'രാവിലെ മരണ വിവരം കേട്ടത് മൊതല് അസ്വസ്ഥതയാ'; ലിസ്റ്റനെ അനുസ്​മരിച്ച്​ ഐ.എം വിജയൻ

തൃശൂർ: അന്തരിച്ച കേരള പൊലീസ്​ മുൻ താരം ലിസ്റ്റനെ അനുസ്​മരിച്ച്​ സഹതാരമായിരുന്ന ഐ.എം വിജയൻ. തനിക്ക് നഷ്ടപ്പെട്ടത് കളിക്കൂട്ടുകാരൻ മാത്രമല്ല, സഹോദരൻ കൂടിയാണെന്ന്​ വിജയൻ അനുസ്​മരിച്ചു. കേരള പൊലീസിൽ അസിസ്റ്റന്‍റ്​ കമാൻഡറായിരുന്ന ലിസ്റ്റൻ ഹൃദയാഘാതത്തെ തുടർന്ന്​ വെള്ളിയാഴ്ച രാത്രിയാണ്​ മരണമടഞ്ഞത്​.

''എന്‍റെ കുടുംബവുമായി ലിസ്റ്റൺ പറഞ്ഞറിയിക്കാനാവാത്ത അടുപ്പമാണ് കാണിച്ചത്. അവന് പെങ്ങന്മാരില്ല. രാജി (എന്‍റെ ഭാര്യ) അനിയത്തിയാണെന്ന് അവൻ പറയുമായിരുന്നു. ഞങ്ങൾ 12-ാം വയസിൽ ചാത്തുണ്ണി സാറിന്‍റെ പരിശീലന ക്യാമ്പിൽ എത്തിയതാ. അവട്ന്നാ കളി പഠിച്ചേ. '87ൽ ഞാൻ പോലീസിൽ ചേർന്നു. 88 ൽ അവനെത്തി. പിന്നെ ഞങ്ങള് ഇന്ത്യ കളിച്ചു. മാലി ദ്വീപില് ജൂനിയർ ഇന്ത്യൻ ടീമില് ഞങ്ങളൊന്നിച്ച് ഉണ്ടായിരുന്നു''.

''പിന്നെ സന്തോഷ് ട്രോഫി കേരള ടീമില്. ഞാനും അവനും പാപ്പച്ചൻ സാറുമായിരുന്നു കൂട്ട്. അവൻ ലെഫ്റ്റ് വിങ്ങില് സ്ട്രോങ്ങായിരുന്നു. അവൻ്റെ അപ്പന്‍റെ പോലെന്നെ അവനും എടങ്കാലടിയനായിരുന്നു. ഭയങ്കര സ്ട്രോങ്ങായിരുന്നു അവന്‍റെ അടികൾ. ഗോളികൾക്ക് പിടിക്കാൻ പറ്റില്യ. അവര് ടെ കയ്യില് തട്ടി തെറിയ്ക്കുമ്പോ ഞാനത് തട്ടി വലേലാക്കും. അങ്ങനെ കൊറേ ഗോള് ഞാനടിച്ചിട്ടുണ്ട്​. അവന്‍റെ കാലിലെ മസില് ഒറച്ചതാ. അവനെ പെട്ടെന്ന് ആർക്കും ടാക്കിൾ ചെയ്യാൻ പറ്റില്യ. എടങ്കാലടിയില് അവൻ്റെ പിൻഗാമിയാണ് ജോ പോള്.''

''മറക്കാൻ പറ്റില്യ അവനെ. രാവിലെ മരണ വിവരം കേട്ടത് മൊതല് അസ്വസ്ഥതയാ. അവന് ഷുഗറ് ഉണ്ടായിരുന്നു. സൈലൻ്റ് അറ്റാക്കായിരുന്നുവെന്നാ കേട്ടത്'' - വിജയൻ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.