പീഡനക്കേസിൽ പ്രാഥമിക തെളിവുകൾ പ്രതിയാക്കിയ ഡാനി ആൽവസ് ജയിലിലടക്കപ്പെട്ടതിനു പിറകെ ഒരു ബ്രസീൽ താരത്തിനു കൂടി സമാന കേസിൽ ജയിൽ ശിക്ഷ. മുമ്പ് ബ്രസീൽ മുന്നേറ്റത്തിലെ പതിവു സാന്നിധ്യമായിരുന്ന റൊബീഞ്ഞോക്കാണ് കുരുക്ക്. മിലാൻ ടീമിനൊപ്പം കളിക്കുന്നതിനിടെ 2013 ജനുവരിയിൽ ഇറ്റലിയിൽ വെച്ച് അൽബേനിയൻ യുവതിയെ പീഡിപ്പിച്ചെന്നാണ് കേസ്. സുഹൃത്ത് റിക്കാർഡോ ഫാൽക്കോയും പ്രതിയാണ്.
കേസിൽ 2017ൽ ആദ്യ വിധി വന്നെങ്കിലും താരം ബ്രസീലിലായതിനാൽ ശിക്ഷ നടപ്പാക്കിയിരുന്നില്ല. അപ്പീൽ കോടതിയും തുടർന്ന് സുപ്രീം കോടതിയും വധി ശരിവെച്ചതോടെയാണ് ശിക്ഷ നടപ്പാക്കാൻ റൊബീഞ്ഞോയെ വിട്ടുനൽകാൻ ആവശ്യവുമായി ബ്രസീൽ സർക്കാറിനെ ഇറ്റലി സമീപിച്ചത്. എന്നാൽ, സ്വന്തം രാജ്യത്തുള്ള പൗരനെ വിദേശത്ത് ശിക്ഷ നടപ്പാക്കാൻ വിട്ടുനൽകുന്നത് ബ്രസീൽ നിയമത്തിന് എതിരാണ്. ഇതു മുൻനിർത്തി താരത്തിന് ശിക്ഷ ബ്രസീലിൽ തന്നെ നടപ്പാക്കണമെന്നാണ് ഇറ്റലിയുടെ ആവശ്യം.
ഇറ്റലിയുടെ കത്ത് ലഭിച്ചിട്ടുണ്ടെന്നും ഇതേ കുറിച്ച് പഠിച്ചുവരികയാണെന്നും ബ്രസീൽ നീതിന്യായ മന്ത്രാലയം അറിയിച്ചു. അതേ സമയം, ആരോപണം തുടക്കം മുതൽ റൊബീഞ്ഞോ നിഷേധിച്ചിട്ടുണ്ട്.
സ്പാനിഷ് നഗരമായ ബാഴ്സലോണയിലെ നൈറ്റ് ക്ലബിൽ യുവതിയെ പീഡിപ്പിച്ച കേസിൽ ബ്രസീൽ താരം ഡാനി ആൽവസ് ആഴ്ചകളായി ജയിലിൽ കഴിയുകയാണ്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ജയിലിലാക്കിയത്. താരം ബ്രസീലിലേക്ക് കടന്നാൽ, തിരിച്ചെത്തില്ലെന്നു പറഞ്ഞാണ് ജാമ്യം നിഷേധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.