മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എൽ) പ്ലേ ഓഫില്‍ ബംഗളൂരു എഫ്.സിക്കെതിരായ മത്സരം പൂർത്തിയാക്കാതെ കളംവിട്ട കേരള ബ്ലാസ്റ്റേഴ്സിന് വൻ തുക പിഴ വിധിക്കാൻ സാധ്യത. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ അഞ്ച് മുതൽ ഏഴ് കോടി രൂപ വരെ പിഴയിടുമെന്നാണ് സൂചന. അതേസമയം, പോയന്റ് വെട്ടിച്ചുരുക്കില്ല. ടീമിനെ അയോഗ്യരാക്കില്ലെന്നുമാണ് സൂചന.
കളിക്കാരെ മൈതാനത്തുനിന്ന് തിരിച്ചുവിളിച്ച മുഖ്യപരിശീലകൻ ഇവാൻ വുകൊമാനോവിച്ചിനെതിരെയും നടപടിയുണ്ടാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബെംഗളൂരു എഫ്സി നായകന്‍ സുനില്‍ ഛേത്രിയുടെ വിവാദ ഫ്രീകിക്ക് ഗോളിനെ തുടര്‍ന്ന് മത്സരം പൂര്‍ത്തിയാക്കാതെ താരങ്ങളെ തിരിച്ചുവിളിക്കുകയായിരുന്നു. സ്പോർട്സ്മാൻ സ്പിരിറ്റിന്റെ ലംഘനത്തിനാണ് വൻതുക പിഴയിടുന്നത്. അച്ചടക്ക നടപടിക്കെതിരെ ബ്ലാസ്റ്റേഴ്സിന് അപ്പിൽ നൽകാം. ഐ.എസ്.എൽ അധികൃതരുടെ അച്ചടക്കനടപടികളും ക്ലബ് നേരിടേണ്ടി വരും. പിഴക്ക് പുറമേ, പോയന്റ് വെട്ടിക്കുറക്കാനും ലീഗിൽ നിന്ന് സസ്പെന്റ് ചെയ്യാനും ലീഗിലെ ചട്ടത്തിൽ വകുപ്പുകളുണ്ട്.
അധിക സമയത്തേക്ക് നീണ്ട കളിയുടെ ആദ്യ പകുതിയിൽ സുനിൽ ഛേത്രി പെട്ടെന്ന് എടുത്ത ഫ്രീകിക്ക് ഗോളായതോടെയാണ് കോച്ച് വുകൊമാനോവിച്ച് താരങ്ങളെ തിരിച്ചുവിളിച്ചത്. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും കളി തുടരാൻ ടീം വിസമ്മതിക്കുകയും ചെയ്തു.
കളി ഉപേക്ഷിച്ചതായി പ്രഖ്യാപിച്ച മാച്ച് റഫറി ക്രിസ്റ്റൽ ജോൺ ബംഗളൂരുവിനെ ജേതാക്കളായി പ്രഖ്യാപിക്കുകയും ചെയ്തു. ഫുട്ബാൾ ഫെഡറേഷൻ അച്ചടക്ക നിയമത്തിലെ 58ാം വകുപ്പ് ലംഘിച്ചെന്നാരോപിച്ച് നടപടിക്ക് ശിപാർശ ചെയ്യുകയും ചെയ്തു. നിയമപ്രകാരം ആറു ലക്ഷം രൂപയാണ് ഇതിനുള്ള ശിക്ഷ, വരുംമത്സരങ്ങളിൽ വിലക്കും. എന്നാൽ, അടുത്ത സീസൺ ഐ.എസ്.എലിൽനിന്ന് മാറ്റിനിർത്തുന്നതിന് പകരം വൻതുക പിഴ ഈടാക്കാനാകും തീരുമാനം.
ഐ.എസ്.എല്ലിന്റെ ചരിത്രത്തിൽ ഒരു ക്ലബിനെതിരെ ചുമത്തുന്ന ഏറ്റവും ഉയർന്ന പിഴയാകും ഇത്. ഇന്ത്യൻ ഫുട്ബാളിൽ മോശം കീഴ്വഴക്കമാണ് കേരള ബ്ലാസ്റ്റേഴ്സ് കളി നിർത്തുക വഴി സൃഷ്ടിച്ചതെന്നാണ് അധികൃതരുടെ വിശദീ്കരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.