ബംഗളൂരു: കരുത്തരായ ഒഡിഷ എഫ്.സിയെ സ്വന്തം മണ്ണിൽ സമനിലയിൽ കുരുക്കി ബംഗളൂരു എഫ്.സി. കണ്ഠീരവ സ്റ്റേഡിയത്തിൽ ശനിയാഴ്ച വൈകീട്ട് നടന്ന മത്സരത്തിൽ ഇരുടീമും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. 19 മത്സരങ്ങളിൽ ഒഡിഷക്ക് 36ഉം 20 മത്സരങ്ങളിൽ ബംഗളൂരുവിന് 22ഉം പോയന്റാണുള്ളത്.
സുനിൽ ഛേത്രിയെ പുറത്തിരുത്തിയ കോച്ച് ജെറാർഡ് സരഗോസ പകരം ഡാനിഷ് താരം ഒലിവർ ദ്രോസ്തിനെ ആദ്യ ഇലവനിലിറക്കി. യാവി ഹെർണാണ്ടസ്, ശിവശക്തി നാരായണൻ, റയാൻ വില്യംസ് എന്നിവരെയും ആക്രമണനിരയിൽ വിന്യസിച്ചതോടെ ബംഗളൂരു തുടക്കം മുതൽ അറ്റാക്ക് മെനഞ്ഞു. ആദ്യ പകുതിയിൽ ഇരുടീമിനും ലീഡെടുക്കാൻ സുവർണാവസരം ലഭിച്ചു.
12ാം മിനിറ്റിൽ ആതിഥേയ നിരയിൽ പന്തുമായി ഒഡിഷ ബോക്സിലേക്കു കടന്ന യാവി ഹെർണാണ്ടസിന് ജെറിയുടെ ബ്ലോക്ക്. പന്ത് ഒലിവറിന്റെ കാലിൽ. മുന്നോട്ടുനീങ്ങിയ ഗോളി അമരീന്ദറിനെയും കടന്ന് പന്ത് വലയിലേക്ക് ഒലിവർ തള്ളിയെങ്കിലും പ്രതിരോധതാരം മുർതദ ഫാൾ ഗോൾലൈൻ സേവിലൂടെ രക്ഷകനായി. മറുവശത്ത്, ഇഞ്ചുറി ടൈമിൽ മൈതാനമധ്യത്തിൽനിന്ന് പന്തുമായി ഒറ്റക്കു മുന്നേറിയ ഒഡിഷ താരം റോയ്കൃഷ്ണ രണ്ടു പ്രതിരോധതാരങ്ങളെയും ഗോൾകീപ്പർ ഗുർപ്രീതിനെയും മറികടന്ന് പന്ത് വലയിലേക്ക് തിരിച്ചുവിട്ടപ്പോൾ ഓടിയെത്തിയ ശങ്കർ സംപംഗി രാജ് അവസാന ടച്ചിൽ ഗോൾ തടഞ്ഞു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇരുടീമും എതിർഗോൾമുഖം പരീക്ഷിച്ചു. 56ാം മിനിറ്റിൽ ഒഡിഷയുടെ പെനാൽറ്റി ബോക്സിൽനിന്ന് ഒലിവർ നൽകിയ പാസിൽ ഫനായിയുടെ വലങ്കാനടി ഗോൾകീപ്പർ അമരീന്ദർ തടഞ്ഞു. 61ാം മിനിറ്റിൽ ബംഗളൂരു ഗോൾമുഖത്തേക്ക് ഡ്രിബ്ൾ ചെയ്തുമുന്നേറിയ ഐസക് പന്ത് അമയ് റാണെക്കു നൽകി. അമയ് റാണെയുടെ ഷോട്ട് പക്ഷേ, ഗുർപ്രീത് തന്ത്രപരമായി തടഞ്ഞു.
74ാം മിനിറ്റിൽ യാവിയുടെ അപകടകരമായ ഗ്രൗണ്ടർ ഒഡിഷ ഗോൾകീപ്പറെയും പരീക്ഷിച്ചു. കളി അവസാന 10 മിനിറ്റിലേക്കു കടക്കവെ, പകരക്കാരനായെത്തിയ പ്രാഞ്ജൽ ഭൗമിക്കിന്റെ ഷോട്ട് ബംഗളൂരുവിന്റെ ക്രോസ് ബാറിനെ വിറപ്പിച്ച് കടന്നുപോയതിനു പിന്നാലെ എതിർപോസ്റ്റിൽ റയാൻ വില്യംസും ഭീഷണിയായി. ബംഗളൂരു പ്രതിരോധതാരം ശങ്കറാണ് കളിയിലെ താരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.