ബെർലിൻ: യൂറോ കപ്പ് നോക്കൗട്ട് മത്സരങ്ങൾക്ക് തിരശ്ശീല ഉയരുന്ന ബെർലിൻ കളിമുറ്റത്ത് ആദ്യ പ്രീക്വാർട്ടറിൽ ശനിയാഴ്ച നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി സ്വിറ്റ്സർലൻഡിനെതിരെ.
നീണ്ട 31 വർഷത്തിനിടെ ഒരിക്കൽപോലും അസൂറികളെ വീഴ്ത്താനായില്ലെന്ന പേരുദോഷം മായ്ക്കാനാണ് സ്വിറ്റ്സർലൻഡ് ഇറങ്ങുന്നതെങ്കിൽ ചാമ്പ്യൻപട്ടത്തിലേക്ക് വഴി എളുപ്പമാക്കിയെടുക്കലാണ് ഇറ്റലിക്ക് മുന്നിൽ. ഈ വർഷം രാജ്യാന്തര മത്സരങ്ങളിൽ തോൽവി അറിയാതെയാണ് സ്വിസ് പട ഇതുവരെയും എത്തിയിരിക്കുന്നത്. 2023ൽ യോഗ്യത ഘട്ടത്തിലാണ് ടീം അവസാനമായി കളി തോറ്റത്.
എന്നാൽ, ബെർലിനിലെ ഒളിമ്പിയ സ്റ്റേഡിയത്തിൽ നിറയെ മധുരിക്കും ഓർമകളാണ് ഇറ്റലിക്ക് പ്രതീക്ഷ. 2006 ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ പെനാൽറ്റിയിൽ വീഴ്ത്തി ടീം കപ്പുയർത്തിയിരുന്നു. ഏറെ മുമ്പ് 1936 ഒളിമ്പിക് ഫൈനലിൽ ഓസ്ട്രിയയെ 2-1നും ടീം മറികടന്നിരുന്നു. ഇതത്രയും പഴയ കഥകളാണെങ്കിൽ ഇത്തവണ യൂറോയിൽ അൽപം പരുഷമാണ് അസൂറികൾക്ക് മുന്നിലെ യാഥാർഥ്യങ്ങൾ.
ഏറ്റവും മികച്ച ടീമുകളിലൊന്നായിട്ടും അൽബേനിയക്കെതിരായ ആദ്യ ഗ്രൂപ് മത്സരത്തിൽ തുടക്കത്തിലേ ഗോൾ വഴങ്ങിയാണ് തുടക്കം കുറിക്കുന്നത്. രണ്ടെണ്ണം തിരിച്ചടിച്ച് കളി ജയിച്ചെങ്കിലും പിന്നീട് സ്പാനിഷ് അർമഡക്ക് മുന്നിൽ ഏകപക്ഷീയമായ ഒരു ഗോളിന് തോൽവിയറിഞ്ഞു.
ക്രൊയേഷ്യക്കെതിരായ അവസാന മത്സരത്തിലാകട്ടെ ഓരോ ഗോളടിച്ച് സമനിലയുമായി ഗ്രൂപ് റണ്ണറപ്പായാണ് നോക്കൗട്ടിലെത്തിയത്.
മറുവശത്ത്, സ്വിസുകാർക്കും വലിയ മാറ്റങ്ങളില്ലാത്തതാണ് വിശേഷങ്ങൾ. ആദ്യ കളിയിൽ ഹംഗറിയെ 3-1ന് വീഴ്ത്തിയ ടീം സ്കോട്ലൻഡിനെതിരെയും ആതിഥേയരായ ജർമനിക്കെതിരെയും സമനില പാലിച്ചു. ഇറ്റലിയുമായി ടീം സമീപകാലത്ത് ഏറ്റുമുട്ടിയത് 2022 ലോകകപ്പ് യോഗ്യത പോരാട്ടത്തിലാണ്.
രണ്ടുകളികളും സമനിലയിൽ കലാശിച്ചെന്നു മാത്രമല്ല സ്വിറ്റ്സർലൻഡ് ഗ്രൂപ് ചാമ്പ്യന്മാരായി യോഗ്യത നേടുകയും ചെയ്തു. മാസിഡോണിയയോട് കളി തോറ്റ ഇറ്റലി പുറത്തായത് സമാനതകളില്ലാത്ത നാണക്കേടുമായി. തുടർച്ചയായ രണ്ടാം ലോകകപ്പിലാണ് ഇറ്റലി അങ്ങനെ യോഗ്യത കടമ്പ കടക്കാനാവാതെ പുറത്താകുന്നത്.
സ്വിസ് ടീമിൽ യാൻ സോമർ, റികാർഡോ റോഡ്രിഗസ്, റെമോ ഫ്രൂളർ, നോഹ് ഒകാഫർ, മൈക്കൽ ഈബിഷർ, ഡാൻ എൻഡോയെ, ഡെന്നിസ് സക്കറിയ, സിൽവൻ വിഡ്മർ, ഷെർദാൻ ഷകീരി എന്നിവരൊക്കെയും ഇറ്റാലിയൻ സീരി എയിൽ കളിച്ചവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.