മുംബൈ: അഞ്ച് മാസത്തിലധികം നീളുന്ന ഇന്ത്യൻ സൂപ്പർ ലീഗ് 2022-23 സീസണിന്റെ ലീഗ് റൗണ്ട് മത്സരങ്ങൾക്ക് കഴിഞ്ഞ ദിവസം കൊച്ചിയിൽ സമാപനമായപ്പോൾ പതിവിൽനിന്ന് വ്യത്യസ്തമായി ആറ് ടീമുകൾ ബാക്കി. മുൻ സീസൺ വരെ ആദ്യ നാല് സ്ഥാനക്കാർക്കായിരുന്നു പ്ലേഓഫ് പ്രവേശനം. ഇവർ രണ്ട് പാദങ്ങളിലായി സെമി ഫൈനൽ കളിച്ച് ഫൈനലിലേക്ക് യോഗ്യത നേടുകയായിരുന്നു ഇതുവരെ.
എന്നാൽ, ഇത്തവണ മുതൽ ആദ്യ ആറ് സ്ഥാനക്കാർ അടുത്ത റൗണ്ടിലേക്ക് കടക്കുന്നതാണ് രീതി. ഇവരിൽ രണ്ട് ടീമുകൾ നേരിട്ട് സെമിയിലെത്തിയിട്ടുണ്ട്. ബാക്കി നാല് കൂട്ടർ പ്ലേഓഫിലൂടെയും മുന്നേറും. മുംബൈ സിറ്റി എഫ്.സിയും ഹൈദരാബാദ് എഫ്.സിയുമാണ് അവസാന നാലിൽ ആദ്യമേ ഇടംപിടിച്ചിരിക്കുന്നത്. എ.ടി.കെ മോഹൻബഗാൻ, ബംഗളൂരു എഫ്.സി, കേരള ബ്ലാസ്റ്റേഴ്സ്, ഒഡിഷ എഫ്.സി എന്നിവരാണ് മൂന്നു മുതൽ ആറുവരെ സ്ഥാനങ്ങളിൽ.
20ൽ 14 മത്സരങ്ങളും ജയിച്ച് 46 പോയന്റോടെ ഒന്നാമതെത്തിയ മുംബൈ സിറ്റിയുടെ പ്രകടനം എടുത്തുപറയണം. നാല് മത്സരങ്ങൾ സമനിലയിലായപ്പോൾ അവസാന ഘട്ടത്തിൽ മാത്രം രണ്ട് കളികൾ തോറ്റു. ബംഗളൂരുവും ഈസ്റ്റ് ബംഗാളുമാണ് ഒറ്റ ഗോൾ വ്യത്യാസത്തിൽ മുംബൈയെ മറികടന്നവർ. നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് 13ഉം ജയിച്ച് 42 പോയന്റോടെ രണ്ടാമതുണ്ട്. കുറെ നാൾ മൂന്നാം സ്ഥാനത്തു നിന്ന ബ്ലാസ്റ്റേഴ്സ് പക്ഷേ, ലീഗ് തീരാൻ നേരം തുടർച്ചയായ തോൽവികൾ ഏറ്റുവാങ്ങി അഞ്ചാമതായി അവസാനിപ്പിച്ചു. 2022ലെ റണ്ണറപ്പാണ് മഞ്ഞപ്പട.
നോർത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ കാര്യമാണ് ദയനീയം. ഐ.എസ്.എൽ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം നടത്തിയ ടീം ഒറ്റക്കളിയിൽ മാത്രം ജയിച്ചപ്പോൾ 17ലും തോറ്റു തുന്നംപാടി. ഡിസംബർ 24ന് ബഗാനോട് 1-0ത്തിന് വിജയിച്ചതാണ് ഏക ആശ്വാസം. ലീഗിൽ ഏറ്റവും കുറച്ച് ഗോൾ (20) അടിച്ചതും കൂടുതൽ (55) വഴങ്ങിയതും നോർത്ത് ഈസ്റ്റ് തന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.