ഫ്ലോറിഡ: എം.എൽ.എസിൽ വീണ്ടും മെസ്സി മാജിക്. ഇരട്ട ഗോളും അസിസ്റ്റും ഉൾപ്പെടെ ലയണൽ മെസ്സി കളം നിറഞ്ഞ മത്സരത്തിൽ ഇന്റർ മയാമിക്ക് ജയം. നാഷ് വില്ലയെ (3-1) ഒന്നിനെതിരെ മൂന്ന് ഗോളിനാണ് തകർത്തത്. സ്പാനിഷ് മിഡ്ഫീൽ സെർജിയോ ബുസ്കറ്റ്സും ഗോൾ നേടി.
കളിയുടെ രണ്ടാമത്തെ മിനിറ്റിൽ തന്നെ മയാമി ഡിഫൻഡർ ഫ്രാങ്കോ നെഗ്രിയുടെ ഓൺഗോളിലൂടെ നാഷ് വില്ലയാണ് ആദ്യം ലീഡെടുക്കുന്നത്. എന്നാൽ 11ാം മിനിറ്റിൽ മെസ്സിയുടെ ഗോളിലൂടെ മയാമി ഒപ്പമെത്തി. മെസ്സിയുടെ ഷോട്ട് ആദ്യ ഗോൾ കീപ്പർ തട്ടിത്തെറിപ്പിച്ചെങ്കിലും ലൂയി സുവാരസ് വീണ്ടും അത് മെസ്സിയിൽ തന്നെ എത്തിച്ചു. പിഴവുകളില്ലാതെ രണ്ടാമത്തെ ശ്രമം വലയിലെത്തി.
39ാം മിനിറ്റിൽ മെസ്സിയെടുത്ത കോർണർ കിക്ക് സെർജിയോ ബുസ്കറ്റ്സ് ഗോളാക്കി മാറ്റിയതോടെ മയാമി ലീഡെടുത്തു. ഒരു ഗോളിന്റെ ലീഡുമായി ആരംഭിച്ച രണ്ടാപകുതിയുടെ അവസാനം 81ാം മിനിറ്റിൽ മയാമി അനുകൂലമായി പെനാൽറ്റി ലഭിച്ചു. കിക്കെടുത്ത മെസ്സി മയാമിയുടെ ലീഡ് ഇരട്ടിയാക്കി.
എം.എൽ.എസ് പുതിയ സീസണിൽ ഒൻപത് ഗോൾ നേടി മെസ്സി ലീഗ് ടോപ്പറായി. കഴിഞ്ഞ സീസണിൽ എറ്റവും പിറകിൽ 14ാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത ഇന്റർമയാമി പുതിയ സീസണിൽ എം.എൽ.എസ് ഈസ്റ്റേൺ കോൺഫ്രൻസിൽ 10 കളിൽ 18 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.