പനാജി: പത്തുപേരായി ചുരുങ്ങിയിട്ടും ടാറ്റ ഉരുക്കു കോട്ട പൊട്ടിക്കാൻ മുംബൈ സിറ്റിക്കായില്ല. ഐ.എസ്.എലിലെ വമ്പന്മാരായ മുംബൈ സിറ്റി എഫ്.സിയെ ജാംഷഡ്പൂർ എഫ്.സി 1-1ന് സമനിലയിൽ തളച്ചു. മധ്യനിരയിലെ നട്ടെല്ലായ എയ്റ്റർ മൺറോയിക്ക് ചുവപ്പു കാർഡ് കണ്ട് പുറത്തു പോവേണ്ടി വന്നിട്ടും അവസാനം വരെ പൊരുതിയാണ് ജാംഷഡ്പൂർ സമനില പിടിച്ചെടുത്തത്. സൂപ്പർ സേവുമായി മലയാളി താരം ടി.പി രഹനേഷ് കളിയിൽ നിറഞ്ഞു നിന്നു.
ജാഷംഡ്പൂരിനായി വാൽസ്കിസും(9), മുംബൈക്കായി ഒഗ്ബച്ചെയുമാണ്(15) ഗോൾ നേടിയത്. 13 പോയൻറുള്ള മുംബൈ തന്നെ ഒന്നാമൻ. ജാംഷഡ്പൂർ ഏഴാമതാണ്. കളിച്ച നാലു മത്സരങ്ങളിലും ജയിച്ച് മുന്നേറുകയായിരുന്ന ടീമിനാണ് ഓവൻ കേയ്ലിൻെറ സംഘം തടയിട്ടത്.
ഒന്നാം സ്ഥാനക്കാരുടെ വമ്പുമായി എത്തിയ മുംബൈക്ക് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. ഒഗ്ബച്ചെയെയും ആഡം ലെ ഫോഡ്രെയെയും ജാംഷഡ്പൂരുകാർ നന്നായി മെരുക്കി. കളിയുടെ ഒമ്പതാം മിനിറ്റിൽ തന്നെ ജാംഷഡ്പൂർ, മുംബൈ സിറ്റിയുടെ വലകുലുക്കിയപ്പോൾ, ആരാധകർ ശരിക്കും ഞെട്ടി. കഴിഞ്ഞ സീസണിലെ ടോപ് സ്കോറർ ലിത്വാനിയക്കാരൻ നെറിജസ് വാൽസ്കിസാണ് ബോക്സിൽ നിന്ന് അനായാസം ഗോൾ നേടിയത്. ജാക്കിചന്ദ് സിങ്ങിൻെറ ചെറിയ ക്രോസ് പോസ്റ്റിൻെറ കോർണറിലേക്ക് ചെത്തിവിട്ടാണ് വാൽസ്കിസ് ഗോൾ നേടുന്നത്. എന്നാൽ, ഈ ലീഡ് അധികം നിലനിറത്താൻ ജാംഷഡ്പൂരിനായില്ല. 15ാം മിനിറ്റിൽ സൂപ്പർ താരം ഒഗ്ബച്ചെയുടെ ഫിനിഷിങ്ങിൽ മുംബൈ ഒപ്പമെത്തി.
ഇതോടെ കളി മുറുകി. എന്നാൽ, 28ാം മിനിറ്റിൽ എയ്റ്റർ മൺറോയിക്ക് രണ്ടാം മഞ്ഞകാർഡ് ലഭിച്ച് പുറത്തായത് ജാംഷഡ്പൂരിന് തിരിച്ചടിയായി. എങ്കിലും അവസാനം വരെ അവർ പൊരുതി. ടാറ്റ ഉരുക്കു കോട്ട പൊട്ടിക്കാൻ സെർജിയോ ലൊബേറ തന്ത്രങ്ങൾ പലതും മാറ്റിയെങ്കിലും രക്ഷയുണ്ടായില്ല. സ്കോർ 1-1ന് അവസാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.