റോം: തുർക്കിക്കെതിരെ അനായാസ ജയവുമായി ഇറ്റലി യൂറോ കപ്പ് 2020ന് ജയത്തോടെ കിക്കോഫ് കുറിച്ചു. റോമിലെ സ്റ്റേഡിയോ ഒളിമ്പിക്കോയിൽ വെള്ളിയാഴ്ച നടന്ന മത്സരത്തിൽ 3-0ത്തിനായിരുന്നു മുൻ ലോകജേതാക്കളുടെ വിജയം. സിറോ ഇമ്മൊബൈൽ, ലോറൻസോ ഇൻസിഗ്നെ എന്നിവരാണ് അസൂറികൾക്കായി ലക്ഷ്യം കണ്ടത്. ഒരു ഗോൾ തുർക്കി താരം മെറിഹ് ഡെമിറാലിന്‍റെ വകയായിരുന്നു. യൂറോകപ്പിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് പ്രഥമ ഗോൾ സെൽഫ് ഗോളാകുന്നത്.
ആദ്യ പകുതിയിൽ പ്രതിരോധക്കോട്ട കെട്ടി കളിച്ച തുർക്കി ഇറ്റലിയെ ഗോളടിക്കാൻ വിട്ടില്ല. ഗോൾരഹിതമായിരുന്നു ആദ്യ പകുതി. 53ാം മിനിറ്റിൽ പോസ്റ്റിന്‍റെ വലതു വശത്ത് നിന്നള ഡൊമനികോ ബെറാഡി തൊടുത്തുവിട്ട ക്രോസ് തുർക്കി ഡിഫൻഡർ മെറിഹ് ഡെമിറാലിന്‍റെ ശരീരത്തിൽ തട്ടി വലയിലായതോടെ യൂറോ കപ്പിലെ ആദ്യ ഗോൾ വീണത്.
66ാം മിനിറ്റിൽ ലിയനാർഡോ സ്പിനാസോലയുടെ ഡ്രൈവ് തുർക്കി ഗോൾകീപ്പർ തട്ടിയിട്ടെങ്കിലും ലഭിച്ചത് ഇമൊബൈലിന്‍റെ കാലിലായിരുന്നു. അവസരം കാത്തുനിന്ന ഇമ്മൊൈബൽ ലൂസ് ബോൾ പിഴവുകളില്ലാതെ ലക്ഷ്യത്തിലെത്തിച്ച് ടീമിന്‍റെ ലീഡ് ഇരട്ടിയാക്കി.
79ാം മിനിറ്റിൽ ഇമൊബൈലിന്‍റെ പാസിൽ മഴവിൽ ഗോളിലൂടെ ഇൻസിഗ്ന പട്ടിക തികച്ചു. യൂറോയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇറ്റലി ഒരു മത്സരത്തിൽ മൂന്ന് ഗോൾ നേടുന്നത്. യൂറോയിൽ തുർക്കി തുടർച്ചയായ അഞ്ചാം ഉദ്ഘാടന മത്സരമാണ് തോൽക്കുന്നത്. ഇന്ന് നടക്കുന്ന രണ്ട് മത്സരത്തിൽ വെയ്ൽസ് സ്വിറ്റ്സർലൻഡിനെയും ഡെൻമാർക്ക് ഫിൻലൻഡിനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.