കൊച്ചി: ഐ.എസ്.എല്ലിൽ അവസാനഘട്ട മത്സരങ്ങൾ പുരോഗമിക്കവേ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി ഗോൾ കീപ്പർ സചിൻ സുരേഷിന്റെ പരിക്ക്. താരത്തിന്റെ തോളെല്ലിനേറ്റ പരിക്ക് ഗുരുതരമുള്ളതാണെന്നും ശസ്ത്രക്രിയ വേണ്ടിവരുമെന്നുമാണ് റിപ്പോർട്ട്. വിദഗ്ധ ചികിത്സക്കായി സചിൻ സുരേഷ് മുംബൈയിലേക്ക് പുറപ്പെടുമെന്നാണ് ക്ലബ് വൃത്തങ്ങൾ അറിയിക്കുന്നത്. താരത്തിന് ഈ സീസൺ പൂർണമായും നഷ്ടപ്പെട്ടേക്കും.
ഈ സീസണിൽ ഗംഭീര ഫോമിലായിരുന്ന താരത്തിന് ചെന്നൈ എഫ്.സിയുമായുള്ള അവസാന മത്സരത്തിലാണ് തോളിന് പരിക്കേറ്റത്. ആദ്യം ചെന്നൈയിലും പിന്നീട് കൊച്ചിയിലും ചികിത്സ തേടിയ താരത്തിന് വിദഗ്ധ ചികിത്സ നിർദേശിച്ചതിനെ തുടർന്നാണ് മുംബൈയിലേക്ക് പോകുന്നത്. സചിന്റെ അഭാവത്തിൽ കരൺ ജിത്തായിരിക്കും കേരള ബ്ലാസ്റ്റേഴ്സ് വലകാക്കുക.
ഐ.എസ്.എൽ 2020-24 സീസണിന്റെ തുടക്കത്തിൽ മികച്ച മുന്നേറ്റം നടത്തിയിരുന്ന ബ്ലാസ്റ്റേഴ്സ് രണ്ടാം പാദത്തിൽ ഹാട്രിക് തോൽവി ഏറ്റുവാങ്ങി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. 15 മത്സരങ്ങളിൽ നിന്ന് എട്ടുജയവും അഞ്ചു തോൽവിയും രണ്ടു സമനിലയും ഉൾപ്പെടെ 26 പോയിന്റാണുള്ളത്.
സീസണിൽ പ്ലേ ഓഫ് സാധ്യത ഇനിയും നിലനിൽക്കുന്ന ടീമിന് പരിക്ക് തന്നെയാണ് വില്ലൻ. സചിന് പുറമേ മാർക്കോ ലെസ്‌കോവിച്ചും പരിക്കേറ്റ് കളംവിട്ടിരുന്നു. അഡ്രിയാൻ ലൂണ, ജൗഷുവ സോട്ടിരിയോ, ഐബാൻ ഡോഹ്‌ലിംഗ്, ക്വാമെ പെപ്ര തുടങ്ങിയവർ പരിക്കിനെ തുടർന്ന് ദീർഘകാലമായി പുറത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.