റിയാദ്: റിയാദ് കിങ്ഡം അരീന സ്റ്റേഡിയത്തിൽ വ്യാഴാഴ്ച രാത്രി ഒമ്പതിന് നടക്കുന്ന റിയാദ് സീസൺ കപ്പ് ഫുട്ബാൾ ടൂർണമെൻറിന്റെ രണ്ടാം മത്സരത്തിൽ ലയണൽ മെസ്സിയുടെ ഇൻറർ മിയാമിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽനസ്റും ഏറ്റുമുട്ടും. പേശികൾക്ക് പരിക്കേറ്റ് വിശ്രമത്തിലായ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഈ മത്സരത്തിൽ കളിക്കാനാവില്ലെന്ന് അദ്ദേഹത്തിന്റെ മാനേജർ ലൂയിസ് കാസ്ട്രോ സ്ഥിരീകരിച്ചു. ഫുട്ബാൾ ലോകത്തെ ഇതിഹാസങ്ങളായ ലയണൽ മെസ്സി-ക്രിസ്റ്റ്യാനോ റൊണാൾഡോ പോരാട്ടം പ്രതീക്ഷിച്ചിരുന്ന സൗദിയിലെയും രാജ്യത്തിന് പുറത്തുമുള്ള ഫുട്ബാൾ ആരാധകർ ഇതോടെ നിരാശരായി. 38കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ കാലിന് പരിക്കേറ്റ് നാളുകളായി വിശ്രമത്തിലാണ്.
നേരത്തേ ചൈനയിൽ കളിക്കാനായി എത്തിയെങ്കിലും ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണം മത്സരങ്ങൾ മാറ്റിവെച്ചിരുന്നു. ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നേർക്കുനേർ ഏറ്റുമുട്ടുന്ന മത്സരം നേരിൽ കാണുന്നതിന് നേരത്തേ തന്നെ ടിക്കറ്റുകൾ കരസ്ഥമാക്കി കാത്തിരുന്ന ഫുട്ബാൾ പ്രേമികളെല്ലാം റൊണാൾഡോയുടെ അസാന്നിധ്യത്തിൽ കടുത്ത നിരാശയിലാണ്. കഴിഞ്ഞ വർഷം ജൂലൈയിൽ മെസ്സി പി.എസ്.ജിയിലായിരിക്കെ ക്രിസ്റ്റ്യാനോയുടെ അൽനസ്റുമായി സൗഹൃദമത്സരം നടന്നിരുന്നു. ജപ്പാൻ നഗരമായ ഒസാകയിൽ നടന്ന മത്സരം ഗോൾരഹിത സമനിലയിൽ പിരിയുകയായിരുന്നു. മെസ്സിയും റൊണാൾഡോയും നേർക്കുനേർ ഏറ്റുമുട്ടുന്ന അവസാന മത്സരമെന്ന നിലക്ക് ‘ലാസ്റ്റ് ഡാന്‍സ്’ എന്നായിരുന്നു റിയാദ് സീസണ് കപ്പ് സംഘാടകര്‍ ഈ മത്സരത്തിന് പേര് നൽകിയിരുന്നത്.
തിങ്കളാഴ്ച നടന്ന റിയാദ് സീസൺ കപ്പ് ഫുട്ബാൾ ടൂർണമെൻറിന്റെ ഒന്നാം മത്സരത്തിൽ മെസ്സിയുടെ ഇൻറർ മിയാമിക്കെതിരെ നെയ്മർ ജൂനിയർ നേതൃത്വം നൽകുന്ന സൗദി ക്ലബ് അൽഹിലാൽ മൂന്നിനെതിരെ നാല് ഗോളിൽ വിജയിച്ചിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് ബ്രസീലില്‍ വിശ്രമത്തിലായതിനാല്‍ നെയ്മർ റിയാദ് സീസൺ കപ്പ് ടൂർണമെൻറിൽ കളിക്കുന്നില്ല. ഇൻറർ മിയാമി-അൽഹിലാൽ മത്സരഫലം മെസ്സി ആരാധകരിലും കടുത്ത നിരാശ ഉണ്ടാക്കിയിരുന്നു. ടൂർണമെൻറിന്റെ മൂന്നാം മത്സരത്തിൽ ഫെബ്രുവരി എട്ടിന് അൽഹിലാലും അൽനസ്റും തമ്മിൽ ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.