കൊൽക്കത്ത: ഇന്ത്യൻ മിഡ്ഫീൽഡർമാരായ ആഷിഖ് കുരുണിയൻ, സഹൽ അബ്ദുസ്സമദ് തുടങ്ങിയവരോട് സ്കോർ ചെയ്യാൻ ഉപദേശിച്ച് പരിശീലകൻ ഇഗർ സ്റ്റിമാക്. ആഷിഖും സഹലും ഉദാന്ത സിങ്ങും മൻവീർ സിങ്ങും ലിസ്റ്റൻ കൊളാസോയുമെല്ലാം ഗോളടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും സുനിൽ ഛേത്രിയില്ലാതെ കളിക്കാൻ പഠിച്ചുതുടങ്ങണമെന്നും കംബോഡിയക്കെതിരായ മത്സരത്തിന് ശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ആക്രമണത്തിലെ പ്രധാന ആയുധങ്ങളാണ് ആഷിഖും ഉദാന്തയുമെന്ന് സ്റ്റിമാക് പറഞ്ഞു. ക്ലബ്ബിന് വേണ്ടി എങ്ങനെ കളിക്കുന്നുവെന്ന് താൻ ശ്രദ്ധിക്കാറില്ല. അതിവേഗത്തിൽ എതിരാളിയെ ആക്രമിക്കണം. ആഷിഖ്, സഹൽ, ഉദാന്ത, മൻവീർ, കൊളാസോ എന്നിവരിൽനിന്ന് ഗോളുകൾ പ്രതീക്ഷിക്കുന്നതായും കോച്ച് വ്യക്തമാക്കി.
ഛേത്രിയെ അമിതമായി ആശ്രയിക്കുന്നത് നിർത്താൻ സമയമായെന്നും സ്റ്റിമാക് സൂചിപ്പിച്ചു. വീണ്ടും ഛേത്രിയാണ് സ്കോർ ചെയ്തത്. മറ്റുള്ളവർ ശ്രമിച്ചെങ്കിലും ഫലപ്രാപ്തിയുണ്ടായില്ല. ആവശ്യത്തിന് അനുസരിച്ച് തെരഞ്ഞെടുക്കാൻ അത്ര വലിയ താരനിര ഇന്ത്യക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗോൾ വഴങ്ങാതിരുന്നതിൽ സന്തോഷമുണ്ടെന്നും ടീം ഇനിയും മെച്ചപ്പെടാനുണ്ടെന്നും ഛേത്രിയും പറഞ്ഞു.
കംബോഡിയക്കെതിരെ രണ്ട് തവണയും സ്കോർ ചെയ്തത് ക്യാപ്റ്റനാണ്. ഇതോടെ ഛേത്രിയുടെ സമ്പാദ്യത്തിൽ 82 അന്താരാഷ്ട്ര ഗോളുകളായി. രണ്ടാം മത്സരത്തിൽ ശനിയാഴ്ച ഇന്ത്യ അഫ്ഗാനിസ്താനെയും ഹോങ്കോങ് കംബോഡിയയെയും നേരിടും. ഗ്രൂപ് ഡിയിൽ മൂന്ന് പോയന്റുമായി ആതിഥേയരാണ് ഒന്നാമത്. അഫ്ഗാനെ തോൽപിച്ചാൽ ഇന്ത്യ യോഗ്യതയിലേക്ക് ഒരുപടി കൂടി അടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.