റോം: ഗോളുകളേറെ പിറന്നില്ലെങ്കിലും കളിയഴകിെൻറ മഹോത്സവം സമ്മാനിച്ച 90 മിനിറ്റിനൊടുവിൽ ഒന്നിനെതിരെ രണ്ടു ഗോളിന് ബെൽജിയത്തെ വീഴ്ത്തി അസൂറികൾ യൂറോ 2020 സെമിയിൽ. ഇത്തവണ യൂറോക്കെത്തിയ ഏറ്റവും മികച്ച ടീമെന്ന വിശേഷണവുമായി ബൂട്ടുകെട്ടിയ ഇറ്റലിയും ലോക ഒന്നാം നമ്പറുകാരായ ബെൽജിയവും തമ്മിൽ െകാണ്ടും കൊടുത്തും മൈതാനം നിറഞ്ഞ ആവേശത്തിനൊടുവിലായിരുന്നു ബറേലയും ഇൻസൈനും നേടിയ ഗോളുകളിൽ അസൂറിപ്പടയോട്ടം. ലുക്കാക്കു പെനാൽറ്റി ഗോളാക്കി ബെൽജിയത്തിന് ആശ്വാസ ഗോൾ സമ്മതാനിച്ചു. ഇതോടെ, തുടർച്ചയായ 13 വിജയവും 32 കളികളിൽ തോൽവിയറിയാത്ത കുതിപ്പുമായി ഇറ്റലി അപൂർവ നേട്ടത്തിനരികെയാണ്.
അക്ഷരാർഥത്തിൽ ചാമ്പ്യന്മാരെ പോലെ കളി നയിച്ച ഇറ്റലി തുടക്കത്തിലേ ലീഡ് പിടിച്ച് വരാനിരിക്കുന്നതിനെ കുറിച്ച സൂചന നൽകിയിരുന്നു. പ്രതിരോധ കോട്ട കാത്ത മൂവർ സംഘത്തെ മനോഹരമായി വെട്ടിച്ചുകടന്ന് വെടിച്ചില്ലുകണക്കെ പായിച്ച ഷോട്ടിലായിരുന്നു നികൊളോ ബറേല 13ാം മിനിറ്റിൽ ലീഡ് നൽകിയത്്. ആദ്യ പകുതിയിൽ തന്നെ രണ്ടാം ഗോളും പിറന്നു. മൈതാന മധ്യത്തിൽനിന്ന് ഒറ്റക്കു കുതിച്ച് അതിവേഗ ഗോളുമായി ഇൻസൈൻ ആയിരുന്നു ഇത്തവണ സ്കോറർ- ഈ യൂറോ കണ്ട ഏറ്റവും മികച്ച ഗോളുകളിലൊന്ന്. എന്നിട്ടും തളരാതെ പൊരുതിയ ബെൽജിയത്തിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ലുക്കാക്കു അനായാസം വലയിലാക്കി.
രണ്ടാം പകുതിയിലും മൈതാനം നിറഞ്ഞുപറന്ന മുന്നേറ്റങ്ങൾ ഒട്ടേറെ കണ്ടെങ്കിലും സ്കോർ ബോർഡ് അനങ്ങിയില്ല.
ഒരു വശത്ത്, ഏറ്റവും മികച്ച ടീമുകളിലൊന്നിനെ അണിനിരത്തി ഏവരെയും ഞെട്ടിച്ചാണ് ബെൽജിയം എത്തിയതെങ്കിൽ, ജയിക്കാൻ മാത്രമറിയുന്നവരെന്ന വിശേഷണവുമായാണ് അസൂറികൾ അവസാന എട്ടിൽ കൊമ്പുകൊരുക്കാൻ ഇറങ്ങിയത്. ഗ്രൂപ് റൗണ്ടിൽ ഒരു േഗാൾ പോലും വഴങ്ങാതെ മൂന്നും ജയിച്ചവർക്കുപക്ഷേ, പ്രീ ക്വാർട്ടറിൽ ആസ്ട്രിയയെക്കെതിരെ എക്സ്ട്രാ ടൈം വരെ കാത്തിരിക്കേണ്ടിവന്നു. മൂന്നു വർഷത്തിനിടെ ടീം കുറിച്ച വലിയ കുതിപ്പ് ഇനി കപ്പ് ചുണ്ടോടു ചേർക്കാൻ സഹായിക്കുമോ എന്നാണ് ആരാധകർ കാത്തിരിക്കുന്നത്.
മറുവശത്ത്, 2018ലെ ലോകകപ്പിൽ മൂന്നാമെതത്തിയതൊഴിച്ചാൽ വലിയ നേട്ടങ്ങൾ അടുത്തെങ്ങും ബെൽജിയം ഷോകേസിൽ എത്തിയിട്ടില്ല. 1980ൽ ജർമനിക്കെതിരെ ഫൈനൽ കളിച്ചതാണ് യൂറോയിലെ വലിയ നേട്ടം. അന്ന് തോൽവിയുമായി മടങ്ങുകയും ചെയ്തു. പരിക്കുവലച്ച ഹസാഡിനെ കരക്കിരുത്തിയാണ് വെള്ളിയാഴ്ച ടീം ഇറങ്ങിയത്. ഡി ബ്രൂയിനും ലുക്കാക്കുവും ടീലെമെൻസും ചേർന്ന് പട നയിച്ചെങ്കിലും ഇറ്റാലിയൻ കോട്ട തകർക്കാനായില്ല. ആദ്യ പകുതിയിൽ ആക്രമണവും രണ്ടാം പകുതിയിൽ പ്രതിരോധവുമായി കൃത്യമായി ഗൃഹപാഠം ചെയ്തായിരുന്നു ഇറ്റലിയുടെ നീക്കം.
12ാം തവണയാണ് ഇറ്റലി യൂറോയിൽ അവസാന എട്ടിൽ ഇറങ്ങുന്നത്. വിങ്ബാക്ക് ലിയോനാർഡോ സ്പിനസോള പരിക്കുമായി മടങ്ങിയത് ഇറ്റലിക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.