കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ.എസ്.എൽ) കളിതീരാൻ സെക്കൻഡുകൾ ബാക്കിനിൽക്കെ എഡു ബേഡിയ നേടിയ ഗോളിൽ എഫ്.സി ഗോവക്ക് വിജയത്തുടക്കം. ഈസ്റ്റ്ബംഗാളിനെ 2-1നാണ് ഗോവ കീഴടക്കിയത്. ഏഴാം മിനിറ്റിൽ ബ്രണ്ടൻ ഫെർണാണ്ടസ് ഗോവയെ മുന്നിലെത്തിച്ചു. എന്നാൽ, 64ാം മിനിറ്റിൽ ക്ലീറ്റൻ സിൽവ ആതിഥേയർക്കുവേണ്ടി തിരിച്ചടിച്ചു. സമനില പ്രതീക്ഷിച്ചിരുന്ന ആതിഥേയർക്ക് പ്രഹരമേൽപിച്ചാണ് ഒടുവിൽ എഡുവിന്റെ ഗോൾ പിറന്നത്.
എതിരാളികളുടെ മൈതാനത്ത് ആദ്യ അഞ്ചു മിനിറ്റുകളിൽ അൽപം പതറിയ എഫ്.സി ഗോവ പിന്നീട് താളം കണ്ടെത്തി. ഈസ്റ്റ്ബംഗാൾ പ്രതിരോധനിരയുടെ ദൗർബല്യം വീണ്ടും വ്യക്തമാക്കുന്ന രീതിയിലായിരുന്നു ഏഴാം മിനിറ്റിൽ ഗോവയുടെ ഗോൾ. അൽവാരോ വാസ്ക്വസിന്റെ ബൂട്ടിൽനിന്നുള്ള ത്രൂബാൾ ഈസ്റ്റ്ബംഗാൾ ഗോളി കമൽജിത്തിനെ കബളിപ്പിച്ച് ഗോവ ക്യാപ്റ്റൻ ബ്രണ്ടൻ ഫെർണാണ്ടസ് വലയിലെത്തിച്ചു. ഗാലറിയിൽ ആർത്തിരമ്പുന്ന കാണികളുടെ ആവേശത്തിന്റെ അകമ്പടിയിൽ ഈസ്റ്റ്ബംഗാൾ തിരിച്ചടികൾക്ക് ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. പ്രതിരോധത്തിനു പുറമേ മധ്യനിരയും ഉണർന്നുപ്രവർത്തിക്കാതിരുന്നതോടെ ബംഗാൾ ടീം പ്രതീക്ഷ കാത്തില്ല.
മറുഭാഗത്ത് മികച്ച പാസിലൂടെയും കൗണ്ടർ അറ്റാക്കിലൂടെയും ഗോവ മികച്ചുനിന്നു. രണ്ടാം പകുതിയിൽ കളി മാറി. ഗോവൻ ഗോളി ധീരജ് സിങ്ങിന്റെ ഫൗളിൽനിന്നു കിട്ടിയ പെനാൽറ്റി ക്ലീറ്റൻ സിൽവ ഗോളിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.