കാഞ്ഞങ്ങാട്: പണ്ടൊക്കെ സ്കൂൾ വിട്ടാൽ നേരെ ബാഗ് വീട്ടിലെ മുറിയിൽ വലിച്ചെറിഞ്ഞു ചായയും കുടിച്ച് എത്രയും പെട്ടെന്ന് ഓടിയെത്തുന്നത് നാട്ടുമ്പുറങ്ങളിലെ കളിസ്ഥലങ്ങളിലേക്കായിരുന്നു. വാശിയേറിയ കളി കഴിഞ്ഞാൽ വൈകീട്ട് ഒരുമിച്ചിരുന്നു കുശലം പറഞ്ഞിരുന്ന കളിസ്ഥലങ്ങൾ ഇപ്പോൾ ഇല്ലാതായിരിക്കുന്നു.
നാട്ടുമ്പുറങ്ങളിലടക്കം സിന്തറ്റിക് ടർഫുകൾ കീഴടക്കുകയാണ്. കളിസ്ഥലങ്ങളുടെ സ്ഥാനത്ത് ഇന്ന് വീടുകളോ ഓഡിറ്റോറിയങ്ങളോ മറ്റു കെട്ടിടങ്ങളോ നിറഞ്ഞതോടെ കളിമൈതാനങ്ങൾ ഇല്ലാതായി. പാടങ്ങൾ വരെ നികത്തി കെട്ടിടങ്ങൾ പണിതുയർത്തിയത് നാട്ടുമ്പുറങ്ങളിലെ ഗ്രൗണ്ടുകളില്ലാതാക്കി. വലിയ തുക ചെലവഴിച്ചാണ് ഗ്രാമീണ മേഖലകളിൽപോലും അത്യാധുനിക സ്വകാര്യ കളിസ്ഥലങ്ങൾ രൂപം കൊണ്ടത്.
മണിക്കൂറിന് 1500 രൂപ മുതലാണ് ചെറുകിട സ്വകാര്യ കളിസ്ഥലങ്ങളുടെ വാടക. ടൂർണമെന്റുകൾ സംഘടിപ്പിക്കാനും നാടൻ ടീമുകൾക്ക് പരിശീലനം നടത്താനുമൊക്കെ പ്രത്യേക പാക്കേജുകൾ നൽകും. വൈകുന്നേരങ്ങളിലും രാവിലെയും കളിസ്ഥലങ്ങൾ ബാഡ്മിന്റൺ ഉൾപ്പെടെയുള്ള കളികൾക്കായി വിഭജിച്ചുനൽകും. സ്ഥിരമായി കളിക്കാനെത്തുന്നവർ മാസം നിശ്ചിത തുക നൽകിയാൽ മതിയാകും.
രാവിലെയും വൈകുന്നേരങ്ങളിലും ഫിറ്റ്നസ് ലക്ഷ്യത്തോടെ ബാഡ്മിന്റൺ കളിക്കാനും മറ്റും എത്തുന്നവർ ഏറെയാണ്. ഒരു ഫിറ്റ്നസ് സെന്ററിന്റെ പ്രയോജനമാണ് ഇക്കാര്യത്തിൽ സ്വകാര്യ കളിസ്ഥലങ്ങൾ നൽകുന്നത്. ആഡംബര വിവാഹ ചടങ്ങുകൾ, പാർട്ടികൾ, മൾട്ടിനാഷനൽ കമ്പനികളുടെ ബിസിനസ് മീറ്റുകൾ എന്നിവക്കും ഇത്തരം മൈതാനങ്ങൾ വാടകക്ക് ലഭ്യമാകും. വ്യത്യസ്തമായ ആംപിയൻസ് ലഭിക്കുന്ന കളിസ്ഥലങ്ങളിലേക്ക് ഇത്തരം ചടങ്ങുകൾ മാറ്റുന്നത് പുതിയ ട്രെൻഡായി മാറിയിട്ടുണ്ട്. ഇത്തരം പരിപാടികൾക്കും പ്രത്യേക ഫീസ് ഘടനയാണുള്ളത്.
കോവിഡ് പ്രതിസന്ധിയുയർത്തിയതോടെ കളിയാരവങ്ങളില്ലാതെ ജില്ലയിലെ ടര്‍ഫ് മൈതാനങ്ങള്‍ നാശത്തിലേക്ക് പോയിരുന്നു. പ്രതിസന്ധി രൂക്ഷമായതോടെ മാസങ്ങളായി മൈതാനങ്ങള്‍ അടഞ്ഞുകിടക്കുകയായിരുന്നു.
കളി മുടങ്ങിയതോടെ ടര്‍ഫുകളുടെ പരിപാലനവും താറുമാറായിരുന്നു. ഭൂമി പാട്ടത്തിനെടുത്ത് ടര്‍ഫ് നിർമിച്ചവര്‍ക്ക് വാടക കൊടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയുണ്ടായി. ഇതിന്റെ പരിപാലന ചെലവും താങ്ങാവുന്നതിലപ്പുറമാണ്. ചിലയിടങ്ങളില്‍ മഴകൊണ്ടും മറ്റും ലൈറ്റ്, ഇലക്ട്രിക് സംവിധാനങ്ങൾ എല്ലാം താറുമാറായി.
കാഞ്ഞങ്ങാട്, കാസര്‍കോട്, തൃക്കരിപ്പൂര്‍ ഭാഗങ്ങളിലായി 40നുമുകളിൽ ടര്ഫുകളാണുള്ളത്. ടര്‍ഫും എല്‍.ഇ.ഡി ഫ്ലഡ് ലൈറ്റുകളും ഗ്രൗണ്ടിന് ഇരുമ്പുവലകൊണ്ടുള്ള ആവരണവും എല്‍.ഇ.ഡി സ്ക്രീനുള്ള മൈതാനത്തിന്റെ ചെലവ് 25 ലക്ഷം മുതല്‍ അരക്കോടി രൂപ വരെയാണ്. കൂടാതെ ജീവനക്കാരുടെ ശമ്പളവും വൈദ്യുതി ചാര്‍ജുമടക്കം ഇരുപതിനായിരത്തിലധികം രൂപയാണ് പ്രതിമാസത്തെ മറ്റ് ചെലവുകള്‍.
പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ചെത്തിയ യുവാക്കളാണ് പലയിടങ്ങളിലായി വാടകക്ക് ടര്‍ഫ് മൈതാനങ്ങളൊരുക്കിയിട്ടുള്ളത്. ചിലര്‍ ഇതിനായി ബാങ്കില്‍നിന്ന് ലോണുകള്‍ വരെയെടുക്കുകയുണ്ടായി. ടർഫുകള്‍ നിറഞ്ഞതോടെ ഓരോ പ്രദേശത്തിന്റെയും മുഖച്ഛായതന്നെ മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.