പനാജി: മുംബൈക്കെതിരെ കാൽഡസൻ ഗോളുകൾ വാങ്ങി തോൽവി വഴങ്ങിയതിെൻറ ക്ഷീണം മാറ്റാനിറങ്ങിയ ഗോവക്ക് രണ്ടാം അങ്കത്തിലും സമാന വിധി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ഗോവയെ ജംഷഡ്പുർ മുക്കി. ഇരുപാതിയിലും നിരന്തരം കയറിയിറങ്ങുകയും കളിയിൽ ഏറെ സമയം ഗോവ പന്ത് കൈവശം വെക്കുകയും ചെയ്തിട്ടും കിട്ടിയ അർധാവസരങ്ങൾ വലയിലെത്തിച്ചാണ് ഉരുക്കു നഗരക്കാർ കളി ജയിച്ചത്.
ആദ്യ പകുതിയുടെ എട്ടാം മിനിറ്റിലേ ജംഷഡ്പുർ വരവറിയിച്ചു. വലതുവശത്തുനിന്ന് കോമൾ തട്ടാൽ അടിച്ച മനോഹര ഷോട്ട് ഗോവ ഗോളിയെ കടന്ന് വല ചുംബിച്ചതോടെ ഗോളാഘോഷം പൊടിപൊടിച്ചെങ്കിലും ഓഫ്സൈഡ് കെണിയിൽ കുരുങ്ങി. കളിയുടെ ഗതി മനസ്സിലാക്കിയ ഗോവക്കാർ മൈതാനം നിറഞ്ഞ് പന്ത് വരുതിയിൽ നിർത്തിയെങ്കിലും ഗോൾവര കടത്താൻ എതിർപ്രതിരോധം അനുവദിച്ചില്ല.
രണ്ടാം പകുതിയിൽ പക്ഷേ, കളി മാറി. ഒന്നിനു പിറകെ ഒന്നായി ഗോളുകൾ അടിച്ചുകയറ്റി ജംഷഡ്പുർ ഗോവക്കാരെ നിഷ്പ്രഭരാക്കി. 51ാം മിനിറ്റിൽ വാൽസ്കിസിലൂടെയായിരുന്നു ആദ്യ ഗോളെത്തിയത്. ഡോങ്കൽ, സ്റ്റ്യുവർട്ട് എന്നിവരിൽനിന്ന് കാൽമറിഞ്ഞുകിട്ടിയ പന്ത് ആദ്യ ടച്ചിൽ ഗോവ ഗോളി ധീരജിനെ കാഴ്ചക്കാരനാക്കി വലയിലെത്തിക്കുകയായിരുന്നു. ഗോൾദാഹം തീരാതെ പറന്നുനടന്ന ജംഷഡ്പുരും വാൽസ്കിസും പത്തു മിനിറ്റിനകം വീണ്ടും ഗോളടിച്ചു. കളിയവസാനിക്കാൻ പത്തു മിനിറ്റ് ശേഷിക്കെ ജോർഡൻ മറേ ആയിരുന്നു ഇത്തവണ ഗോവയുടെ നെഞ്ചകം പിളർത്തിയത്. ഏറെ വൈകി കാർബെറയിലൂടെ ഗോവ ഒരു ഗോൾ മടക്കിയെങ്കിലും എല്ലാം തീരുമാനമായി കഴിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.