റോം: ബാഴ്സലോണയിൽ നിലനിൽപ് അപകടത്തിലായി ഇറ്റലിയിലെ യുവൻറസിലേക്ക് പറക്കാൻ ശ്രമിച്ച ലൂയി സുവാരസിന് പുതിയ തിരിച്ചടിയായി ഭാഷ വിവാദം. പൗരത്വം ലഭിക്കാൻ ഇറ്റാലിയൻ ഭാഷ പരിശോധനയിൽ വിജയിക്കണമെന്ന ചട്ടം കുറുക്കുവഴിയിൽ മറികടക്കാൻ ശ്രമിച്ചെന്ന വെളിപ്പെടുത്തലാണ് താരത്തിന് കുരുക്കായത്. ചോദ്യങ്ങൾ നേരത്തേ അയച്ചുകൊടുത്ത് ഉത്തരങ്ങൾ പറയിപ്പിക്കുകയായിരുെന്നന്നും ഇറ്റാലിയൻ ഭാഷ സുവാരസിന് അറിയില്ലെന്നായിരുന്നുമായിരുന്നു റിപ്പോർട്ട്. വെളിപ്പെടുത്തൽ വന്നതോടെ ഇറ്റാലിയൻ പൊലീസ് അന്വേഷണം ആരംഭിച്ചു.
രണ്ട് മണിക്കൂർ കൊണ്ട് ഉത്തരമെഴുതേണ്ട പരീക്ഷ അര മണിക്കൂറിനുള്ളിൽ പൂർത്തിയാക്കി സ്ഥലംവിട്ടതോടെയാണ് താരം സംശയത്തിന്റെ നിഴലിലായത്.
സുവാരസിന്റെ ഭാര്യ സോഫിയ ബാൽബിക്ക് ഇറ്റാലിയൻ പാസ്‌പോർട്ടുണ്ട്. ഇറ്റാലിയന്‍ പൗരത്വമുള്ളവരുടെ വൈവാഹിക പങ്കാളിക്ക് ഇറ്റാലിയന്‍ പാസ്പോർട്ട് ലഭിക്കാന്‍ എളുപ്പമായതിനാലാണ് സുവാരസ് അപേക്ഷ നൽകിയതും പരീക്ഷയെഴുതിയതും. യുവൻറസിലേക്കു കൂടുമാറാനും അവിടെനിന്ന് വിരമിച്ച ശേഷം ഇറ്റലിയില്‍ തന്നെ തുടരാനുമായിരുന്നു താരത്തിെൻറ പദ്ധതി എന്നാണറിയുന്നത്.
പെറുജിയ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ സെപ്തംബർ 17 നാണ് സുവാരസ് പരീക്ഷയെഴുതിയത്. 'ബി വൺ' വിഭാഗത്തിലുള്ള പരീക്ഷ പ്രതീക്ഷിച്ചതിലും വേഗത്തിൽ പൂർത്തിയാക്കി താരം സ്ഥലംവിടുകയായിരുന്നു. ഇതാണ് അധികൃതരുടെ സംശയത്തിന് ഇടയാക്കിയത്. ഇറ്റാലിയനിൽ സംസാരിക്കാൻ കഴിവില്ലാത്ത സുവാരസിന് മുൻകൂർ ചോദ്യം ലഭിക്കാതെ ഇത്രയെളുപ്പം പരീക്ഷ പൂർത്തിയാക്കാൻ കഴിവില്ലെന്നും മാധ്യമപ്രവർത്തകരുമായി ഇറ്റാലിയനിൽ സംസാരിക്കാൻ പോലും താരത്തിനാവില്ലെന്നും പ്രോസിക്യൂട്ടർ ആരോപിക്കുന്നു. എന്നാൽ, ഭാര്യയുടെ സഹായത്തോടെ ഇറ്റാലിയൻ പഠിച്ച സുവാരസിന് ഭാഷാ പരീക്ഷ എളുപ്പമാണെന്നും ക്രമക്കേട് ഉണ്ടായിട്ടില്ലെന്നുമാണ് താരവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നത്.
യുവൻറസിലേക്ക് കൂടുമാറുമെന്ന് കരുതപ്പെട്ടിരുന്ന സുവാരസ് പക്ഷേ, ബാഴ്‌സ വിട്ടാലും സ്‌പെയിനിൽ തന്നെ തുടരുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. മുൻ ലീഗ് ചാമ്പ്യന്മാരായ അത്‌ലറ്റികോ മാഡ്രിഡ് താരത്തെ സ്വന്തമാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.