മലപ്പുറം: ഏപ്രിൽ മൂന്നിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ സൂപ്പർ കപ്പ് പോരാട്ടങ്ങൾക്ക് തുടക്കമാവും. നേരത്തേ പ്രധാന നഗരങ്ങളിലെ സ്റ്റേഡിയങ്ങളിൽ മാത്രം നടത്തിയിരുന്ന ദേശീയ തലത്തിലെ പേരുകേട്ട ടൂർണമെന്റുകൾ ആരാധകർ കൂടുതലുള്ള നാടുകളിലേക്ക് പറിച്ചുനടുകയാണ് ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ.
സൂപ്പർ കപ്പ് മികച്ച രീതിയിൽ നടത്തുകയാണെങ്കിൽ ഫിഫ യോഗ്യത മത്സരങ്ങളടക്കം മഞ്ചേരിയിലെത്തിക്കാനുള്ള ശ്രമം നടത്തുമെന്ന് കഴിഞ്ഞ ദിവസം കേരള ഫുട്ബാൾ അസോസിയേഷൻ ജനറൽ സെക്രട്ടറിയും എ.ഐ.എഫ്.എഫ് മെംബറുമായ അനിൽ കുമാറും പറഞ്ഞിരുന്നു.
കേരളത്തിലും മണിപ്പൂരിലുമെല്ലാം ഫുട്ബാൾ ഏറെ ആവേശത്തോടെ സ്വീകരിക്കുന്ന നേർക്കാഴ്ചകളാണ് സമീപ നാളുകളിൽ കാണുന്നത്. സൂപ്പർ കപ്പിനായി കോഴിക്കോടും മഞ്ചേരിയും സജ്ജമായി നിൽക്കുമ്പോൾ കേരളത്തിന്റെ ഫുട്ബാൾ സാധ്യതയും ഭാവിയും ‘മാധ്യമ’ത്തോട് പങ്കുവെക്കുകയാണ് ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി ഷാജി പ്രഭാകരൻ.
സൂപ്പർ കപ്പ് കേരളത്തിൽ, പ്രതീക്ഷ?
⊿ കാണികൾ എവിടെയുണ്ടോ അവിടെ കളിവെക്കണമെന്നാണ് ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ പുതിയ സമീപനം. ആരാധകരുമായി കളി നേരിട്ട് ബന്ധപ്പെടുത്തണം. മണിപ്പൂരിൽ കൂടുതൽ കാണികൾ ഉള്ളതുകൊണ്ടാണ് അവിടെ മികച്ച ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നത്.
അതിന്റെ ഫലം കാണാനുമുണ്ട്. കേരളത്തിലും ഫുട്ബാൾ ആവേശമാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ പോലുള്ള സ്ഥലങ്ങളിലെല്ലാം ഫുട്ബാൾ ആരാധകർ ഏറെയുണ്ട്. ഇവിടങ്ങളിലെല്ലാം കൂടുതൽ ഫുട്ബാൾ മത്സരങ്ങളും വരേണ്ടതുണ്ട്. കളി ഇഷ്ടപ്പെടുന്നവർക്ക് മികച്ച ഫുട്ബാൾ കാണാൻ അവസരം കൊടുക്കേണ്ട ഉത്തരവാദിത്തം ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷനുണ്ട്. അതിലൂടെ ഫുട്ബാളിനെ കൂടുതൽ ശക്തിപ്പെടുത്താം.
⊿ രാജ്യത്ത് ഫുട്ബാൾ ഏറെ ഇഷ്ടപ്പെടുന്ന പ്രദേശങ്ങൾക്ക് കൂടുതൽ അവസരങ്ങൾ കൊടുക്കേണ്ടതുണ്ട്. ഇന്ത്യയിൽ കൂടുതൽ സ്ഥലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. എന്നാൽ, ചിലയിടങ്ങളിൽ വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്തത് ഇത്തരം ശ്രമങ്ങൾക്ക് വിലങ്ങാകാറുണ്ട്.
മികച്ച സ്റ്റേഡിയമില്ലാത്തതും തൊട്ടടുത്ത് വിമാനത്താവളം, താമസ സൗകര്യം തുടങ്ങിയ സൗകര്യങ്ങൾ ഇല്ലാത്തതുമായ നിരവധി പ്രദേശങ്ങൾ രാജ്യത്തുണ്ട്. ഇവിടെ ഫുട്ബാൾ ഉണ്ടെങ്കിലും സൗകര്യങ്ങളില്ലാത്തതാണ് പ്രശ്നം. ഇത്തരം പ്രദേശങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ വരേണ്ടതുണ്ട്.
⊿ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പത്തോളം സ്ഥലങ്ങളിൽ കളി നടത്തിയാൽ സ്റ്റേഡിയം നിറയും. പല പ്രദേശങ്ങളിലും മത്സരങ്ങളിലേക്ക് കൂടുതൽ ആളെത്തുന്നുണ്ട്. മഞ്ചേരി പോലുള്ള സ്ഥലങ്ങളും ഈ വിഭാഗത്തിൽ പെടുന്നവയാണ്.
മഹാരാഷ്ട്രയിലെ ക്വാലാപുർ, തമിഴ്നാട്, ജമ്മു-കശ്മീർ, പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം ഫുട്ബാളിനെ സ്നേഹിക്കുന്നവരുണ്ട്. അവിടത്തെ സൗകര്യങ്ങൾ കൂടുതൽ പഠിച്ച് മികച്ച ടൂർണമെന്റുകൾ നടത്താനുള്ള ശ്രമം എ.ഐ.എഫ്.എഫ് നടത്തുന്നുണ്ട്.
⊿ മഞ്ചേരിയിൽ സൂപ്പർ കപ്പിനു ശേഷം കൂടുതൽ മത്സരങ്ങൾ എത്താൻ സാധ്യതയുണ്ടോയെന്ന് മത്സര ശേഷം വിലയിരുത്തും. നിലവിൽ ഒന്നും മുൻകൂട്ടി പറയുന്നില്ല. മത്സരങ്ങളുടെ ഫലങ്ങളും മറ്റു സൗകര്യങ്ങളും അഭിപ്രായങ്ങളും നോക്കിയാണ് ഓരോ ടൂർണമെന്റുകളും മത്സരങ്ങളും നിശ്ചയിക്കുന്നത്.
ആരാധകരുടെ പിന്തുണക്കൊപ്പം സൗകര്യങ്ങളും മികച്ചതാകേണ്ടത് അനിവാര്യമാണ്. ഫെഡറേഷന്റെ കീഴിലുള്ള ഭാവി മത്സരങ്ങൾ സാഹചര്യങ്ങൾ നോക്കി പിന്നീട് തീരുമാനിക്കും. മികച്ച മത്സരങ്ങൾ ഇത്തരം സ്ഥലങ്ങളിൽ എത്തുന്നത് ഫുട്ബാളിനും ഗുണം ചെയ്യും..
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.