പനാജി: പുതിയ സീസണിലെ പടയോട്ടത്തിന് വിജയത്തോടെ തുടക്കം കുറിച്ച് നിലവിലെ റണ്ണേഴ്സ് അപ്പുകളായ ചെന്നൈയിൻ എഫ്.സി. ഐ.എസ്.എൽ ആദ്യ മത്സരത്തിനിറങ്ങിയ ചെന്നൈയിൻ എഫ്.സി ജാംഷഡ്പൂരിനെ 2-1ന് തോൽപിച്ചു. ആവേശം നിറഞ്ഞ മത്സരത്തിൽ അനിരുദ്ധ് ഥാപ്പയും, ഇസ്മായീൽ ഇസയും നേടിയ ഗോളിനാണ് ചെന്നൈയിൻ ജയിക്കുന്നത്. ആദ്യ പകുതി തന്നെ വാൾസ്ക്കിസിലൂടെ ജാംഷഡ്പൂ ർ തിരിച്ചടിച്ചെങ്കിലും കളിയിൽ തിരിച്ചുവരാനായില്ല.
ടീമുകൾ അടിമുടി മാറ്റിയാണ് ചെന്നൈയിൻ എഫ്.സിയും ജാംഷഡ്പൂർ എഫ്.സിയും പുതിയ സീസണിൽ എത്തിയത്. ബ്രസീലിയൻ അറ്റാക്കിങ് മിഡ്ഫീൽഡർ റാഫേൽ ക്രിവെല്ലാറോയുടെ നേതൃത്വത്തിലാണ് ചെന്നൈയിൻ എഫ്.സി കളത്തിലിറങ്ങിയത്. മറുവശത്ത് ഇംഗ്ലീഷ് താരം പീറ്റർ ഹാർട്ട്ലിയുടെ നേതൃത്വത്തിൽ ജാംഷഡ്പൂരും. മലയാളി താരം ടി.പി രഹ്നേഷാണ് ജാംഷഡ്പൂരിൻെറ വല കാത്തത്.
ആദ്യ പകുതി തന്നെ മൂന്ന് ഗോളുകളും പിറന്നപ്പോൾ ആവേശകരമായാണ് മത്സരം നീങ്ങിയത്. ആദ്യ ടച്ചിൽ തന്നെ വല കുലുങ്ങിയതോടെ കളി മുറുകി. ഫസ്റ്റ് കിക്കെടുത്ത ചെന്നൈയിൻ എഫ്.സി ഇന്ത്യൻ താരം അനിരുദ്ധ് ഥാപ്പയിലൂടെയാണ് അകൗണ്ട് തുറന്നത്. ഗാംബിയൻ താരം ഇസ്മായീൽ ഗോൺകാൽവസ് ഇസ്മയുടെ ക്രോസിലാണ് ഥാപ്പ മിന്നൽ ഷോട്ടിൽ ജാംഷഡ്പൂരിൻെറ വലകുലുക്കിയത്.
ഫസ്റ്റ് ടച്ചിൽ തന്നെ ഗോൾ വഴങ്ങിയതോടെ ജാംഷഡ്പൂരിൻെറ കളി താളം തെറ്റി. മുന്നേറ്റത്തിന് മൂർച്ചകുറഞ്ഞു. അതിനിടക്ക് 26ാം മിനിറ്റിൽ ഒരു പെനാൽറ്റിയും ലഭിച്ചതോടെ ചെന്നൈയിൻ വീണ്ടും മുന്നിലെത്തി. കിക്കെടുത്ത ഇസ അനായാസം ഗോളുമാക്കി. എന്നാൽ, ആദ്യ പകുതിക്ക് മുമ്പ് തന്നെ 37ാം മിനിറ്റിൽ ജാംഷഡ്പൂർ തിരിച്ചടിച്ചു. കഴിഞ്ഞ സീസണിൽ ചെന്നൈയിൻ എഫ്.സിയുെട താരമായിരുന്ന ലിത്വാനിയക്കാരൻ നെരിജസ് വാൾസ്കിസാണ് ഗോൾ നേടിയത്.
രണ്ടാം പകുതിയിൽ സമനിലക്കായി പൊരുതിക്കളിച്ചെങ്കിലും ജാംഷഡ്പൂരിന് ലക്ഷ്യം കണാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.