ദമ്മാം: സാഫ് അണ്ടര്‍ 19 ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ഫുട്ബാള്‍ ടീം സന്നാഹമത്സരങ്ങളുടെ ഭാഗമായി ദമ്മാമിലെ അല്അഹ്സയിലെത്തി. 23 അംഗ ടീമിന്റെ മുഖ്യപരിശീലകന്‍ ശുവേന്തു പാണ്ഡെയും ടീമിനോടൊപ്പം ദമ്മാമിലെത്തിയിട്ടുണ്ട്. മലയാളിയായ ടീം അസിസ്റ്റൻറ് കോച്ച് ബിബി തോമസ്, ഷെഹിന് മുഹമ്മദ് (ഫിസിയോ) എന്നിവര്‍ക്കൊപ്പം രണ്ടു മലയാളി കളിക്കാരും ടീമിലുണ്ട്.
തിരുവനന്തപുരം സ്വദേശി കേരള ബ്ലാസ്റ്റേഴ്സിന്റെ റിസര്‍വ് താരം മധ്യനിരക്കാരന് എബിന് ദാസ്, ഗോകുലം കേരള എഫ്.സിയുടെ താരം പ്രതിരോധനിരക്കാരന്‍ തോമസ് കെ. ചെറിയാന് എന്നിവരാണ് ടീമിലുള്ള മലയാളി കളിക്കാര്‍. സൗദി ടീമുമായി സൗഹൃദമത്സരങ്ങളില്‍ പങ്കെടുത്ത ടീമിന് സാഫ് ഗെയിംസില്‍ മികച്ച കളി കാഴ്ചവെച്ച് കിരീടം ചൂടാന്‍ സാധിക്കുമെന്ന് ടീം കോച്ച് ബിബി തോമസ് പറഞ്ഞു.
നേപ്പാളിലെ കാഠ്മണ്ഡുവില്‍ ഈ മാസം 21 മുതലാണ് സാഫ് അണ്ടര്‍ 19 ചാമ്പ്യന്‍ഷിപ്. ഗ്രൂപ് ബിയില്‍ ഭൂട്ടാന്, ബംഗ്ലാദേശ് ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യ. മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ താരം സയ്യിദ് ഹുസൈന് (ഹൈദരാബാദ്), ദമ്മാം ഫോക്കസ് അക്കാദമി ഭാരവാഹികളായ എന്‍.പി. സുനീര്‍, ഫവാസ് ഇല്ലിക്കല്‍, ആദില്‍, അജ്മല്‍ കൊളക്കാടന്‍, നസീം അബ്ദുറഹ്മാന്, അന്‍ഷാദ് കാവില്‍, ദമ്മാം ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന് പ്രസിഡൻറ് മുജീബ് കളത്തില്‍ എന്നിവര്‍ ടീമിനെ സന്ദര്‍ശിച്ച് വിജയാശംസകള്‍ നേര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.