ദോഹ: ലോകകപ്പിന്റെ ആരവങ്ങളിലേക്കായി ദോഹയിൽ എത്തുന്നവരെ സ്വീകരിക്കുന്നത് ആകാശംതൊട്ട് ഉയർന്നു നിൽക്കുന്ന ചിത്രങ്ങളാണ്. കളിമൈതാനത്ത് സൂപ്പർതാരങ്ങളായി മാറാൻ ഒരുങ്ങുന്ന പ്രമുഖ താരങ്ങളെല്ലാം ഇതിനകം ദോഹ തെരുവിലെ വമ്പൻ കെട്ടിടങ്ങളിൽ തലഉയർത്തിക്കഴിഞ്ഞു. ഹാരി കെയ്ൻ, സാദിയോ മാനെ, ലൂകാ മോഡ്രിച് അങ്ങനെ ഓരോ ടീമുകളുടെയും പ്രതിനിധികളായി അതത് രാജ്യങ്ങൾ നിർദേശിക്കുന്ന സൂപ്പർതാരങ്ങൾ. എന്നാൽ, ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങൾ ഇതുവരെ പ്രത്യക്ഷപ്പെട്ടില്ലെന്നാണ് ഇപ്പോൾ ശ്രദ്ധേയം. പോർചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും അർജൻറീന നായകൻ ലയണൽ മെസ്സിയും ഇതുവരെ ഒരു ചുമരുകളിലും അലങ്കാരമായി ഉയർന്നിട്ടില്ല.
ഇതിനിടയിലാണ് ക്രിസ്റ്റ്യാനോയുടെ ചിത്രം ദോഹയിൽ ഉയരില്ലെന്ന വാർത്ത പുറത്തുവരുന്നത്. 75 അടി ഉയരത്തിലെ കൂറ്റൻ ചിത്രത്തിൽ പോർചുഗൽ പോസ്റ്റർബോയ് ആയി മാഞ്ചസ്റ്ററിൽ ക്രിസ്റ്റ്യാനോയുടെ സഹതാരമായ ബ്രൂണോ ഫെർണാണ്ടസോ, ലിവർപൂളിലെ ഡീഗോ ജോട്ടോയോ വരുമെന്ന് 'ഇ.എസ്.പി.എൻ'റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ പതിറ്റാണ്ടുകാലമായി ലോകഫുട്ബാളിന്റെയും പോർചുഗലിന്റെയും പോസ്റ്റർ ബോയിയായി നിറഞ്ഞു നിൽക്കുന്ന ക്രിസ്റ്റ്യാനോയെ ഖത്തർ ലോകകപ്പിന്റെ ചുവരെഴുത്തിൽ നിന്നും മാറ്റാനുള്ള തീരുമാനത്തെ ദേശീയ ടീമിലെ തലമുറമാറ്റമായാണ് വിലയിരുത്തുന്നത്. അതേസമയം, വാർത്ത പുറത്തു വന്നതിനു പിറകെ ആരാധക വിമർശനവും ഉയർന്നു തുടങ്ങി. മറ്റു ടീമുകൾ തങ്ങളുടെ പ്രമുഖ താരങ്ങളെ ഐകൺ സ്റ്റാറായി തിരഞ്ഞെടുത്തപ്പോൾ, ഏറെ ആരാധകരുള്ള ക്രിസ്റ്റ്യാനോയെ തഴഞ്ഞതാണ് വിമർശനത്തിനു കാരണം. നിലവിലെ ഫോമില്ലായ്മയും, ലോകകപ്പിനു ശേഷം ദേശീയ ടീമിൽ നിന്നും പിൻവാങ്ങുമെന്നുമുള്ള സൂചനകളാണ് അധികൃതരെ മാറിചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്. അവസാന ഒമ്പത് മത്സരങ്ങളിൽ നിന്നും വെറും രണ്ട് ഗോളുകൾ മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.
അതേസമയം, അർജൻറീനയുടെ പോസ്റ്ററും ഉയർന്നിട്ടില്ല. ജർമനി മാനുവൽ നോയറെയും ഘാന ആന്ദ്രേ അയേവിനെയും ഖത്തർ ഹസൻ അൽ ഹൈദൂസിനെയും ഉറുഗ്വായ് ലൂയി സുവാരസിനെയും വെയ്ൽസ് ഗാരെത് ബെയ്ലിനെയുമാണ് പോസ്റ്റർ താരങ്ങളായി തിരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.