മഡ്ഗാവ്: ആളൊഴിഞ്ഞ ഗാലറിയിൽ ആരവങ്ങളൊന്നുമില്ലാതെ നീണ്ട ഇന്ത്യൻ സൂപ്പർ ലീഗിെൻറ ഏഴാം സീസണിന് ഇന്ന് കൊടിയിറക്കം.
കലാശപ്പോരാട്ടത്തിനൊടുവിൽ മുംബൈ സിറ്റിയോ അതോ നിലവിലെ ചാമ്പ്യന്മാരായ എ.ടി.കെ മോഹൻ ബഗാനോ? കോവിഡ്പ്രതിസന്ധിയെ നീന്തിക്കയറിയ സീസണിലെ ജേതാക്കളെ ഇന്നറിയാം. ലീഗ് റൗണ്ടിലെ ഏറ്റവും കരുത്തരായ രണ്ടു ടീമുകളുടേതാണ് ഫൈനൽ പോരാട്ടം.
ലീഗ് വിന്നേഴ്സ് ഷീൽഡ് സ്വന്തമാക്കിയ മുംബൈ സിറ്റിയും തൊട്ടുപിന്നിലായി രണ്ടാംസ്ഥാനംകൊണ്ടും തൃപ്തിയടഞ്ഞ എ.ടി.കെ മോഹൻ ബഗാനും ചാമ്പ്യൻഷിപ്പിനായി പോരടിക്കുേമ്പാൾ ഏറ്റവും മികച്ചവരുടെ ഫൈനലാണിത്.
എ.ടി.കെയിൽനിന്ന് കൊൽക്കത്തയിലെ ഇതിഹാസ സംഘമായ മോഹൻബഗാനുമായി ലയിച്ച് 'എ.ടി.കെ മോഹൻ ബഗാൻ' ആയശേഷം ആദ്യ ഐ.എസ്.എൽ സീസൺ ആണിത്. കഴിഞ്ഞ സീസണിലേതുൾപ്പെടെ മൂന്നുതവണ (2014, 2016, 2020) കിരീടമണിഞ്ഞവർ.
സൂപ്പർ ലീഗിലെ ഭാഗ്യസംഘമാണ് അേൻറാണിയോ ലോപസ് ഹബാസിെൻറ എ.ടി.കെ മോഹൻ ബഗാൻ. ഇക്കുറി ലീഗ് പട്ടികയിൽ പോയൻറ് നിലയിൽ മുംബൈക്ക് ഒപ്പമായിരുന്നെങ്കിലും പോയൻറ് വ്യത്യാസത്തിലാണ് ഹബാസിെൻറ കുട്ടികൾക്ക് വിന്നേഴ്സ് ഷീൽഡ് നഷ്ടമായത്.
എങ്കിലും, തങ്ങളുടെ ദിനത്തിൽ ഏറ്റവും അപകടകാരികളാണ് ഈ ചാമ്പ്യൻപട. ടൂർണമെൻറ് ചരിത്രത്തിൽ ഏറ്റവും സ്ഥിരതയാർന്ന സംഘമെന്ന റെക്കോഡുമായാണ് അവർ കലാശപ്പോരാട്ടത്തിനിറങ്ങുന്നത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിലേക്ക് കുതിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയുടെ രക്തമാണ് മുംബൈയുടെ സിരകളിൽ ഒഴുകുന്നത്. ജയിക്കാനുള്ള പോർവീര്യം അവരുടെ സഹജസ്വഭാവമാണ്.
ലീഗ് വീന്നേഴ്സ് ഷീൽഡ് നിർണയത്തിൽ പോയൻറിൽ ബഗാനൊപ്പമായിരുന്നെങ്കിലും അടിച്ച ഗോളിൽ മുംബൈ സാക്ഷാൽ സിറ്റിയായി. എതിർവലയിൽ നിക്ഷേപിച്ചത് 35 ഗോൾ. ഗോൾവ്യത്യാസം 17. സെർജിയോ ലൊബേറോ എന്ന ഉത്സാഹിയായ പരിശീലകൻ, ആഡം ലെ ഫോണ്ട്രെ (11 ഗോൾ), ബർത്ലോമിയോ ഒഗ്ബേച്ച (8), ബിപിൻ സിങ് (5), മൗർതദ ഫാൾ (4), ഹ്യൂഗോ ബൗമസ് (3) എന്നീ ഗോൾ മെഷീൻതന്നെ ടീമിെൻറ കരുത്ത്.
മൗർതദ, മന്ദർറാവു ദേശായ്, ഹെർനാൻ എന്നിവരുടെ പ്രതിരോധം ശക്തിദുർഗം. റെയ്നിയർ ഫെർണാണ്ടസ്, അഹമ്മദ് ജാഹു എന്നിവരുടെ മധ്യനിരയും ടൂർണമെൻറിലെതന്നെ മികച്ച സംഘം. ലീഗ് റൗണ്ടിൽ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും കൊൽക്കത്തക്കാർക്കെതിരെ മുംബൈക്കായിരുന്നു ജയം.
ഫൈനലിനൊപ്പം പോന്ന ലീഗിലെ അവസാന മത്സരത്തിൽ 2-0ത്തിന് ജയിച്ച് കരുത്ത് തെളിയിച്ചു. എന്നാൽ, സെമിയിൽ ഗോവയെ സഡൻ ഡെത്തിലായിരുന്നു മുംബൈ പിടിച്ചുകെട്ടിയത്.
തെളിമയാർന്ന ചരിത്രത്തിനൊപ്പം കളത്തിലും ടീം കരുത്തർ.
14 ഗോളുമായി ടോപ് സ്കോററായ റോയ് കൃഷ്ണ, ഡേവിഡ് വില്യംസ്, മാഴ്സലീന്യോ എന്നിവരുടെ മുന്നേറ്റം, വിങ്ങിൽനിന്നും പറന്നെത്തി ഗോളടിക്കുന്ന മൻവീർ സിങ്ങ്, കരുത്തുറ്റ പ്രതിരോധമൊരുക്കി സന്ദേശ് ജിങ്കാൻ, ടിരി, പ്രിതം കോട്ടൽ എന്നിവർ, എഡു ഗാർഷ്യ, ഹാവി ഹെർണാണ്ടസ്, പ്രണോയ് ഹാൽഡർ കാൾ മക്ഹ്യൂഗ് എന്നിവരുടെ മധ്യനിര. ബെഞ്ചും ഫസ്റ്റ് ഇലവനും ഒന്നിനൊന്നു മെച്ചമാണ്. ഗോളി അരിന്ദം ഭട്ടാചാര്യയും മിന്നുന്ന ഫോമിലാണ്.
ഏതു കൊമ്പനെയും അട്ടിമറിക്കാനുള്ള കരുത്തുള്ളതാണ് ബഗാെൻറ മികവ്. കളത്തിൽ എല്ലാം ശരിയായാൽ കപ്പിൽ എ.ടി.കെയുടെ തുടർഭരണം കാണാം.
കഴിഞ്ഞ സീസണിൽ നഷ്ടമായ ഗോൾഡൻ ബൂട്ട് റോയ് കൃഷ്ണ ഇക്കുറി സ്വന്തമാക്കുമോ? കൈയെത്തും അകലെയാണ് അവസരം.
നിലവിൽ 14 ഗോളുമായി റോയ് കൃഷ്ണയും ഗോവയുടെ ഇഗോർ ആൻഗുലോയും ഒപ്പത്തിനൊപ്പമാണ്. ഗോവ സെമിയിൽ പുറത്തായതിനാൽ ആൻഗുലോക്ക് ഇനി അവസരമില്ല. എന്നാൽ, ഫൈനലിൽ ഒരു ഗോൾ കൂടി നേടിയാൽ വെല്ലുവിളിയില്ലാതെ റോയ് കൃഷ്ണ ഗോൾഡൻ ബൂട്ടിന് അവകാശിയാവും.
ഏഴ് ഗോളിെൻറ അസിസ്റ്റ് കൂടി റോയ്കൃഷ്ണയുടെ പേരിലുണ്ട്. കഴിഞ്ഞ സീസണിൽ റോയ് കൃഷ്ണ, നെരിയസ് വാൽകിസ്, ഒഗ്ബച്ചെ എന്നിവർ 15 ഗോളുമായി ഒപ്പത്തിനൊപ്പം നിന്നപ്പോൾ വാൽകിസിനായിരുന്നു ഗോൾഡൻ ബൂട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.