റോം: ഇറ്റാലിയൻ സീരി എ കിരീടത്തിൽ മുത്തമിട്ട് ഇന്റര്‍ മിലാന്‍. ആവേശകരമായ മിലാൻ ഡർബിയിൽ ബദ്ധവൈരികളായ എ.സി മിലാനെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തിയാണ് ഇന്‍ററിന്‍റെ കിരീട നേട്ടം. ലീഗിൽ ഇനിയും അഞ്ചു മത്സരങ്ങൾ ബാക്കി നിൽക്കെയാണ് ഇന്‍റർ തങ്ങളുടെ 20ാം കിരീടം ഉറപ്പിച്ചത്.
രണ്ടാമതുള്ള എ.സി മിലാനേക്കാൾ 17 പോയന്‍റിന്‍റെ ലീഡുണ്ട് ഇന്‍ററിന്. ഇനിയുള്ള മത്സരങ്ങൾ ജയിച്ചാലും എ.സി മിലാന് ഒന്നാമതെത്താനാകില്ല. ഇന്‍ററിന് 33 മത്സരങ്ങളിൽനിന്ന് 86 പോയന്‍റ്. ഇത്രയും മത്സരങ്ങളിൽനിന്ന് എ.സി മിലാന് 69 പോയന്‍റും. 36 കിരീടങ്ങളുമായി യുവന്‍റസാണ് ചാമ്പ്യൻപട്ടത്തിൽ ഇന്‍ററിനു മുന്നിലുള്ളത്. എ.സി മിലാന് 19 കിരീടങ്ങളും. സാന്‍ സിറോ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 18ാം മിനിറ്റില്‍ ഫ്രാന്‍സെസോ അസെര്‍ബിയയുടെ ഗോളിലൂടെ ഇന്‍ററാണ് ആദ്യം ലീഡെടുത്തത്. 49-ാം മിനിറ്റില്‍ മാര്‍കസ് തുറാം ഇന്ററിന്‍റെ ലീഡ് വർധിപ്പിച്ചു. 80ാം മിനിറ്റില്‍ ഇംഗ്ലണ്ടിന്‍റെ ഫികായോ തൊമോരി ക്ലോസ് റേഞ്ച് ഹെഡ്ഡറിൽ ഒരു ഗോൾ മടക്കി എ.സി മിലാന് പ്രതീക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇന്‍ററിന് കിരീടം ഉറപ്പിക്കാൻ ഒരു സമനില മതിയായിരുന്നു.
മത്സരം അവസാന മിനിറ്റുകളിലേക്ക് കടന്നതോടെ ആവേശത്തിനൊപ്പം കൈയാങ്കളിക്കും മൈതാനം സാക്ഷിയായി. ഇൻജുറി ടൈമിൽ എ.സി മിലാന്‍റെ രണ്ടു താരങ്ങൾക്കും ഇന്‍ററിന്‍റെ ഒരു താരത്തിനും ചുവപ്പ് കാർഡ് കണ്ട് പുറത്തുപോകേണ്ടി വന്നു. 116 വർഷത്തിനിടെ മിലാൻ ഡർബിയിൽ സീരി എ കിരീടം ഉറപ്പിക്കുന്നത് ആദ്യമാണ്. 2010നുശേഷം ഇന്‍ററിന്‍റെ രണ്ടാം കിരീടമാണിത്. 2021ൽ അന്‍റോണിയോ കോന്‍റെയുടെ കീഴിയിൽ ചാമ്പ്യന്മാരായിരുന്നു. കഴിഞ്ഞ ആറു ഡർബിയിലും ഇന്‍ററിനൊപ്പമായിരുന്നു ജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.