്ക് നേടിയെടുക്കാന്‍ സാധിക്കും. സൗഹൃദ മത്സരങ്ങള്‍ കളിക്കാന്‍ നമ്മള്‍ തയാറായിരിക്കണം. അതിന് എത്രയും വേഗം എ.ഐ.എഫ്എ.ഫ് ഇടപെടണം. ഈ കാര്യങ്ങള്‍ സംസാരിക്കാനാണ് ഫെഡറേഷനിലെ പ്രധാനികളെ കാണാന്‍ താനാഗ്രഹിക്കുന്നതെന്നും സ്റ്റിമാക് പറഞ്ഞു.
ഐ.എസ്.എൽ ചെറിയൊരു ടൂര്‍ണമെന്റാണ്. സീസണ്‍ മുഴുവന്‍ നീണ്ടു നില്‍ക്കുന്നതാകണം അത്. പതിനെട്ട് ടീമുകള്‍, പ്രമോഷനും റെലഗേഷനും ഉള്‍പ്പെടുന്നതാകണം ഐ.എസ്.എല്‍. ഏഷ്യയിലെ വലിയ ഫുട്‌ബാള്‍ ടീമുകളുമായി തട്ടിച്ച് നോക്കുമ്പോള്‍ ഇന്ത്യ എട്ടോ പത്തോ വര്‍ഷം പിറകിലാണ്. മികച്ച ആഭ്യന്തര ലീഗ് ഘടന ഉണ്ടെങ്കിലേ മികച്ച ദേശീയ ടീം സാധ്യമാകൂ. വര്‍ഷം അമ്പത് മത്സരങ്ങളെങ്കിലും ഒരു കളിക്കാരൻ കളിക്കേണ്ടതുണ്ട്- 1998 ലോകകപ്പില്‍ ക്രൊയേഷ്യക്കൊപ്പം വെങ്കല മെഡല്‍ നേടിയ താരം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.