കോൺകാകാഫ് ചാമ്പ്യൻസ് കപ്പ് ക്വാർട്ടർ ഫൈനലിൽ കനത്ത തോൽവിയോടെ ഇന്റർ മയാമി പുറത്ത്. മെക്സിക്കൻ ക്ലബ് മോന്റെറെയാണ് രണ്ടാംപാദ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളിന് ഇന്റർമയാമിയെ വീഴ്ത്തിയത്. പരിക്ക് കാരണം ആദ്യപാദ മത്സരത്തിൽ ഇല്ലാതിരുന്ന സൂപ്പർ താരം ലയണൽ മെസ്സി ഇറങ്ങിയിട്ടും അമേരിക്കൻ ക്ലബിന് രക്ഷയുണ്ടായില്ല. ആദ്യപാദ മത്സരത്തിൽ 2-1ന് മോന്റെറെ ജയിച്ചതിനാൽ മൊത്തം സ്കോർ 5-2ലെത്തിച്ചാണ് സെമി ഫൈനലിലേക്ക് മുന്നേറിയത്. ജോർഡി ആൽബ 78ാം മിനിറ്റിൽ ചുവപ്പ് കാർഡ് വാങ്ങി പുറത്തായതും മയാമിക്ക് തിരിച്ചടിയായി.
തുടക്കം മുതൽ അവസരങ്ങൾ തുറന്നെടുത്ത മോന്റെറെ 31ാം മിനിറ്റിൽ ബ്രാൻഡൻ വാസ്കസിലൂടെയാണ് ആദ്യഗോൾ നേടിയത്. മയാമി ഗോൾകീപ്പർ ഡ്രേക് കലെണ്ടറുടെ വൻ അബദ്ധമാണ് ഗോളിലേക്ക് നയിച്ചത്. ബോക്സിനടുത്തുനിന്ന് പന്ത് പാസ് ചെയ്ത ഗോൾകീപ്പർക്ക് പിഴച്ചപ്പോൾ പിടിച്ചെടുത്ത വാസ്കസ് അനായാസം പോസ്റ്റിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. ഈ ലീഡിൽ ഒന്നാം പകുതി അവസാനിച്ചപ്പോൾ 58ാം മിനിറ്റിൽ ജെർമൻ ബെർട്ടെറാമെ ബുള്ളറ്റ് ഷോട്ടിലൂടെ ലീഡ് ഇരട്ടിയാക്കി. ആറ് മിനിറ്റിനകം ബെർട്ടെറാമെയുടെ ക്രോസിൽ ജീസസ് ഗല്ലാർഡോ ക്ലിനിക്കൽ ഹെഡറിലൂടെ മൂന്നാം ഗോളും നേടിയതോടെ മെസ്സിയും സംഘവും നാണംകെട്ട തോൽവിയിലേക്കാണെന്ന് തോന്നിച്ചു.
ഇതിനിടെയാണ് എതിർതാരം ഗല്ലാർഡോയെ പിടിച്ചുതള്ളിയതിന് ജോർഡി ആൽബ ചുവപ്പ് കാർഡ് വാങ്ങി പുറത്തുപോകുന്നത്. എന്നാൽ, നിശ്ചിത സമയം അവസാനിക്കാൻ അഞ്ച് മിനിറ്റ് ശേഷിക്കെ മയാമിക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് മെസ്സി ബോക്സിലേക്ക് അടിച്ചുനൽകിയപ്പോൾ ഡിയേഗോ ഗോമസ് ഹെഡറിലൂടെ ആശ്വാസ ഗോൾ നേടുകയായിരുന്നു.
കളിയിലുടനീളം മയാമിയെ പിറകിലാക്കിയാണ് മെക്സിക്കൻ ക്ലബ് ജയം പിടിച്ചത്. അവർ പായിച്ച 17 ഷോട്ടുകളിൽ ഒമ്പതും എതിർ വലക്ക് നേരെയായിരുന്നു. തിരിച്ച് മയാമി അഞ്ച് ഷോട്ടുതിർത്തപ്പോൾ ഒന്ന് മാത്രമാണ് ലക്ഷ്യത്തിലേക്ക് നീങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.