ബംഗളൂരു: ഇന്ത്യൻ ഫുട്ബാൾ പ്രേമികൾക്ക് പ്രതീക്ഷക്ക് വക നൽകുന്നതാണ് ദേശീയ ടീമിന്റെ സമീപകാല പ്രകടനങ്ങൾ. 2023ലെ അപരാജിത യാത്ര സാഫ് കപ്പിലെ ഒമ്പതാം കിരീടനേട്ടത്തിൽ എത്തിനിൽക്കുന്നു. ഫിഫ റാങ്കിങ്ങിൽ ഇന്ത്യയുടെ സമീപത്തോ താഴെയോ നിൽക്കുന്നവരായിരുന്നു എതിരാളികളെങ്കിലും ഇഗോർ സ്റ്റിമാക് പരിശീലിപ്പിക്കുന്ന സംഘത്തിന്റെ അപരാജിത യാത്രകൾക്കും ക്ലീൻഷീറ്റുകൾക്കുമപ്പുറം അന്തിമ ലൈനപ്പ് ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞത് തന്നെയാണ് ശോഭനഭാവിയിലേക്ക് ചൂണ്ടുപലകയാവുന്നത്.
ഇംഫാൽ ഖുമൻ ലംപാക് സ്റ്റേഡിയം വേദിയായ മാർച്ചിലെ ത്രിരാഷ്ട്ര പരമ്പരയോടെയാണ് തുടക്കം. മ്യാന്മറിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയ ഇന്ത്യ പിന്നെ തിരിഞ്ഞുനോക്കിയില്ല. കിർഗിസ്താനെ 2-0ത്തിന് തോൽപിച്ച് കിരീടം സ്വന്തമാക്കി. ജൂണിൽ ഭുവനേശ്വറിലെ കലംഗയിൽ ഇന്ത്യ, ലബനാൻ, മംഗോളിയ, വനുവാതു ടീമുകൾ പങ്കെടുത്ത ഇന്റർ കോൺടിനന്റൽ കപ്പ്. ഫൈനലിൽ ലബനാനെ തോൽപിച്ച് ജേതാക്കളായി. ഇതോടെ അഞ്ചു വർഷത്തെ ഇടവേളക്കു ശേഷം ഇന്ത്യ ഫിഫ റാങ്കിങ്ങിൽ ആദ്യ നൂറിലെത്തി. ബംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന സാഫ് കപ്പിൽ പങ്കെടുത്തത് എട്ട് ടീമുകൾ. ലബനാനും കുവൈത്തും ഉയർത്തിയ വെല്ലുവിളികൾ മറികടന്ന് കപ്പ് നിലനിർത്തി ടീം ഇന്ത്യ. തോൽവി അറിയാതെ 11 മത്സരങ്ങളെന്ന റെക്കോഡ്. അതിൽ ഒമ്പതിലും ക്ലീൻ ഷീറ്റ്. സാഫ് കപ്പ് ഗ്രൂപ് റൗണ്ടിലും ഫൈനലിലും കുവൈത്ത് ഓരോ തവണ ഇന്ത്യൻ വലയിൽ പന്തെത്തിച്ചു. അടിച്ചത് 16 ഗോളുകൾ വഴങ്ങിയത് രണ്ടെണ്ണം മാത്രം. സാഫ് നേപ്പാളിനെതിരായ ജയത്തോടെ ഗോൾ വഴങ്ങാതെ എട്ട് തുടർച്ചയായ മത്സരങ്ങൾ എന്ന റെക്കോഡും ടീം നേടിയിരുന്നു. 1948 ജൂൺ മൂന്നു മുതൽ 1952 മാർച്ച് 23 വരെ കാലയളവിൽ ഇന്ത്യൻ ടീം കുറിച്ച ഗോൾ വഴങ്ങാതെ ഏഴു മത്സരങ്ങൾ എന്ന റെക്കോഡാണ് വീണത്.
കോച്ചെന്ന നിലയിൽ ക്രൊയേഷ്യക്കാരനായ സ്റ്റിമാക്കിന്റെ കരിയർ ബെസ്റ്റ് പ്രകടനമാണിത്. തുടർച്ചയായി രണ്ടു തവണ എ.എഫ്.സി ഏഷ്യ കപ്പിന് ഇന്ത്യ യോഗ്യത നേടുന്നത് സ്റ്റിമാക്കിന് കീഴിലാണ്. ഇതുവരെ അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ 18 ജയങ്ങൾ. 2018ലെ ഇന്റർ കോണ്ടിനെന്റൽ കപ്പും 2021ലെ സാഫ് കപ്പും ഈ വർഷം ഇംഫാലിൽ നടന്ന ത്രിരാഷ്ട്ര സീരീസും ഒഡിഷയിൽ നടന്ന ഇന്റർ കോണ്ടിനെന്റൽ കപ്പും നേട്ടപ്പട്ടികയിലുണ്ട്. ഇപ്പോഴിതാ മറ്റൊരു സാഫ് കിരീടവും. സാഫ് കപ്പ് സെമിയിൽ ലബനാനെ ടൈബ്രേക്കറിൽ മറികടന്നതോടെ തോൽക്കാതെ ഏറ്റവും കൂടുതൽ മത്സരങ്ങൾ എന്ന സ്വന്തം റെക്കോഡും സ്റ്റിമാക്കിന്റെ കുട്ടികൾ പുതുക്കി. 2002- 03 കാലത്ത് കുറിച്ച അപരാജിതരായി ഒമ്പത് മത്സരങ്ങൾ എന്ന മികച്ച നേട്ടം മറികടന്ന് 11ലെത്തിയിട്ടുണ്ട്. ഹോം ഗ്രൗണ്ടിൽ തോൽവിയില്ലാതെ തുടർച്ചയായ 15 മത്സരങ്ങൾ ഇന്ത്യ പിന്നിട്ടു കഴിഞ്ഞു. ടൈബ്രേക്കർ കൂടി ചേർത്ത് 12 ജയവും മൂന്ന് സമനിലയുമാണ് സ്വന്തം മൈതാനത്ത് ഇന്ത്യയുടെ ക്രെഡിറ്റ്. 2021ലെ സാഫ് കപ്പ് സെമിയിലും സ്റ്റിമാക് ചുവപ്പ് കാർഡ് കണ്ട് പുറത്തായിരുന്നു. ഇക്കുറി രണ്ട് തവണ ഇതാവർത്തിച്ചപ്പോൾ പരിശീലകന് ഇന്ത്യയുടെ ഭൂരിഭാഗം കളികൾ നടക്കുമ്പോഴും ഗാലറിയിൽ കാഴ്ചക്കാരനായി ഇരിക്കേണ്ടി വന്നു.
11 മത്സരങ്ങളിൽ ഇന്ത്യ അടിച്ച 16 ഗോളിന്റെ നല്ലൊരു പങ്കും ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് അവകാശപ്പെട്ടതാണ്. 38 പിന്നിടുന്ന ഛേത്രി കളംവിട്ടാൽ പകരമാരെന്ന ചോദ്യം ഇന്ത്യയെ അലട്ടുന്നുണ്ട്. സാഫ് കപ്പിലെ മധ്യനിരയുടെയും മുന്നേറ്റ നിരയുടെയും പ്രകടനം അതിന് പൂർണ ഉത്തരമല്ലെങ്കിലും തീരെ നിരാശ നൽകുന്നതുമല്ല. ശരിക്കും തിളങ്ങിയത് ഇന്ത്യയുടെ ഊർജസ്വലരായ യുവ പ്രതിഭകളാണ്. ലാലിയൻ സുവാല ചാങ്തെ, സഹൽ അബ്ദുസ്സമദ്, ആഷിക് കുരുണിയൻ, ജീക്സൺ സിങ്, അനിരുദ്ധ് ഥാപ്പ, മഹേഷ് സിങ് നൊയോറം എന്നിവരെല്ലാം ടീമിന്റെ വിജയത്തിന് കാര്യമായ സംഭാവനകൾ നൽകി. പരിചയസമ്പന്നനായ സന്ദേശ് ജിങ്കാൻ നയിക്കുന്ന പ്രതിരോധനിരയിൽ നിഖിൽ പൂജാരി, ആകാശ് മിശ്ര, അൻവർ അലി എന്നിവരും തിളങ്ങി. രണ്ട് നിർണായക പെനാൽറ്റികൾ രക്ഷപ്പെടുത്തി സെമി ഫൈനലിലും ഫൈനലുകളിലും ഗുർപ്രീത് സിങ് സന്ധു ഹീറോയായി. ലിസ്റ്റൻ കൊളാസോ അടക്കമുള്ളവർ അവസരം കാത്ത് ബെഞ്ചിലിരിക്കുന്നുമുണ്ട്. തായ് ലൻഡിൽ സെപ്റ്റംബറിൽ നടക്കുന്ന കിങ്സ് കപ്പാണ് ഇന്ത്യക്ക് അടുത്ത വെല്ലുവിളി. ആതിഥേയർക്ക് പുറമെ ലെബനാനും ഇറാഖുമുണ്ട്. അടുത്ത വർഷത്തെ എ.എഫ്.സി ഏഷ്യ കപ്പിനൊരുങ്ങുന്ന ഇന്ത്യക്ക് ഇത് തയാറെടുപ്പ് കാലമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.