2021- 2022ലാണ്. ബോസ്നിയൻ ഫുട്ബാളർ എനെസ് സിപോവിച് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ സെന്റർ ബാക്കായി കളിക്കുന്ന കാലം. കോവിഡ് പ്രതിസന്ധി കാരണം ഗോവയിലായിരുന്നു ഐ.എസ്.എൽ മത്സരങ്ങൾ. സിപോവിചിന്റെ ഗർഭിണിയായിരുന്ന പത്നി നെജ്റ മിക്കവാറും എല്ലാ മത്സരങ്ങളും ടി.വിയിൽ കാണാറുണ്ടായിരുന്നു.
നോർത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ കളി നടക്കുമ്പോൾ കമന്റേറ്റർമാർ ഇടക്കിടെ പറഞ്ഞ ഒരു പേര് അവരുടെ മനസ്സിൽ പതിഞ്ഞു. പിന്നെ, ആ പേര് കേൾക്കാൻവേണ്ടിയെന്നോണം നോർത്ത് ഈസ്റ്റിന്റെ കളി കാണുന്നത് പതിവാക്കി.
‘ഇംറാൻ...ഇംറാൻ’എന്ന് കമന്റേറ്റർമാർ ആവർത്തിക്കവെ നെജ്റ ഒരു കാര്യം തീരുമാനിച്ചു; സിപോവിചിനോട് അത് പങ്കുവെക്കുകയും ചെയ്തു: ‘അത്രയും മനോഹരമായൊരു പേരാണിത്. ദൈവം നമുക്കൊരു ആൺകുഞ്ഞിനെ സമ്മാനിച്ചാൽ അവന് ഇംറാൻ എന്ന് പേരിടണം.’2022 മേയ് 27ന് കുഞ്ഞു ഇംറാൻ പിറന്നു.
പേരിട്ട കാര്യം സിപോവിച് ട്വീറ്റ് ചെയ്തപ്പോൾ ഇംറാൻ ഇങ്ങനെ മറുപടി നൽകി: ‘ഇംറാൻ എന്നാൽ സമൃദ്ധിയെന്നാണർഥം. ഈ ആദരവിന് നന്ദി. ഇക്കാര്യം ഞാൻ അമ്മയോട് പറഞ്ഞു. അവർ കുഞ്ഞിനെ അനുഗ്രഹിച്ചിരിക്കുന്നു. നിങ്ങൾ അമ്മയെ സന്തോഷവതിയാക്കിയിരിക്കുന്നു.നമ്മൾ ഒരിക്കൽ നേരിട്ട് കാണും.’കുഞ്ഞിന് പേരിടാൻ നെജ്റക്കും സിപോവിചിനും പ്രേരണയായ വിങ്ങർ ഇംറാൻ ഖാൻ അന്താരാഷ്ട്ര ഫുട്ബാളിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കാനായി സൗദി അറേബ്യയിലാണിപ്പോൾ. നീലക്കുപ്പായമെന്ന ഇംറാന്റെ സ്വപ്നം സഫലമായതിൽ താനും കുടുംബവും അതിയായി സന്തോഷിക്കുന്നുവെന്ന് സിപോവിച് 'മാധ്യമ'ത്തോട് പറഞ്ഞു.
മണിപ്പൂരിലെ ഇംഫാൽ ഈസ്റ്റ് ജില്ലയിലെ കൈരംഗ് മായൈ ലെയ്കൈ എന്ന, ഫുട്ബാളിന് വളക്കൂറുള്ള മണ്ണിൽ ജനിച്ചുവളർന്ന ദരിദ്രബാലൻ. മാതാവിനൊപ്പം ചെറുപ്പത്തിലേ പച്ചക്കറി വിൽക്കാൻ തെരുവിലേക്കിറങ്ങി. ആ ദിവസങ്ങൾ ഇംറാൻ ഓർത്തെടുക്കുന്നത് ഇങ്ങനെ: ‘‘എനിക്ക് അന്ന് 13 വയസ്സായിരുന്നു.
അമ്മ തെരുവിൽ പച്ചക്കറി വിൽക്കും. ഞങ്ങൾക്ക് ഒരു വണ്ടിപോലും ഇല്ലായിരുന്നു. നിലത്തിരുന്ന് വിൽക്കുന്ന അമ്മയെ സഹായിക്കാൻ എപ്പോഴും കൂടെ പോകുമായിരുന്നു. അങ്ങനെയാണ് ഞങ്ങൾ ഉപജീവനം കണ്ടെത്തിയത്. ആ സ്ഥലത്തിനടുത്തായി കുട്ടികൾ കളിക്കുന്ന ഒരു ചെറിയ ഗ്രൗണ്ട് ഉണ്ടായിരുന്നു. അവരോടൊപ്പം പോയി കളിക്കണോയെന്ന് അമ്മ എന്നോട് ചോദിച്ചു. അങ്ങനെയാണ് പന്തുമായുള്ള എന്റെ സൗഹൃദം ആരംഭിക്കുന്നത്.’’2013ൽ മുഹമ്മദൻസിലൂടെയായിരുന്നു ഇംറാന്റെ ഐ ലീഗ് അരങ്ങേറ്റം.
2018ൽ ഐ.എസ്.എല്ലിനായി എഫ്.സി ഗോവയിൽ. എന്നാൽ, കളിക്കാൻ അവസരം ലഭിക്കാതിരുന്നപ്പോൾ പിറ്റേ വർഷം വായ്പയിൽ ഗോകുലം കേരള എഫ്.സിയിലേക്ക് മാറി. 2020ൽ നെരോകക്കായും ഐ ലീഗ് കളിച്ചു. 2020-23ൽ ഐ.എസ്.എല്ലിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ ജഴ്സിയണിഞ്ഞു.
ഇപ്പോൾ ജാംഷഡ്പുർ എഫ്.സിയിലാണ്. നാല് ഐ.എസ്.എൽ ഗോളുകളും താരത്തിന്റെ പേരിലുണ്ട്. ഐ.എസ്.എല്ലിലെ പ്രകടനം 29കാരനെ ആദ്യമായി ഇന്ത്യൻ ടീമിലുമെത്തിച്ചു. ‘‘എന്റെ സഹോദരൻ വിളിച്ച് ഞാൻ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതായി പറഞ്ഞു. ശരിക്കും ആശ്ചര്യപ്പെട്ടു. സത്യമാണോയെന്ന് ഞാൻ ആവർത്തിച്ചു ചോദിച്ചു. എത്രയോ വർഷങ്ങളായി സ്വപ്നം കാണുകയായിരുന്നു. കുട്ടിക്കാലത്ത് ഇന്ത്യൻ ജഴ്സി ധരിക്കാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു.
ശരിക്കും സന്തോഷിച്ചു. ആ നിമിഷം എനിക്ക് വാക്കുകളിൽ വിശദീകരിക്കാൻ കഴിയില്ല’’-ഇംറാൻ തുടർന്നു. അന്താരാഷ്ട്ര വേദിയിൽ രാജ്യത്തെ പ്രതിനിധാനംചെയ്യുക, സുനിൽ ഛേത്രിക്കൊപ്പം ഡ്രസിങ് റൂം പങ്കിടുക, അമ്മയെ അഭിമാനം കൊള്ളിക്കുക... ഇതൊക്കെയായിരുന്നു ഇംറാന്റെ സ്വപ്നങ്ങൾ.
വ്യാഴാഴ്ച രാത്രി അബഹയിലെ ‘ദമാക് മൗണ്ടെയ്ൻ’എന്നറിയപ്പെടുന്ന അമീർ സുൽത്താൻ ബിൻ അബ്ദുൽ അസീസ് സ്റ്റേഡിയത്തിൽ ഇന്ത്യ അഫ്ഗാനിസ്താനെതിരെ ഫിഫ ലോകകപ്പ് യോഗ്യത റൗണ്ടിനിറങ്ങുമ്പോൾ ഇത് സഫലമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.