ജാംഷഡ്പുർ/ജയ്പുർ: ഇടവേളക്കുശേഷം ഇന്ത്യയിൽ ഫുട്ബാൾ ലീഗ് മത്സരങ്ങൾ പുനരാരംഭിക്കുന്നു. ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ രണ്ടാംപാദ പോരാട്ടങ്ങൾക്ക് ബുധനാഴ്ചയും ഐ ലീഗിന് വ്യാഴാഴ്ചയും തുടക്കമാവും. ജാംഷഡ്പുർ എഫ്.സി ആതിഥ്യമരുളുന്ന ഇന്നത്തെ ഐ.എസ്.എൽ മത്സരം ഇവർ നോർത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സിയെ നേരിടും. രാജസ്ഥാൻ യുനൈറ്റഡ് എഫ്.സിയും നാംധാരി എഫ്.സിയും തമ്മിലാണ് ഐ ലീഗിൽ നാളത്തെ കളി.
ഐ.എസ്.എൽ പോയന്റ് പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയാണ് നിലവിൽ മുന്നിൽ. 12 മത്സരങ്ങളിൽ മഞ്ഞപ്പടക്കുള്ളത് 26 പോയന്റ്. 10 കളികളിൽ 24 പോയന്റുള്ള എഫ്.സി ഗോവ കനത്ത ഭീഷണിയാണ് ബ്ലാസ്റ്റേഴ്സിന്. സൂപ്പർ കപ്പിൽ ദയനീയ പ്രകടനം നടത്തി ഗ്രൂപ് റൗണ്ടിൽത്തന്നെ പുറത്തായിരുന്നു ഇവാൻ വുകുമനോവിച്ചിന്റെ ശിഷ്യർ. ഐ.എസ്.എൽ ആദ്യ പാദത്തിലെ മികവ് തുടരാൻ കഴിയുമോയെന്ന് കണ്ടറിയണം. വെള്ളിയാഴ്ച ഭുവനേശ്വറിൽ ഒഡിഷ എഫ്.സിക്കെതിരെ ബ്ലാസ്റ്റേഴ്സ് ഇറങ്ങും. ഇന്ന് ഏറ്റുമുട്ടുന്ന നോർത്ത് ഈസ്റ്റ് (12) ആറും ജാംഷഡ്പുർ (9) 12ഉം സ്ഥാനത്താണ്. പുതിയ പരിശീലകനായ ഖാലിദ് ജമീലിനു കീഴിൽ സൂപ്പർ ലീഗ് സെമിയിലെത്തിയ ജാംഷഡ്പുർ തിരിച്ചുവരവ് പ്രതീക്ഷയിലാണ്.
രണ്ടു തവണ ഐ ലീഗ് ചാമ്പ്യന്മാരായ ടീമാണ് ഗോകുലം കേരള എഫ്.സി. ഇത്തവണ പക്ഷേ പ്രതീക്ഷക്ക് വകയില്ലാത്ത രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. 11 മത്സരങ്ങളിൽ 17 പോയന്റുമായി ആറാം സ്ഥാനത്താണ് മലബാറിയൻസ്. ബ്ലാസ്റ്റേഴ്സിനെപ്പോലെ ഗോകുലത്തിനും സൂപ്പർ കപ്പിൽ മുന്നേറാനായില്ല. വെള്ളിയാഴ്ച ഡൽഹി എഫ്.സിക്കെതിരായ എവേ മത്സരത്തിലൂടെ കേരള സംഘം പോരാട്ടങ്ങൾ പുനരാരംഭിക്കും. 27 പോയന്റുമായി മുഹമ്മദൻസ് എസ്.സിയാണ് ഐ ലീഗ് പട്ടികയിൽ ഒന്നാമത്. റിയൽ കശ്മീർ (20) രണ്ടാം സ്ഥാനത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.