ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസണിൽ പ്ലേഓഫ് സ്വപ്നവുമായി മുന്നേറുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിനു പിന്നിലെ പ്രധാന ഊർജം മുന്നേറ്റനിരക്കാരൻ ദിമിത്രിയോസ് ഡിയമന്റകോസിന്റെ സാന്നിധ്യമാണ്.
15 കളികളിൽ ഒമ്പതു ഗോളുമായി ബ്ലാസ്റ്റേഴ്സിന്റെ ഗോൾനേട്ടക്കാരനിൽ ഒന്നാമനും ലീഗിലെ നാലു രണ്ടാം സ്ഥാനക്കാരിൽ ഒരാളുമാണ് ഗ്രീക് താരം. ബ്ലാസ്റ്റേഴ്സ് നേടിയ 25 ഗോളുകളിൽ മൂന്നിലൊന്നും പിറന്നത് ഈ 29കാരൻ വഴി. ശരിക്കും ബ്ലാസ്റ്റേഴ്സിന്റെ ഡയമണ്ടാണ് ഡിയമന്റകോസ്.
സീസണിലെ ആദ്യ നാലു കളികളിലും ഗോൾ നേടാനാവാതെ ഉഴറിയശേഷമായിരുന്നു ഡിയമന്റകോസിന്റെ ഗോളടിമേളം. പിന്നീടുള്ള അഞ്ചു മത്സരങ്ങളിലും ഗോൾ നേടിയ താരം ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ തുടർച്ചയായ അഞ്ചു മത്സരങ്ങളിൽ സ്കോർ ചെയ്യുന്ന ആദ്യ താരമെന്ന നേട്ടവും കരസ്ഥമാക്കി.
അവസാന 11 കളികളിലാണ് ഡിയമന്റകോസിന്റെ ഒമ്പതു ഗോളുകളും. ആദ്യമായി ഇരട്ട ഗോൾ നേടിയത് കഴിഞ്ഞദിവസം നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ. സീസൺ തുടങ്ങുമ്പോൾ മറ്റൊരു വിദേശതാരം അപോസ്തലൗസ് ജിയാനൗ ആയിരിക്കും ബ്ലാസ്റ്റേഴ്സ് ഗോളിനായി കൂടുതൽ ആശ്രയിക്കുന്ന താരം എന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
എന്നാൽ, കളി മുറുകിയതോടെ ഡിയമന്റകോസാണ് ഗോളടിവീരൻ എന്ന് ആരാധകർ തിരിച്ചറിഞ്ഞു. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിന് ചുക്കാൻപിടിച്ച അൽവാരോ വാസ്ക്വസും ജോർഹെ പെരേര ഡയസും ക്ലബ് വിട്ടത് ആരാധകർക്ക് ഏറെ നിരാശ പകർന്നിരുന്നു.
പുതുതായെത്തുന്നവർ ഒത്ത പകരക്കാരാവുമോ എന്നതായിരുന്നു ആരാധകരുടെ ആശങ്ക. ജിയാനൗ ഇപ്പോഴും ആരാധകരുടെ മനസ്സ് തണുപ്പിച്ചിട്ടില്ലെങ്കിലും ഡിയമന്റകോസ് ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന സ്കോറർ ആണെന്ന് ഓരോ മത്സരം കഴിയുമ്പോഴും തെളിയിക്കുന്നു.
ഗ്രീസ് ദേശീയ ടീമിനായി അഞ്ചു മത്സരങ്ങൾ കളിച്ചിട്ടുള്ള ഡിയമന്റകോസ് എല്ലാ ഏജ് ഗ്രൂപ്പുകളിലും ദേശീയ ജഴ്സിയണിഞ്ഞിട്ടുണ്ട്. ഗ്രീസിലെ പ്രമുഖ ക്ലബായ ഒളിമ്പിയാകോസിന്റെ യൂത്ത് ടീമിലൂടെ വളർന്നശേഷം മൂന്നു സീസണിൽ ഒളിമ്പിയാകോസ് സീനിയർ ടീമിലും കളിച്ചു. ഗ്രീസിലെ വിവിധ ക്ലബുകൾക്കും ജർമൻ ലീഗിലും കളിച്ചശേഷം 2020ൽ ക്രൊയേഷ്യൻ ക്ലബ് ഹയ്ദുക് സ് പ്ലിറ്റിലെത്തി.
വായ്പാടിസ്ഥാനത്തിൽ ഇസ്രായേൽ ക്ലബ് അഷ്ദോദിനും പന്തുതട്ടിയശേഷമാണ് ഈ സീസണിൽ ബ്ലാസ്റ്റേഴ്സിലെത്തിയത്. ഡിയമന്റകോസ് കഴിഞ്ഞാൽ ഇവാൻ കലിയൂഷ്നി (4), സഹൽ അബ്ദുസ്സമദ് (3), അഡ്രിയാൻ ലൂന (3), ജിയാനൗ (2) എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രധാന സ്കോറർമാർ.
മുംബൈ സിറ്റിയും (42) ഹൈദരാബാദ് എഫ്.സിയും (35) സെമിഫൈനൽ ഏറക്കുറെ ഉറപ്പിച്ചിരിക്കെ നാലു പ്ലേഓഫ് ടീമുകളെ തീരുമാനിക്കാനുള്ള പോരാട്ടത്തിൽ മുൻപന്തിയിലാണ് ബ്ലാസ്റ്റേഴ്സിപ്പോൾ. ബ്ലാസ്റ്റേഴ്സ് (28), എ.ടി.കെ മോഹൻ ബഗാൻ (27), എഫ്.സി ഗോവ (26), ബംഗളൂരു എഫ്.സി (22), ഒഡിഷ എഫ്.സി (22) എന്നീ ടീമുകളാണ് പ്ലേഓഫ് പ്രതീക്ഷയിലുള്ളത്. ഇതിൽ ഗോവയും ബംഗളൂരുവും ഒരു മത്സരം കൂടുതൽ കളിച്ചിട്ടുണ്ട്.
ഈസ്റ്റ് ബംഗാൾ (ഫെബ്രു. മൂന്ന്, എവേ), ചെന്നൈയിൻ എഫ്.സി (ഫെബ്രു. ഏഴ്, ഹോം), ബംഗളൂരു (ഫെബ്രു. 11, എവേ), എ.ടി.കെ (ഫെബ്രു. 18, എവേ), ഹൈദരാബാദ് (ഫെബ്രു. 26, ഹോം) എന്നിവയാണ് ബ്ലാസ്റ്റേഴ്സിന്റെ ശേഷിക്കുന്ന മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.