കുവൈത്ത് സിറ്റി: ലോകകപ്പ് ഫുട്‌ബാൾ യോഗ്യതാ മത്സരത്തിൽ കുവൈത്തിനെ മലർത്തിയടിച്ച് ഇന്ത്യ. എതിരാളികളുടെ തട്ടകമായ ജാബിർ അൽ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. 75-ാം മിനിറ്റിൽ ലാലിയൻസുവാല ചാങ്‌തെയുടെ മനോഹര ക്രോസിൽ മൻവീർ സിങ്ങിന്റെ വകയായിരുന്നു വിജയഗോൾ.
ഇടത് വിങ്ങിലൂടെ കുതിച്ച ചാങ്‌തെ ബോക്സിനകത്തേക്ക് നൽകിയ കിടിലൻ ക്രോസ് കുവൈത്ത് പ്രതിരോധ നിരയെ മറികടന്ന് മൻവീർ വലയിലാക്കുകയായിരുന്നു. മറുപടി ഗോളിനായി കുവൈത്ത് കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധം ഉറച്ചുനിന്നു. 94-ാം മിനിറ്റിൽ കുവൈത്ത് താരം അൽ ഹർബി, ചാങ്തെയെ ഫൗൾ ചെയ്തതിന്റെ പേരിൽ ചുവപ്പ് കാർഡ് കണ്ട് പുറത്താവുകയും ചെയ്തു. സുനിൽ ഛേത്രി, സഹൽ അബ്ദുൾ സമദ്, സന്ദേശ് ജിങ്കൻ, രാഹുൽ കെ.പി തുടങ്ങിയ പ്രമുഖരെല്ലാം കളിക്കാനിറങ്ങിയിരുന്നു.
ഗ്രൂപ്പ് എയിലെ ടീമുകളുടെ ആദ്യ മത്സരമായിരുന്നു വ്യാഴാഴ്ച നടന്നത്. ഒരു ജയത്തോടെ പോയിന്റ് പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. നേരത്തെ അഫ്ഗാനിസ്താനെ തോൽപ്പിച്ച ഖത്തറാണ് ഒന്നാമത്. ഇന്ത്യക്കും ഖത്തറിനും മൂന്നു പോയന്റ് വീതമാണുള്ളത്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ മൂന്നാം റൗണ്ടിൽ പ്രവേശിക്കും. ഒപ്പം, 2027ൽ സൗദിയിൽ നടക്കുന്ന ഏഷ്യൻ കപ്പിനും യോഗ്യത നേടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.